Connect with us

Palakkad

ഫണ്ട് അനുവദിച്ചിട്ട് മാസങ്ങള്‍; റോഡ് നിര്‍മാണത്തിന് നടപടിയില്ല

Published

|

Last Updated

പട്ടാമ്പി: ഫണ്ട് അനുവദിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കോളജ് റോഡിന് ശാപമോക്ഷമായില്ല. പട്ടാമ്പി- പാലക്കാട് റോഡിനെയും ചെര്‍പ്പുളശ്ശേരി റോഡിനെയും ബന്ധിപ്പിക്കുന്ന അര കിലോമീറ്ററില്‍ താഴെയുള്ള കോളജ് റോഡാണ് ഫണ്ട് അനുവദിക്കപ്പെട്ടിട്ടും ചെളിക്കുളമായി കിടക്കുന്നത്. ഓങ്ങല്ലൂര്‍, പട്ടാമ്പി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡിപ്പോള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. റോഡരികില്‍ അഴുക്ക് ചാല്‍ ഇല്ലാത്തത് ദുരിതത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.

ഗവ. സംസ്‌കൃത കോളജ്, സി ജി എം ഇഗ്ലീഷ് മീഡിയം സ്‌കുള്‍, നിരവധി പാരലല്‍ കോളജ് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ നിത്യേന യാത്ര ചെയ്യുന്ന റോഡാണിത്. റോഡ് ചെളിക്കുളമായതോടെ വിദ്യാര്‍ഥികളാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. റോഡ് വികസനത്തിന് ഇരു പഞ്ചായത്തുകളും ഒരുമിച്ച് ഫണ്ട് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് ഒരു ഭാഗം എല്ലാ സമയവും തകര്‍ന്ന നിലയിലായിരുന്നു. റോഡിന്റെ വര്‍ഷങ്ങളായുള്ള തകര്‍ച്ചക്ക് പരിഹാരം കാണാന്‍ 25 ലക്ഷം രൂപ അനുവദിച്ചതായി സി പി മുഹമ്മദ് എം എല്‍ എ മാസങ്ങള്‍ക്ക് മുമ്പാണ് അറിയിച്ചത്.
റോഡ് കോണ്‍ക്രീറ്റ് ചെയ്യാനാണ് ഫണ്ട് അനുവദിച്ചത്. കോണ്‍ക്രീറ്റ് ജോലിക്ക് വെള്ളം ധാരാളം ആവശ്യമുള്ളതിനാല്‍ വേനലില്‍ റോഡ് പണി നടത്താന്‍ പ്രയാസമുള്ളതായാണ് പൊതുമരാമത്ത് വകുപ്പ് ആദ്യം അറിയിച്ചത്. മഴ കനത്തത് റോഡ് നിര്‍മാണത്തിന് ഇപ്പോള്‍ തടസ്സമാണെന്നാണ് അധികൃതരുടെ വാദം.
എം എല്‍ എയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കരാര്‍ നല്‍കിയതായും മഴ മാറിയാലുടന്‍ പണി നടത്തുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.