Connect with us

Ongoing News

സ്‌നേഹ തടാകങ്ങള്‍ സൂക്ഷിക്കുക

Published

|

Last Updated

പരിശുദ്ധ റമസാനിലെ കരുണയുടെയും കനിവിന്റെയും ദിനരാത്രങ്ങള്‍ കടന്നു പോയി. ഹൃദയം നിറഞ്ഞുള്ള പ്രാര്‍ഥനയായിരുന്നു പത്ത് ദിനങ്ങളിലും. നാഥന്‍ സത്യവിശ്വാസികളോട് കല്‍പ്പിച്ച സദ്കര്‍മമാണ് പ്രാര്‍ഥന. സദാ പ്രാര്‍ഥിക്കുന്നവന്റെ മനസ്സും ചിന്തയും പരിശുദ്ധിയുടെ വഴിത്താരയിലൂടെയാണ് വ്യാപരിക്കുക.

റഹ്മത്തിന്റെ പത്ത് ദിനങ്ങളില്‍ നാം പ്രാര്‍ഥിച്ചത് കരുണ നിറഞ്ഞ ഒരു ഹൃദയത്തിനും ജീവിതത്തില്‍ കാരുണ്യം ലഭിക്കാനും വേണ്ടിയായിരുന്നു. സ്വന്തം ബീജത്തില്‍ പിറന്ന പിഞ്ചുബാലനെ ഒരു പിതാവും രണ്ടാനമ്മയും തല്ലിച്ചതച്ച രംഗം മനഃസാക്ഷിയെ വല്ലാതെ മുറിപ്പെടുത്തുന്നതാണ്.
ചെറിയവരോട് കാരുണ്യവും വലിയവരോട് ബഹുമാനവും കാണിക്കണമെന്നാണ് മുഹമ്മദ് നബി (സ) നമ്മോടുണര്‍ത്തിയത്. അവിടുന്നു കുട്ടികളോടൊപ്പം കളിച്ചു. വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ സ്വന്തം വീട്ടിലെത്തിച്ചു സംരക്ഷിക്കാനാവശ്യപ്പെട്ടു. റസൂല്‍ (സ) ലോകത്തോട് പറഞ്ഞു. “ആരെങ്കിലും പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് കരുണയും സ്‌നേഹവും നിഷേധിച്ചാല്‍ അവന്‍ വിശ്വാസിസമുഹത്തില്‍ പെട്ടവനല്ല”.
പക്ഷെ, കാലഘട്ടം ആധുനികതയെ പുണര്‍ന്നപ്പോള്‍ ഗര്‍ഭാശയത്തില്‍ വെച്ചു തന്നെ പെണ്‍കുഞ്ഞിനെ നശിപ്പിക്കുകയാണ്. ലബോറട്ടറികളും ആശുപത്രികളും നാം മനുഷ്യത്വമുണ്ടെന്നു കരുതുന്ന ഭിഷഗ്വരന്‍മാരും ഇതിനു സൗകര്യം ചെയ്തുകൊടുക്കുന്നു. പെണ്‍ഭ്രൂണങ്ങള്‍ കൂട്ടമായി നശിപ്പിച്ചു കളയുന്ന ദാരുണ അവസ്ഥയാണിന്നും നിലനില്‍ക്കുന്നത്.
പരിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്. “എന്ത് പാപത്തിന്റെ പേരിലാണീ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടത്” ? നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മൃഗീയത പൂണ്ട മനുഷ്യമനസ്സുകള്‍ക്കിടയിലേക്കാണ് ഖുര്‍ആന്‍ ഈ ചോദ്യം ഉന്നയിച്ചതെങ്കിലും പിഞ്ചു ഹൃദയങ്ങളെ തല്ലിച്ചതച്ച് മരണത്തിലേക്ക് തള്ളിവിടുന്ന ആധുനിക നരാധമന്‍മാരോടും ഈ ചോദ്യം തന്നെയാണ് ഖുര്‍ആനിനു ഉന്നയിക്കാനുണ്ടാകുക. എന്തിനു വേണ്ടിയാണീ ബാല്യങ്ങള്‍ ~ഒന്നൊന്നായി കൊല്ലപ്പെടുന്നത്’.
മക്കള്‍ ജീവിതത്തിലെ സൗഭാഗ്യ ശലഭങ്ങളാണ്. നിഷ്‌കളങ്കതയുടെ ആ നോട്ടവും നിഷ്‌കപടതയുടെ ചിരിയും നിര്‍മലമായ പറ്റിച്ചേരലുമെല്ലാം ഏതൊരു പിതാവിനും മാതാവിനും ശാന്തിയുടെ ഹരിതതീരം സൃഷ്ടിക്കുന്നു.
എങ്ങനെയാണ് നിഷ്‌കളങ്കരായ ബാല്യങ്ങളെ നമുക്ക് നഷ്ടപ്പെടുത്താന്‍ കഴിയുന്നത്? സ്വര്‍ഗത്തിലെ രാപ്പാടികളെന്നാണ് പിഞ്ചുമക്കളെ പുണ്യ റസൂല്‍ (സ) വിശേഷിപ്പിച്ചത്. അവിടുത്തെ പേരക്കിടാങ്ങളായ ഹസന്‍ (റ) ഹുസൈന്‍ (റ) എന്നിവരോട് വളരെ വാത്സല്യം പുലര്‍ത്തി. അവര്‍ക്കായി പ്രാര്‍ഥിച്ചു. സദാ കൂടെ നടത്തിച്ചു. അവരുടെ ഇരുകവിളിലും സ്‌നേഹചുംബനം നല്‍കി അരുമയോടെ തലോടി.
ഈ മാതൃക പിന്‍പറ്റാന്‍ എല്ലാ രക്ഷിതാക്കളോടും കരുണയുടെ ദൂതന്‍ കല്‍പ്പിച്ചു.
പരിശുദ്ധ റമസാനിലെ സുകൃത പാഠങ്ങളില്‍ പ്രഥമമായത് കരുണയുടെ അധ്യായമാണ്. കാരുണ്യം അല്ലാഹുവിന്റെ സവിശേഷ ഗുണമാണ്. റമസാനിലെ പ്രഥമ പത്ത് ദിനങ്ങളെ കരുണയുടെ ഗൃഹപാഠങ്ങളാക്കി മാറ്റാനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍കൊണ്ട് നോമ്പിന്റെ കര്‍മകാണ്ഡത്തെ ശുദ്ധീകരിക്കാനും കല്‍പ്പിച്ചു.
എന്താണ് കരുണ? മുഹമ്മദ് നബി (സ) യോട് അനുചരരില്‍ ഒരാള്‍ ചോദിച്ചു. നിനക്ക് ഇഷ്ടമുള്ളവരോടും വേണ്ടപ്പെട്ടവരോടും കാണിക്കുന്ന ദയാവായ്പും സ്‌നേഹവുമല്ല കരുണ… അത് സമൂഹത്തിനു മൊത്തത്തില്‍ ഉപകാരപ്രദമാകുന്ന ഒന്നായിരിക്കണം. ഈ പാഠം ഒരാവര്‍ത്തി കൂടി നാം വിലയിരുത്തുക. എങ്കിലേ പാപമോചനത്തിന്റെ വഴികളില്‍ നിര്‍മല ഹൃദയരാകാന്‍ കഴിയൂ…

 

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ

Latest