Kozhikode
എസ് വൈ എസ് പണിപ്പുര ആഗസ്റ്റ് 17ന്
കോഴിക്കോട്: സംഘശാക്തീകരണത്തിനും ആഭ്യന്തര സജ്ജീകരണത്തിനും സംവിധാനിച്ച സംഘടനാ സ്‌കൂളിന്റെ ഭാഗമായി എസ് വൈ എസ് സംഘടിപ്പിക്കുന്ന പണിപ്പുര 2013 സംസ്ഥാന ക്യാമ്പ് ആഗസ്റ്റ് 17, 18 തീയതികളില്‍ നടക്കും. 2014ല്‍ നടപ്പിലാക്കുന്ന മെഗാപദ്ധതിയുടെ പ്രയോഗവത്കരണത്തിന് ഘടകങ്ങളെയും പ്രവര്‍ത്തകരെയും സജീകരിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. സോണ്‍ ഘടകം വരെ സംഘടന നടപ്പിലാക്കിയ കാബിനറ്റ് സംവിധാനത്തിന്റെ സമ്പൂര്‍ണ പരിശീലനം ക്യാമ്പില്‍ ഉണ്ടാകും.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലാ ഭാരവാഹികളും ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുമുള്ള പ്രീ സിറ്റിംഗ് ക്യാമ്പ് ഈമാസം 28ന് സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. കൊല്ലം ഖാദിസിയ്യയില്‍ നടക്കുന്ന പ്രീ സിറ്റിംഗില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലുള്ളവരും എറണാകുളം കലൂര്‍ സുന്നി സെന്ററില്‍ ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലാ പ്രതിനിധികളുമാണ് പങ്കെടുക്കുക.
മലപ്പുറം, പാലക്കാട്, നീലഗിരി ജില്ലാ പ്രതിനിധികള്‍ മലപ്പുറം വാദീസലാമിലും കോഴിക്കോട്, വയനാട് ജില്ലാ പ്രതിനിധികള്‍ സമസത സെന്ററിലും പങ്കെടുക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലാ ഭാരവാഹികളും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളും കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ അല്‍ അബ്‌റാറില്‍ പ്രതിനിധികളാകും.
രാവിലെ പത്ത് മണിക്കാരംഭിക്കുന്ന സിറ്റിംഗുകള്‍ക്ക് സംസ്ഥാന നേതാക്കളായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, കോഡൂര്‍ മുസ്തഫ മാസ്റ്റര്‍, സ്വാദിഖ് വെളിമുക്ക്, എം എം ഇബ്‌റാഹിം, പി കെ ജാഫര്‍ തുടങ്ങിയവര്‍ നേതൃതം നല്‍കും.






