Connect with us

Malappuram

കാലിക്കറ്റ് സര്‍വകലാശാല അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌

Published

|

Last Updated

തേഞ്ഞിപ്പലം: സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ കേവലം നാല് പിറന്നാള്‍ കൂടി മാത്രം ബാക്കി നില്‍ക്കെ ദേശീയതല റാങ്കിംഗ് ഗണ്യമായി ഉയര്‍ത്താനും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനും കാലിക്കറ്റ് സര്‍വകലാശാല വിപുലമായ പരിപാടികള്‍ നടപ്പാക്കും.
രാജ്യത്തെ 600 ഓളം സര്‍വകലാശാലകളില്‍ 26-ാം സ്ഥാനത്തേക്ക് ഉയര്‍ന്ന കാലിക്കറ്റ് നിലവില്‍ വളര്‍ച്ചാനിരക്കില്‍ ഏറ്റവും മുന്നിലാണ്.
സുവര്‍ണ ജൂബിലി വര്‍ഷമാവുമ്പോഴേക്കും കാലിക്കറ്റിനെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് 46-ാം പിറന്നാള്‍ ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുല്‍ സലാം പ്രസ്താവിച്ചു. റാങ്കിംഗ് ആദ്യത്തെ പത്തില്‍ ഉള്‍പ്പെടുത്തുന്നവിധം ഉയര്‍ത്തുന്നതിനായി അടിസ്ഥാന സൗകര്യ വികസനത്തിനും കാലാനുസൃതമായ പാഠ്യപദ്ധതി ഒരുക്കുന്നതിനും അധ്യാപന മികവുയര്‍ത്തുന്നതിനും ഊന്നല്‍ നല്‍കും.അഞ്ച് ജില്ലകളില്‍ 410 കോളജുകളും 30 പഠനവകുപ്പുകളും ഓഫ് ക്യാമ്പസ് സെന്ററുകളുമുള്ള കാലിക്കറ്റ് സര്‍വകലാശാല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സര്‍വകലാശാലകളില്‍ ഒന്നാണ്.
വിദ്യാര്‍ഥികളുടെ എണ്ണം മുന്ന് ലക്ഷത്തിലേറെയാണ്. പ്രതിവര്‍ഷം 12000-ത്തിലേറെ പരീക്ഷകള്‍ നടത്തുന്നു. 550 ഏക്കര്‍ വിസ്തീര്‍ണമുള്ള വിശാലമായ മുഖ്യ ക്യാമ്പസില്‍ ഒരു ലക്ഷം ചതുരശ്ര മീറ്റര്‍ കെട്ടിടങ്ങളുണ്ട്. ആസ്ഥാനമായ തേഞ്ഞിപ്പലം ക്യാമ്പസില്‍ മാത്രം അധ്യാപകരും മറ്റു ജീവനക്കാരുമായി 2100 ലേറെ പേര്‍ സേവനമനുഷ്ഠിക്കുന്നു. 14 ഫാക്കല്‍റ്റികള്‍ക്ക് കീഴില്‍ 12 പഠന ബോര്‍ഡുകളും അതിന് പുറമെ ഗവേഷണത്തിനായി പ്രത്യേക ഡയറക്റ്ററേറ്റും സ്വാശ്രയ കോഴ്‌സുകള്‍ക്കായി മറ്റൊരു ഡയറക്ടറേറ്റും കാലിക്കറ്റിന്റെ സവിശേഷതയാണ്. പരിസ്ഥിതി സംരക്ഷത്തിനും സുസ്ഥിര വികസനത്തിനും സര്‍വകലാശാല ഊന്നല്‍ നല്‍കുന്നത് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ക്യാമ്പസിലെ വിവിധ ഭാഗങ്ങളില്‍ 5000 ത്തോളം മഴക്കുഴികള്‍ നിര്‍മിച്ചതും മൂന്ന് വലിയ കുളങ്ങള്‍ കുഴിച്ചതും ക്യാമ്പസിലും പരിസര ഗ്രാമങ്ങളിലും ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താന്‍ സഹായകമായി. 900 മാവിന്‍ തൈകളും 4600 മറ്റ് ഫലവൃക്ഷങ്ങളും 5000 മറ്റു വൃക്ഷങ്ങളും ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ക്യാമ്പസില്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രഥമ സമ്പര്‍ക്ക ഡിജിറ്റല്‍ കാമ്പസായി കാലിക്കറ്റ് മാറികഴിഞ്ഞു. ഡി ഡി എഫ്എസ് (ഡിജിറ്റല്‍ ഡോക്യുമെന്റ്‌സ് ഫയലിംഗ് സിസ്റ്റം). സമ്പ്രദായത്തിലൂടെ പേപ്പര്‍ ഫയലുകള്‍ ഒഴിവാക്കിയത് വിപ്ലവകരമായ വ്യതിയാനമായി. ഫയല്‍ നീക്കങ്ങള്‍ അതിവേഗത കൈവരിച്ചു.
പഠന വിഭാഗങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ വ്യാപകമാക്കിയത് പഠന നിലവാരം ഉയരാനും കാലികമാക്കാനും ഏറെ സഹായകമായതായും ഡോ. എം അബ്ദുല്‍ സലാം പറഞ്ഞു. വിവിധ പരിശീലന പരിപാടികളിലൂടെ വിദ്യാര്‍ഥികളുടെ എംപ്ലോയബിലിറ്റി മെച്ചപ്പെടുത്തി. അവരെ തൊഴില്‍ വിപണിയില്‍ മത്സര ക്ഷമതയുള്ളവരാക്കി വളരാന്‍ അവസരമൊരുക്കി.
പ്രസവാവധിക്ക് ശേഷം പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിനികള്‍ക്ക് സഹായകമായ വിധത്തില്‍ എം സി എ കോഴ്‌സിന്റെ ചട്ടങ്ങള്‍ പരിഷ്‌കരിച്ചത് ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കാര്യം വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി.
സര്‍വകലാശാലക്ക് കീഴിലെ കോളജ് ക്യാമ്പസുകളില്‍ ഹരിതവത്കരണം വ്യാപകമാക്കുന്നതിനായി ബെസ്റ്റ് ഗ്രീന്‍ അവാര്‍ഡ് സര്‍വകലാശാല പ്രഖ്യാപിച്ചു. കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തതും സമീപകാലത്ത് ദേശീയ ശ്രദ്ധ നേടിയ സംഭവമാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. പ്രോ-വൈസ് ചാന്‍സലര്‍ കെ രവീന്ദ്രനാഥ്, സിന്റിക്കേറ്റംഗം പ്രൊഫ. കെ എ സിറാജ്, ഫിനാന്‍സ് ഓഫീസര്‍ കെ പി .രാജേഷ്‌സംബന്ധിച്ചു.

 

Latest