Connect with us

National

മുലായമിനും അഖിലേഷിനും ക്ലീന്‍ ചിറ്റ് ലഭിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെയും മകന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും സി ബി ഐ കുറ്റവിമുക്തനാക്കിയേക്കും. ആറ് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് സി ബി ഐ അന്തിമ കുറ്റപത്രം സമര്‍പ്പിക്കൊനൊരുങ്ങുന്നത്. എന്നാല്‍, മുലായത്തിനും അഖിലേഷിനും ക്ലീന്‍ ചിറ്റ് നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ സി ബി ഐ ഡയറക്ടര്‍ക്കും ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും സമര്‍പ്പിക്കുമെന്നും സി ബി ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതിനിടെ, സി ബി ഐ നീക്കത്തെ എതിര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു കേന്ദ്ര മന്ത്രി തന്നെ ഭീഷണിപ്പെടുത്തിയതായി കേസില്‍ ഹരജിക്കാരനായ വിശ്വനാഥ് ചതുര്‍വേദി രംഗത്തെത്തി. ഈ മന്ത്രിയുടെ പേര് കേസ് കോടതിയുടെ പരിഗണനക്ക് വരുമ്പോള്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുലായത്തിനും മകനുമെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് 2005ലാണ് റായ്ബറേലിയിലെ അഭിഭാഷകനായ ചതുര്‍വേദി സുപ്രീം കോടതിയെ സമീപിച്ചത്. 2007 മാര്‍ച്ചില്‍ സി ബി ഐ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഖിലേഷിന്റെ ഭാര്യ ഡിംപിളിനെതിരായ അന്വേഷണം നിര്‍ത്തിവെക്കാനുള്ള സുപ്രീം കോടതി തീരുമാനത്തിനെതിരെ ചതുര്‍വേദി വീണ്ടും കോടതിയെ സമീപിച്ചേക്കും. 1993 ഏപ്രില്‍ ഒന്ന് മുതല്‍ 2005 മാര്‍ച്ച് 31 വരെയുള്ള കാലഘട്ടത്തില്‍ ഡിംപിള്‍ ജനപ്രതിനിധിയായിരുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് അന്വേഷണം നടത്തേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചത്. ഈ കാലയളവിലെ കണക്കുകളാണ് കേസില്‍ സി ബി ഐ അന്വേഷണത്തിന് വിധേയമാക്കുന്നത്.
അതിനിടെ, മുലായത്തിനെയും മകനെയും കുറ്റവിമുക്തനാക്കാനുള്ള നീക്കം ഭക്ഷ്യസുരക്ഷാ ബില്‍ മുന്നില്‍ക്കണ്ടുകൊണ്ടാണെന്ന് ബി ജെ പി വക്താവ് നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി. കരട് ബില്ലിനെ പാര്‍ട്ടി എതിര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ആരോപണങ്ങള്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് ദീക്ഷിത് തള്ളിക്കളഞ്ഞു. മുലായവും അദ്ദേഹത്തിന്റെ രാഷ്ട്രീയവും ഇതിനെല്ലാം മുകളിലാണെന്ന് ദീക്ഷിത് അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിനോട് ഏറ്റുമുട്ടാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ സി ബി ഐയെ ഉപയോഗിച്ച് ഇരുമ്പഴിക്കുള്ളിലാക്കുമെന്നും മുലായം പറഞ്ഞ് നാല് മാസം പിന്നിടുമ്പോഴാണ് കേസില്‍ സി ബി ഐ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്.

 

Latest