Connect with us

National

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി 'പ്രഖ്യാപിച്ച്' രാജ്‌നാഥ്‌

Published

|

Last Updated

ന്യൂയോര്‍ക്ക്/ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറുകയാണെങ്കില്‍ നരേന്ദ്ര മോഡിയായിരിക്കും പ്രധാനമന്ത്രിയെന്ന് പറയാതെ പറഞ്ഞ് ബി ജെ പി ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിംഗ്. തിരഞ്ഞെടുപ്പിന് മുമ്പായി കൂടുതല്‍ സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നും തിരഞ്ഞെടുപ്പിന് ശേഷം ഇത് വിപുലീകരിക്കാനാകുമെന്നും ന്യൂയോര്‍ക്കില്‍ വാര്‍ത്താ സമ്മേളനത്തില്‍ രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു. രാമജന്മ ഭൂമി പ്രശ്‌നത്തെക്കാളുപരിയായി വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രചാരണത്തില്‍ പാര്‍ട്ടി പ്രാമുഖ്യം നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് ഏഴ് മാസം മുമ്പാണ് മോഡിയെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ ചെയര്‍മാനാക്കിയത്. അതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ല. അദ്ദേഹത്തിന്റെ പ്രതിച്ഛായ, സ്വീകാര്യത, പാര്‍ട്ടിയോടുള്ള പ്രതിബദ്ധത എന്നിവ കണക്കിലെടുത്താണ് ഈ ചുമതലയേല്‍പ്പിച്ചത്. അങ്ങനെയെങ്കില്‍ മോഡിയായിരിക്കുമോ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന ചോദ്യത്തിന് മറുപടിയായാണ് അധികാരത്തിലേറുകയാണെങ്കില്‍ മോഡി തന്നെയായിരിക്കും പ്രധാനമന്ത്രിയെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞത്. “മോഡി ഇന്ത്യയിലെ പ്രശസ്തനും ഉന്നതനുമായ നേതാവാണ്. ഗുജറാത്തില്‍ മാത്രമല്ല, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലും അദ്ദേഹത്തിന് വലിയ ജനസമ്മതിയുണ്ട്. ദേശീയ മുഖമുള്ള ഒരേയൊരു നേതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ബഹുജനസമ്മതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകും”-രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു.
പാര്‍ട്ടി പ്രസിഡന്റിനെ എന്തുകൊണ്ട് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കൊട്ടുന്നില്ല എന്ന ചോദ്യത്തിന് “അങ്ങനെ വേണമെന്നത് നിര്‍ബന്ധമല്ല” എന്നായിരുന്നു ബി ജെ പി പ്രസിഡന്റിന്റെ മറുപടി. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കി ബി ജെ പിയെ അധികാരത്തിലെത്തിക്കുക എന്നതിനാണ് താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. രാമക്ഷേത്രം ഒരിക്കലും വലിയ തിരഞ്ഞെടുപ്പ് വിഷയമായിരുന്നില്ലെന്നും ഇത് ഒരു ദേശീയ വിഷയമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി എം പി അനന്ത കുമാര്‍, നേതാക്കളായ വിജയ് ജോളി, സുധാന്‍ശു ത്രിവേദി എന്നിവരും രാജ്‌നാഥ് സിംഗിനൊപ്പമുണ്ടായിരുന്നു.

Latest