റമസാന്‍ ഫലവര്‍ഗ വിപണിയില്‍ വിദേശികുത്തക

Posted on: July 23, 2013 7:40 am | Last updated: July 23, 2013 at 7:40 am

FRUITSകല്‍പറ്റ: നോമ്പുകാലത്ത് ഫലവര്‍ഗങ്ങളില്‍ വിദേശി കുത്തകയാണ്. വിപണിയില്‍ ലഭ്യമാവുന്ന ആപ്പിള്‍ മിക്കതും വിദേശത്തുനിന്നുള്ളവയാണ്. ന്യൂസിലന്റിന്റെ റോയല്‍ഗലയാണ് ആപ്പിളിലെ വിലകൂടിയ ഇനം. കിലോ 180190 ആണ് വില. അമേരിക്കയുടെ ഗ്രീന്‍ ആപ്പിളിന് 170-180. ചിലി ആപ്പിളിനും ഇതേ വിലയാണ്. 
ആസ്‌ത്രേലിയന്‍ ആപ്പിളുമുണ്ട്, വില 170. ചൈനയുടെ ഫുജിയാണ് വില കുറവുള്ളത്- 140. ഇതിനാണ് വിപണിയില്‍ പ്രിയം. ഇന്ത്യന്‍ ആപ്പിളുകളുടെ സ്ഥാനം ചൈന കൈയടക്കിയിരിക്കുകയാണ്. ഇന്ത്യന്‍ ആപ്പിളുകള്‍ ഇതുവരെ വിപണിയില്‍ എത്തിയിട്ടില്ല.പാകിസ്ഥാന്റെ ‘നുഴഞ്ഞുകയറ്റം’. പാകിസ്താന്‍ കാരക്കയാണ് ഇന്ത്യന്‍ വിപണി കൈയടക്കിയിരിക്കുന്നത്. കാരക്കയ്ക്ക് കിലോ 75 മുതല്‍ 140 വരെയാണ് വില. ഈത്തപ്പഴം കൂടുതല്‍ എത്തുന്നത് ദുബൈയില്‍നിന്നാണ്. ഒമാന്‍, സൗദി, ഇറാഖ്, ഇറാന്‍, അല്‍ജീരിയ, തുണീസ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള വിവിധ ഇനങ്ങളും വിപണിയിലുണ്ട്.
ഇറാഖിന്റെ ഫറാറിയാണ് വിലയില്‍ കുറഞ്ഞത്. കിലോവിന് 80. സൗദിയുടെ അജ്വയാണ് കൂടിയ ഇനം. 4,000 രൂപയാണിതിന്. സൗദിയുടെ സഫാവി 500, ടുനീഷ്യന്‍ 250 മുതല്‍ 300 വരെ. ഒമാന്‍ ഫര്‍ദ് 130. ഈത്തപ്പഴത്തിലെ മഹാരാജാവായ ജോര്‍ദാനില്‍നിന്നുള്ള മെഡ്‌ജോളിന് 1,400 രൂപയാണ് വില. അത്തിപ്പഴത്തിന് 300 മുതല്‍ 600 വരെയാണ് കിലോയ്ക്ക്.
അഫ്ഗാനിസ്താന്‍, ഇറാന്‍ എന്നിവിടങ്ങളില്‍നിന്നാണ് അത്തിപ്പഴമെത്തുന്നത്. അഫ്ഗാന്റെയും ഇറാന്റെയും സന്തതിയായ ആപ്രിക്കോട്ടുമുണ്ട്. 200 മുതല്‍ 280 വരെയാണ് വില. ആപ്രിക്കോട്ട് ഉണങ്ങുന്നതിനുമുമ്പേ പറിച്ചെടുത്ത് അത്തിപ്പഴ രൂപത്തിലാക്കുന്ന ഇനവുമുണ്ട്. ഓറഞ്ച് നിറമുള്ള ഇതിന് അലൂച്ച എന്നാണ് പേര്. 220 മുതല്‍ 300 വരെയാണ് വില. ഇതും അഫ്ഗാന്റേതാണ്.
അക്രോട്ടിന് (വാള്‍നട്ട്) 220 മുതല്‍ 330 വരെയാണ് കിലോയ്ക്ക് വില. ഇത് കശ്മീരിയാണ്. ഉണക്കപ്പഴങ്ങള്‍ തേനിലിട്ടതിനും മിക്‌സഡ് ഫ്രൂട്ട്‌സിനും ആവശ്യക്കാരേറെയുണ്ട്. കിലോ 600 മുതല്‍ 100 വരെയാണ് വില.
മുസമ്പി ഇനത്തില്‍ ഈജിപ്തിന്റെ സിട്രാസ് ആണ് മുമ്പന്‍. ഓറഞ്ച് നിറമുള്ള ഇതിന് 80-100 ആണ് വില. തൂത്തുക്കുടി മുസമ്പി ഒന്നാംതരത്തിന് 40 രൂപയാണ് കിലോയ്ക്ക്.
രണ്ടാംതരം 20 രൂപ. ഇതിന് വലിപ്പം കുറവാണ്. മലേഷ്യയുടെ മാങ്കോസ്റ്റിനുമുണ്ട്. 280-300 രൂപ. അനാര്‍ (റുമ്മാന്‍ പഴം) കാബൂളില്‍നിന്നാണ്, 120 രൂപ. ഇന്ത്യന്‍ അനാറുമുണ്ട്. ഇതിന് 100 രൂപ. ഇതിനുപുറമെ വിദേശി പഴങ്ങളായ കിവി 300, റംബൂട്ടാന്‍ 240, ന്യൂസിലന്റ് മുന്തിരി 250 എന്നിവയും സുലഭം. സീതപ്പഴം-60, പ്ലംസ്-70, ഊട്ടിയുടെ വാള്‍പേരി- 80 എന്നീ ഫലങ്ങളുമുണ്ട്. മുന്തിരിക്ക് കറുപ്പിന് 40-50, റോസ് 60-70 എന്നിങ്ങനെയാണ് വില. മഴക്കാലമായിട്ടും തണ്ണിമത്തനെ വിപണി കൈവിട്ടിട്ടില്ല. ഇന്ത്യന് 18ഉം ഇറാന്‍ തണ്ണിമത്തന് 20ഉം ആണ് വില. കൈതച്ചക്ക കിലോ 35-40. ഇതിനുപുറമെ പഴങ്ങളുടെ രാജാവായ മാമ്പഴവുമുണ്ട്. 30-40 രൂപയാണ് വില. നേന്ത്രപ്പഴത്തിന് പൊള്ളുന്ന വിലയാണ്. ഉന്നക്കായയും പഴംപൊരിയും ഉണ്ടാക്കാന്‍ നേന്ത്രപ്പഴം കിലോയ്ക്ക് 50 മുതല്‍ 55 രൂപ വരെ നല്‍കി വാങ്ങണം. അതിനിടെ, മഴക്കാലമായതിനാല്‍ പഴ വിപണിയില്‍ കച്ചവടം കുറഞ്ഞിട്ടുണ്ടെന്ന് വ്യപാരികള്‍ പറയുന്നു.