Connect with us

Articles

എല്ലാം ആദിവാസിയുടെ കുറ്റം !

Published

|

Last Updated

പോഷകം ലഭിക്കാന്‍ ആദിവാസികള്‍ക്ക് നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ എന്തൊക്കെയെന്ന് ഭരിക്കുന്നവര്‍ക്ക് വല്ല തിട്ടവുമുണ്ടോ? ആദിവാസികള്‍ ആധുനിക കക്കൂസ് ഉപയോഗിക്കാത്ത “സംസ്‌കാരശൂന്യരാണെ”ന്ന് പറയാന്‍ എളുപ്പമാണ്. എന്നാല്‍, ഒരു കക്കൂസില്‍ പോലും വെള്ളമെത്തിക്കാത്തതിന് എന്തുണ്ട് ന്യായം? ഗര്‍ഭിണികള്‍ ചാരായം കുടിക്കുന്നതുകൊണ്ടാണ് ശിശുക്കള്‍ മരിക്കുന്നതെങ്കില്‍ ആ ഉത്തരവാദത്തില്‍ നിന്ന് മന്ത്രിമാര്‍ക്ക് ഒഴിഞ്ഞുമാറാനാകുമോ? തങ്ങളുടെ കഴിവുകേട് മറച്ചുവെക്കാനാണ് ദുര്‍ബലരായ ആ മനുഷ്യരെ കുറ്റക്കാരാക്കുന്നത്. ഒപ്പം നിലവിലെ രാഷ്ട്രീയ വിവാദങ്ങളെ വഴി തിരിച്ചുവിടാനുള്ള ക്രൂരമായ കൗശലവും സംശയിക്കണം. ഇതിന്റെയെല്ലാം പേരില്‍ ഗര്‍ഭിണികളായ ആ ആദിവാസി അമ്മമാര്‍ക്കെതിരെ സംസാരിക്കുന്നത് എന്ത് “സംസ്‌കാര”മാണ്?

അട്ടപ്പാടിയിലെ ദുര്‍ബലരായ ആദിവാസി സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പരാമര്‍ശങ്ങളിലൂടെ തങ്ങളുടെ വീഴ്ചകളെ മറച്ചുപിടിക്കാന്‍ ഭരണാധികാരികള്‍ ന്യായവാദങ്ങള്‍ നിരത്തുകയാണ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സമൂഹത്തിലെ ദുര്‍ബല വിഭാഗത്തോട് മാറി മാറി വന്ന ഇടതു,വലതു സര്‍ക്കാറുകള്‍ കാട്ടിയ കൊടിയ അവഗണനയുടെ തിക്തഫലമാണ് ഇന്ന് ഈ സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങളുടെ കഴിവുകേടിനെ വിസ്മരിച്ച് ആ ദുര്‍ബല മനുഷ്യരെ ക്രൂരമായി കുറ്റപ്പെടുത്തുന്ന സമീപനമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെ ഭരണകൂടത്തിലെ ഉന്നതര്‍ നടത്തുന്ന പ്രസ്താവനകള്‍ ഇതാണ് വ്യക്തമാക്കുന്നത്.
ഒരു വര്‍ഷത്തിനിടെ 46 ലധികം കുഞ്ഞുങ്ങള്‍ പോഷകാഹാര കുറവ് മൂലം (സത്യം പറഞ്ഞാല്‍ പട്ടിണി) മരിച്ചുവീണ പശ്ചാത്തലത്തില്‍ സ്ഥലം സന്ദര്‍ശിച്ച ഒരു ഭരണാധികാരി പ്രശ്‌നത്തെ ഇത്രമേല്‍ ലഘൂകരിച്ച് പ്രസ്താവന നടത്തിയത് എത്രമാത്രം ഖേദകരമല്ല! അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര ഭക്ഷണം എത്തിക്കുന്നുണ്ടെങ്കിലും അവര്‍ കഴിക്കാത്തതാണ് പ്രശ്‌നമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അരി, പയര്‍, മുത്താറി എന്നിവ നല്‍കുന്നുണ്ട്. ആദിവാസി ഊരുകളില്‍ ആവശ്യത്തിന് കക്കൂസുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ അത് ഉപയോഗിക്കാന്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി ഒരു ഇംഗ്ലീഷ് വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തുന്നു. അവിടുത്തെ പ്രശ്‌നം പോഷകാഹാരക്കുറവാണെന്നും അത് ഒരു ദിവസം കൊണ്ട് പരിഹരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിമുഖം വിവാദമായിട്ടും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മുഖ്യമന്ത്രി. എന്നാല്‍ അട്ടപ്പാടിയിലെ ആദിവാസി ശിശുമരണത്തിന് മറ്റൊരു കാരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി ഇന്നലെ രംഗത്തെത്തി. അതിലും കുറ്റം ആദിവാസികള്‍ക്കു തന്നെ. ഗര്‍ഭിണികളായ ആദിവാസി അമ്മമാരുടെ മദ്യപാനമാണ് ശിശുക്കളുടെ മരണത്തിന് കാരണമെന്നാണ് അദ്ദേഹം, മുഖ്യമന്ത്രിയെ തിരുത്തിക്കൊണ്ട് പറഞ്ഞത്. ഭക്ഷണം കഴിക്കാത്തതായിരുന്നു മുഖ്യമന്ത്രി ആദിവാസികളില്‍ കുറ്റമായി കണ്ടെത്തിയത്. എന്നാല്‍ മന്ത്രി കുറച്ചുകൂടി കടന്ന ആക്ഷേപമാണ് ഉന്നയിച്ചത്. കൊല്ലുന്ന രാജന് തിന്നുന്ന മന്ത്രി തന്നെ!
കാര്യമെന്തായാലും ഈ വെളിപാടുകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. എന്താണ് ആദിവാസികളുടെ പ്രശ്‌നം? ആദിവാസികള്‍ക്ക് നല്‍കുന്ന ഭക്ഷ്യവസ്തുക്കളെ കുറിച്ച് ആദ്യം പരിശോധിക്കാം. ആദിവാസികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നല്‍കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞ പ്രധാന ആഹാരം കിലോക്ക് ഒരു രൂപക്ക് ലഭിക്കുന്ന അരിയാണ്. എന്നാല്‍ പുഴുത്തു നാറിയ ഈ അരി കഴിച്ചാല്‍ ആദിവാസികളുടെ ഉള്ള ആരോഗ്യം തന്നെ നശിച്ചുപോകുമെന്നാണ് ആദിവാസികളും അവിടങ്ങളിലെ സാമൂഹിക പ്രവര്‍ത്തകരും പറയുന്നത്. നാട്ടില്‍ വിതരണം ചെയ്യുന്ന ഒരു രൂപ അരി എത്ര മുന്തിയതാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് അട്ടപ്പാടിയിലെത്തുമ്പോള്‍ അതിനേക്കാള്‍ എത്ര മോശമായിട്ടുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അരിക്ക് പകരം ആദിവാസികളുടെ പരമ്പരാഗത ജീവിതത്തിന് അനുയോജ്യമായ ആഹാരം നല്‍കണമെന്ന മുറവിളിക്കൊടുവിലാണ് റേഷനായി റാഗി( മുത്താറി) നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇതുതന്നെ എല്ലാ ആദിവാസികള്‍ക്കും ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
ആരോഗ്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ കക്കൂസിന്റെ കാര്യം നോക്കിയാലോ? കക്കൂസ് നിര്‍മിച്ചു നില്‍കിയിട്ടുണ്ടെന്നത് ശരി. എന്നാല്‍, ഒരു കക്കൂസിലും വെള്ളമെത്തിക്കുന്നതിന് സംവിധാനമുണ്ടാക്കിയിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത് ഉപയോഗിക്കുക? ആദിവാസികള്‍ ആധുനിക കക്കൂസ് ഉപയോഗിക്കാത്ത “സംസ്‌കാരശൂന്യരാണെ”ന്ന് പറയാന്‍ എന്തെളുപ്പമാണ്? സ്വന്തം വീട്ടിലെ ഇത്തരം വിഷയങ്ങളില്‍ നമ്മുടെ നാടുവാഴികള്‍ ഇത്ര ലാഘവത്തോടെ അഭിപ്രായം പറയുമോ? കാര്യങ്ങള്‍ നേരിട്ട് പരിശോധിച്ചിട്ടാണ് പറയുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രിക്ക്, സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും യഥാസമയം ആദിവാസികള്‍ക്ക് ലഭ്യമാകുന്നില്ലെന്ന് ബോധ്യമായിട്ടില്ലെന്ന് വേണം കരുതാന്‍.
ഗര്‍ഭിണികളായ ആദിവാസി അമ്മമാര്‍ ചാരായം കുടിക്കുന്നതുകൊണ്ടാണ് ശിശുക്കള്‍ മരിക്കുന്നത് എന്ന് മന്ത്രിക്ക് പറയാന്‍ എളുപ്പമാണ്. എന്നാല്‍ അത്ര ലാഘവത്തോടെ പറഞ്ഞുപോകാന്‍ സര്‍ക്കാറിന്റെ ഭാഗമായ ഒരാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കഴിയുമോ? ഇത് വസ്തുതാപരമല്ലെന്നതാണ് സത്യം. കാരണം, മദ്യ ഉപഭോഗം മരണത്തിനിടയാക്കിയിട്ടുണ്ടെന്ന സാംസ്‌കാരിക മന്ത്രിയുടെ വാദത്തെ എക്‌സൈസ് മന്ത്രിയും അട്ടപ്പാടി ഉള്‍ക്കൊള്ളുന്ന പലക്കാട്ടെ ജില്ലാ മെഡിക്കല്‍ ഓഫീസറും തള്ളിക്കളഞ്ഞിട്ടുണ്ട്. ആദിവാസികള്‍ക്കിടയില്‍ മദ്യപിക്കുന്ന സ്ത്രീകളുണ്ടെങ്കിലും അത് ന്യൂനപക്ഷമാണെന്നും ഇത് മരണത്തിന് കാരണമാകുന്നുവെന്നത് പൂര്‍ണമായും ശരിയല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ഇനി അതാണ് കാരണമെങ്കില്‍ ഉത്തരവാദി ആരാണ്? മന്ത്രി കെ സി ജോസഫ് ഉള്‍പ്പെടെയുള്ള ഭരണകൂടമല്ലേ? സമ്പൂര്‍ണ മദ്യനിരോധമുള്ള അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ പോലും “കുടിച്ചികളായി” വിധം മദ്യമൊഴുകുന്നതില്‍ നിന്ന് “സാംസ്‌കാരിക” മന്ത്രിക്ക് എങ്ങനെ ഒഴിഞ്ഞുമാറാനാകും?
ആദിവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അനുയോജ്യമായ നിലപാടുകള്‍ സ്വീകരിക്കാതെ ആദിവാസികളെ കുറ്റക്കാരാക്കി സ്വന്തം വീഴ്ച മറച്ചുവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒപ്പം നിലവിലെ രാഷ്ട്രീയ വിവാദങ്ങളെ വഴി തിരിച്ചുവിടാനുള്ള ക്രൂരമായ കൗശലവും തരം താണ രാഷ്ട്രീയവും ഇതിനു പന്നില്‍ സംശയിക്കണം. ഇതിന്റെയെല്ലാം പേരില്‍ ഗര്‍ഭിണികളായ ആ ആദിവാസി അമ്മമാര്‍ക്കെതിരെ സംസാരിക്കുന്നത് എന്ത് സംസ്‌കാരമാണ്?
യഥാര്‍ഥത്തില്‍ അട്ടപ്പാടിയിലേതുള്‍പ്പെടെയുള്ള ആദിവാസികളുടെ ദുരിത ജീവിതത്തിന് പ്രധാന കാരണം അന്യാധീനപ്പെട്ട അവരുടെ കൃഷിഭൂമിയും അങ്ങനെ അവരുടെ ജീവിതശൈലിയില്‍ വന്ന മാറ്റവും ആണെന്ന വസ്തുത ഭരണകൂടം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ഇതിലേക്ക് നയിച്ചത് ഭരണ കൂടത്തിന്റെ കടുത്ത അവഗണനയും രാഷ്ട്രീയക്കാരുടെ മറവില്‍ ആദിവാസി ഊരുകളില്‍ അഴിഞ്ഞാടുന്ന ഇടനിലക്കാരുടെ ഇടപെടലുകളുമാണ്. ആദിവാസിയുടെ കൃഷിഭൂമി വന്‍ തോതില്‍ അന്യാധീനപ്പെട്ടത് അവരുടെ കാര്‍ഷിക സംസ്‌കാരത്തെയും പരമ്പരാഗത ജീവിതശൈലിയെയും പാടെ മാറ്റി മറിച്ചു. മദ്യവും മയക്കുമരുന്നും നല്‍കി ഇടനിലക്കാര്‍ അവരുടെ ഭൂമിയും ആനുകൂല്യങ്ങളും തട്ടിയെടുത്ത് ഒരു സമൂഹത്തിന്റെ വംശനാശത്തിലേക്ക് നയിക്കുന്ന നീക്കങ്ങള്‍ അരങ്ങേറിയിട്ടും ഇക്കാര്യം പരിശോധിക്കാന്‍ പോലും ഭരണകൂടങ്ങള്‍ തയ്യാറായിട്ടില്ല. ഇടനിലക്കാരുടെ അഴിഞ്ഞാട്ടം തടയാതെ ആദിവാസികള്‍ക്കു വേണ്ടി നടപ്പാക്കുന്ന ഒരു പദ്ധതിയും വിജയം കാണില്ലെന്ന യാഥാര്‍ഥ്യം പല തവണ സര്‍ക്കാറിനെ ഉണര്‍ത്തിയിട്ടും ഇതു ഗൗനിക്കാതെയാണിപ്പോള്‍ ആദിവാസികളെ കുറ്റപ്പെടുത്തിക്കൊണ്ട് ഭരണാധികാരികള്‍ രംഗത്ത് വന്നിരിക്കുന്നത്. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് ആദിവാസികള്‍ക്കിടയില്‍ നിന്നുള്ള ഊരുകൂട്ടങ്ങളേക്കാളും സംഘടനകളേക്കാളും രാഷ്ട്രീയക്കാരായ ഇടനിലക്കാരെയാണ് ഭരണകൂടം കൂടുതല്‍ വിശ്വാസത്തിലെടുക്കുന്നത്. ആദിവാസികളുടെ ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങള്‍ ശക്തിയാര്‍ജിക്കുന്ന സമയത്താണ് ആദിവാസികളെ കുറ്റക്കാരാക്കി ഭരണകൂടം രംഗത്തുവരുന്നതെന്നത് ശ്രദ്ധിക്കണം. ഇതുവഴി ആദിവാസിയുടെ അടിസ്ഥാന സൗകര്യത്തിന് വേണ്ടിയുള്ള സമരത്തിന്റെ മുനയൊടിക്കല്‍ കൂടി ഭരണകൂടം ലക്ഷ്യമിടുന്നുവെന്ന് സംശയിക്കാവുന്നതാണ്.

 

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം