എയര്‍പോര്‍ട്ട് റണ്‍വേ 1200 അടി നീളം കൂട്ടുന്നു

Posted on: July 23, 2013 12:24 am | Last updated: July 23, 2013 at 12:24 am

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ 1200 അടി കൂടി നീളം കൂട്ടുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. ഇതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനു ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഇന്നലെ എയര്‍പോര്‍ട്ടിലെത്തി എയര്‍പോര്‍ട്ട് ഡയറക്ടറുമായി ചര്‍ച്ച നടത്തി. നിലവിളുള്ള റണ്‍വേയുടെ കിഴക്കു വശത്തേക്കാണ് റണ്‍വേയുടെ നീളം കൂട്ടുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ആവശ്യത്തിലേറെ സ്ഥലമുണ്ടെങ്കിലും ലീഡ് ലൈറ്റുകളും അനുബന്ധ സജ്ജീകരണങ്ങളും സ്ഥാപിക്കുന്നതിനാണ് റണ്‍വേക്ക് ഇരു വശങ്ങളിലുമായി ഇതിനായി 20 ഏക്കര്‍ കൂടി ഭൂമി ഏറ്റെടുക്കുന്നത്. റണ്‍വേ നീളം കൂട്ടിയാല്‍ മാത്രമേ ജംബൊ ജെറ്റ് വിമാനങ്ങള്‍ക്ക് പൂര്‍ണ ലോഡില്‍ ഇറങ്ങാന്‍ പറ്റൂ. ഇപ്പോള്‍ ജംബൊ ജെറ്റ് വിമാനങ്ങള്‍ ഇറങ്ങുന്നുെണ്ടങ്കിലും റണ്‍വേ നീളമില്ലാത്തതു കാരണം യാത്രക്കാരെയും ലോഡും കുറച്ചാണ് സര്‍വീസ് നടത്തുന്നത്. പുതിയ ടെര്‍മിനല്‍, എമിഗ്രേഷന്‍, കസ്റ്റംസ് ഹാള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന കെട്ടിടം പണിയുന്നതിനു നേരത്തെ 137 ഏക്കര്‍ ഭൂമി പള്ളിക്കല്‍ പഞ്ചായത്തില്‍ നിന്നു ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നുണ്ട്. ഇതിനു പുറമെയാണ് നെടിയിരുപ്പ് പഞ്ചായത്തില്‍ നിന്നു ഇപ്പോള്‍ 20 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇപ്പോഴത്തെ ടെര്‍മിനലിനോട് ചേര്‍ന്ന് 130 കോടി രൂപ ചെലവില്‍ പുതിയ അന്താരാഷ്ട്ര ആഗമന ഹാള്‍ കൂടി പണിയുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനായുള്ള അന്താരാഷ്ട്ര കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. മഴക്കാലം കഴിയുന്നതോടെ റണ്‍വേ റീകാര്‍പെറ്റിംഗ് ജോലികള്‍ ആരംഭിക്കും.