ടെന്നീസ് പന്തായാലും സ്‌പോര്‍ട്ടിംഗ് താരങ്ങള്‍ ഗോളടിക്കും

Posted on: July 24, 2013 12:41 am | Last updated: July 24, 2013 at 12:41 am

ന്യൂഡല്‍ഹി: ഐ ലീഗില്‍ പുതിയ ഉയരങ്ങള്‍ ലക്ഷ്യമിടുകയാണ് സ്‌പോര്‍ട്ടിംഗ് ഗോവ. കഴിഞ്ഞ തവണ ആറാം സ്ഥാനം. ഇത്തവണ ടോപ് ഫൈവിലെത്തണം. സ്പാനിഷ് കോച്ച് ഓസ്‌കര്‍ ബ്രുസന്റെ ലക്ഷ്യമിതാണ്. ഫുട്‌ബോള്‍ ഗ്രൗണ്ടിലേക്ക് തള്ളിവിട്ടുള്ള പരിശീലനമുറകളില്‍ ബ്രുസന് താത്പര്യമില്ല. കണിശതയും കൃത്യതയും പുതിയ അറിവുകളും കളിക്കാര്‍ സ്വായത്തമാക്കണം. ഒരു ടെന്നീസ് ബോള്‍ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ ഫുട്‌ബോള്‍ വളരെ അനായാസം കൈകാര്യം ചെയ്യാമെന്നാണ് ബ്രുസന്‍ പഠിപ്പിക്കുന്നത്.
എത്രമാത്രം അനായാസമായി കളിക്കാന്‍ സാധിക്കുമോ അത്രമാത്രം നേട്ടം കൊയ്യാം.സ്പാനിഷ് കോച്ചിന്റെ തിയറിയില്‍ ക്ലബ്ബിന് വിശ്വാസമുണ്ട്. അതുകൊണ്ടാണ് മൂന്ന് വര്‍ഷത്തേക്ക് പുതിയ കരാര്‍ നല്‍കിയത്. സെല്‍റ്റ വിഗോയില്‍ സ്‌ട്രൈക്കറായിരുന്ന ബ്രൂസന്‍ അവിടെ ആദ്യം ശീലിച്ചത് ടെന്നീസ് ബോള്‍ നിയന്ത്രണത്തിലാക്കാനാണ്. ട്രാപ് ചെയ്ത് ഡ്രിബ്ലിംഗ് ചെയ്ത് മുന്നേറാനായിരുന്നു ആദ്യകാലത്തെ പരിശീലനം. അതുപോലെ റഗ്ബി ബോളും പരിശീലനത്തിന് നല്ലതാണ്. അതിന്റെ ബൗണ്‍സ് എവിടേക്കാണെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. ഇത് മുന്‍കൂട്ടി അറിയാനുള്ള ശ്രദ്ധ ഉണ്ടാക്കിയെടുത്താല്‍ ഫുട്‌ബോളര്‍ക്ക് ഗുണം ചെയ്യും. അവസരോചിത പ്രതികരണ ശേഷി വര്‍ധിക്കും. പ്രതിരോധ നിരക്കാരന് ഏറ്റവുമധികം വേണ്ട ഗുണവും ഇതു തന്നെ.
വിംബിള്‍ഡണും അണ്ടര്‍ 20 ലോകകപ്പ് മത്സരങ്ങളുമൊക്കെ ചര്‍ച്ച ചെയ്താണ് ക്യാമ്പ് പുരോഗമിക്കുന്നത്. റാഫേല്‍ നദാലിനെ ഏറെ ഇഷ്ടപ്പെടുന്ന ബ്രുസോണ്‍ ടെന്നീസിനെയും ഫുട്‌ബോളിനെയും ബന്ധിപ്പിക്കുന്ന കണ്ണിയായി മാറുന്നു.
ബ്രുസന്റെ ക്യാമ്പില്‍ ഇന്ത്യയുടെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാഗ്ദാനമുണ്ട്. ഡൗസന്‍ ഫെര്‍നാണ്ടസ്. ആഗസ്റ്റ് പതിനാലിന് താജിക്കിസ്ഥാനെതിരായ ഫിഫ രാജ്യാന്തര സൗഹൃദ മത്സരത്തിനുള്ള ടീമിലേക്കാണ് ഫെര്‍നാണ്ടസിനെ സെലക്ട് ചെയ്തത്.
ആദ്യ ട്രെയ്‌നിംഗ് സെഷനില്‍ ഡൗസനെ അഭിനന്ദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു സ്പാനിഷ് കോച്ച്. തന്റെ ടീമില്‍ നിന്നായിരിക്കും ഇന്ത്യയുടെ സൂപ്പര്‍ ഭാവി സൂപ്പറുകളുണ്ടാവുകയെന്നും ബ്രുസോണ്‍ ഉറപ്പ് പറയുന്നു.