അഡ്വാനിയെ മൂലക്കിരുത്തരുത്: ശത്രുഘ്‌നന്‍ സിന്‍ഹ

Posted on: July 23, 2013 11:39 pm | Last updated: July 23, 2013 at 11:39 pm

shatrughan-sinha-bypassന്യൂഡല്‍ഹി: ലോക്‌സഭാ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ നരേന്ദ്ര മോഡിക്കെതിരെ പോര്‍മുഖം തുറന്ന് ബി ജെ പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. പാര്‍ട്ടിയിലെ താക്കോല്‍സ്ഥാനം മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനിക്ക് ആയിരിക്കണമെന്നും ബി ജെ പിക്ക് വേണ്ടി പരമാവധി അര്‍പ്പിച്ച അഡ്വാനിയെ മൂലക്കിരുത്തിക്കൂടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രചാരണ കമ്മിറ്റിയുടെ നിലവിലെ പ്രവര്‍ത്തനത്തെ സിന്‍ഹ അതിരൂക്ഷമായി വിമര്‍ശിച്ചു. സുഷമ സ്വരാജ്, യശ്വന്ത് സിന്‍ഹ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ നിലപാടുകളെ മറികടക്കുന്നതില്‍ അദ്ദേഹം ദുഃഖം പ്രകടിപ്പിച്ചു. മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആകണമോയെന്ന കാര്യം പാര്‍ലിമെന്ററി ബോര്‍ഡ് ആണ് തീരുമാനിക്കേണ്ടത്. മോഡി ജനകീയനായി ഉയര്‍ന്നു വരുന്നുണ്ടെങ്കിലും എല്‍ കെ അഡ്വാനിയുടെ ജനകീയതയുടെ അടുത്തെത്തില്ല. അഡ്വാനിയാണ് ഏറ്റവും മുതിര്‍ന്ന നേതാവ്. അദ്ദേഹമാണ് പാര്‍ട്ടിയെ നയിക്കേണ്ടതും. വാജ്‌പേയി രാഷ്ട്രീയത്തിന്റെ പിതാവാണെങ്കില്‍ അഡ്വാനി തലതൊട്ടപ്പനാണെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
അഡ്വാനിയുടെ പ്രധാന അനുയായിയായി അറിയപ്പെടുന്ന ശത്രുഘ്‌നന്‍ സിന്‍ഹ, വാജ്പയി മന്ത്രിസഭയില്‍ അംഗമായിരുന്നു.