Connect with us

Palakkad

ഉമ്മന്‍ ചാണ്ടിക്കും ജോസഫിനും രൂക്ഷ വിമര്‍ശം

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കിടിയിലെ ശിശു മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രി കെ സി ജോസഫിന്റെയും പരാമര്‍ശങ്ങള്‍ക്കെതിരെ വിവിധ തലങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശം. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കിടയിലെ പോഷകാഹാര പ്രശ്‌നങ്ങള്‍ക്ക് കാരണം ആദിവാസികള്‍ ഭക്ഷണം കഴിക്കാത്തതാണെന്നാണ് മുഖ്യമന്ത്രി അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. അട്ടപ്പാടിയിലെ ശിശുമരണത്തിന് മുഖ്യകാരണം ഗര്‍ഭിണികള്‍ മദ്യപിക്കുന്നത് കൊണ്ടാണെന്ന പ്രസ്താവനയുമായി മന്ത്രി കെ സി ജേസഫും രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.

ആദിവാസികള്‍ക്കിടയിലെ ശിശുമരണ നിരക്ക് തടയാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി ആദിവാസികളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത് കേരള സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സി പി ഐ കുറ്റപ്പെടുത്തി. യു ഡി എഫ് മന്ത്രിസഭയിലെ അംഗങ്ങളായ എം കെ മുനീര്‍, പി കെ ജയലക്ഷ്മി, അടൂര്‍ പ്രകാശ് എന്നിവര്‍ അട്ടപ്പാടി സന്ദര്‍ശിച്ച വേളയില്‍ സര്‍ക്കാറിന് വീഴ്ചപറ്റിയെന്ന് കുറ്റസമ്മതം നടത്തിയതാണ്. സോളാര്‍ അഴിമതിയില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ആദിവാസികളെ പരിഹസിക്കുന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അട്ടപ്പാടി മദ്യ നിരോധ മേഖലയാണ്. അവിടെ മദ്യം അരങ്ങു തകര്‍ക്കുന്നുവെങ്കില്‍ അത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണെന്ന് ഗോത്രവര്‍ഗ കൂട്ടായ്മയായ തമ്പ് ഭാരവാഹികള്‍ പറഞ്ഞു. തമ്പ് നടത്തിയ ആരോഗ്യ നിരീക്ഷണ സര്‍വേയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പോഷകാഹാര കുറവ് കണ്ടെത്തിയിരുന്നു. അതില്‍ പങ്കെടുത്ത എല്ലാ മാതാക്കളുടെയും ആരോഗ്യ സ്ഥിതി ആശങ്കാജനകമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ യാഥാര്‍ഥ്യങ്ങളറിയാതെ നിരാലംബരായ ജനതക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് തമ്പ് ഭാരവാഹികള്‍ പറഞ്ഞു.
ആദിവാസികളെ അപമാനിച്ച മുഖ്യമന്ത്രിക്കും മന്ത്രിക്കുമെതിരെ കേസെടുക്കണമെന്ന് അഖിലേന്ത്യാ ആദിവാസി മഹാസഭ ജനറല്‍ സെക്രട്ടറി ഈശ്വരി രേശന്‍ പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു. അതേസമയം, മന്ത്രി കെ സി ജേസഫിന്റെ അഭിപ്രായം ഗൗരവത്തിലെടുക്കുമെന്ന് കേരള മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി എ കെ സുല്‍ത്താന്‍ അഭിപ്രായപ്പെട്ടു.
അട്ടപ്പാടിയില്‍ ന്യൂനപക്ഷം സ്ത്രീകള്‍ മാത്രമേ മദ്യപിക്കുന്നുള്ളൂവെന്നും പോഷകാഹാരത്തിന്റെ കുറവ് കൂടി ഇവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കുള്ളതിന്റെ ഫലമാണ് ശിശുമരണങ്ങള്‍ സംഭവിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.