വേണം മലയാളിക്കൊരു സുരക്ഷിത നിക്ഷേപം

Posted on: July 22, 2013 1:06 am | Last updated: July 22, 2013 at 1:06 am

siraj copyതട്ടിപ്പുകാരുടെ വിഹാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് കേരളം. ദിനംപ്രതി കോടികളുടെ തട്ടിപ്പു വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിക്ഷേപം നടത്തി ലക്ഷങ്ങള്‍ ഒറ്റയടിക്ക് കൊയ്‌തെടുക്കാമെന്ന മലയാളിയുടെ ദുരാഗ്രഹത്തെ ചൂഷണം ചെയ്താണ് ഭൂരിഭാഗം നിക്ഷേപ തട്ടിപ്പുകാരും കേരളത്തെ അവരുടെ ‘ലാഭ ഇട’മായി കണക്കാക്കുന്നത്. സോളാര്‍ തട്ടിപ്പിന്റെ കൊടുങ്കാറ്റ് സര്‍ക്കാറിന്റെ പ്രതിച്ഛായ കളങ്കിതമാക്കിയിരിക്കെ, കൊല്ലത്ത് നിന്ന് സ്ഥാപന ഉടമ മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തി കോടികളുമായി മുങ്ങിയ വാര്‍ത്ത പുറത്തുവന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്. ടൈക്കൂണ്‍, ടോട്ടല്‍ ഫോര്‍ യു, തൃശൂരില്‍ ഡാറ്റാ എന്‍ട്രിയുടെ പേരിലുള്ള തട്ടിപ്പ് തുടങ്ങി വ്യത്യസ്ത പേരുകളിലും ദേശങ്ങളിലും ഇത്തരം തട്ടിപ്പുകളുടെ വ്യാപ്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. എല്ലാ തട്ടിപ്പുകളുടെയും ഇരകളായി ആയിരക്കണക്കിന് മലയാളികളാണ് പോലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങുന്നത്. പലരും നാണക്കേട് മൂലം തട്ടിപ്പിനിരയായ വിവരം പുറത്തുപറയുന്നുമില്ല.
തിരുവനന്തപുരത്തുള്ള പൂളിമൂട്ടിലെ ലീ ക്യാപിറ്റലിന്റെ ഓണ്‍ലൈന്‍ ട്രേഡിംഗ് ഓഫീസ് റെയ്ഡ് ചെയ്ത പോലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പരിശോധനയില്‍ ലഭിച്ച രേഖകളനുസരിച്ച് വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറ് കോടിയോളം രൂപയാണത്രെ ലീ ക്യാപിറ്റലിന്റെ പേരില്‍ പിരിച്ചെടുത്തിരിക്കുന്നത്. രണ്ടായിരത്തോളം പരാതികള്‍ ഇതിനകം പോലീസിന് ലഭിച്ചുകഴിഞ്ഞു. നൂറ് രൂപക്ക് അഞ്ച് രൂപ പലിശ വാഗ്ദാനം ചെയ്ത് തുടക്കത്തില്‍ നിക്ഷേപകരെ ആകര്‍ഷിച്ച കമ്പനി, മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഡാറ്റാ എന്‍ട്രി സ്ഥാപനത്തിന്റെ മറവില്‍ തൃശൂരില്‍ കോടികള്‍ തട്ടിയെടുത്തിട്ട് അധിക കാലമായിട്ടില്ല. നിശ്ചിത തുക ഇടപാടുകാരില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ച് വന്‍ തുക വരുമാനമായി നല്‍കുന്ന രീതിയില്‍ ഡാറ്റാ എന്‍ട്രി ജോലികള്‍ ലഭ്യമാക്കിയാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. നിശ്ചിത കാലാവധിക്ക് ശേഷം മാത്രമേ നിക്ഷേപ തുക തിരികെ നല്‍കൂവെന്നും തുടക്കത്തില്‍ തന്നെ കമ്പനി നിബന്ധന വെച്ചിരുന്നു. ഈ വാഗ്ദാനങ്ങളില്‍ കുടുങ്ങി 19 ലക്ഷം രൂപ വരെ കമ്പനിക്ക് വേണ്ടി നിക്ഷേപമിറക്കിയവര്‍ നിരവധിയാണ്. ടൈക്കൂണ്‍ മണി ചെയിന്‍ തട്ടിപ്പ് കേസില്‍ തമിഴ്‌നാട് സ്വേദശികളായ രണ്ട് പേര്‍ ചേര്‍ന്ന് മലയാളികളില്‍ നിന്ന് തട്ടിയെടുത്തതും കോടികളായിരുന്നു. തമിഴ്‌നാട് സ്വദേശികളായ സദാശിവന്‍, കമലാകണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് 400 കോടി രൂപ ഇടപാടുകാരില്‍ നിന്ന് പിരിച്ചെടുത്തു എന്നു പറയുമ്പോള്‍ സംഗതി അതീവ ഗുരുതരമാണ്. 2009ലാണ് ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷ്‌നല്‍ ലിമിറ്റഡ് എന്ന പേരില്‍ ഇവര്‍ കമ്പനിക്ക് തുടക്കമിട്ടത്. രണ്ട് മുറി ഷോപ്പുകളിലായിരുന്നു ഇവരുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും. ഇതിനെ മള്‍ട്ടി ഫംഗ്ഷണല്‍ ഷോപ്പിംഗ് കോംപ്ലക്‌സായി ചിത്രീകരിച്ചാണ് ഇത്രയും വലിയ തട്ടിപ്പിന് ഇവര്‍ ചുക്കാന്‍ പിടിച്ചത്. മലയാളി ചലച്ചിത്ര താരം ലീനാ മരിയാ പോളിനെ പോലീസ് അറസ്റ്റ് ചെയ്തതും സമാനമായ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ടതിനായിരുന്നു. കരുണാനിധിയുടെ അടുത്ത ആളാണെന്ന് പ്രചരിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ഡല്‍ഹിയിലെ ഫത്തേപൂര്‍ബേരിയിലെ ഇവരുടെ ഫാംഹൗസില്‍ പരിശോധന നടത്തിയ പോലീസ്, ഒമ്പത് ആഡംബര കാറുകളാണ് പിടിച്ചെടുത്തത്. ഇവയില്‍ പലതിന്റെയും രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമായിരുന്നുവെന്ന് പിന്നീട് പോലീസ് കണ്ടെത്തി. കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ സി വി ഗ്ലോബല്‍ ട്രേഡ് സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ മണി ട്രേഡിംഗ് നടത്തി 400 കോടിയുടെ തട്ടിപ്പ് നടത്തിയ കാസര്‍കോട് സ്വദേശിയും ഈയടുത്താണ് അറസ്റ്റിലായത്.
വിസ തട്ടിപ്പ്, ചാനല്‍ തട്ടിപ്പ്, റിക്രൂട്ട്‌മെന്റ് തട്ടിപ്പ്, മണിചെയിന്‍, ഷെയര്‍ ാര്‍ക്കറ്റ്, നിക്ഷേപ തട്ടിപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശവാഗ്ദാനം തുടങ്ങി കേരളത്തില്‍ മാത്രം വിവിധ രീതികളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ തട്ടിപ്പാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നതെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. ടോട്ടല്‍ ഫോര്‍ യു മുതല്‍ ഏറ്റവും ഒടുവിലെ ലീ ക്യാപിറ്റല്‍ വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ മാത്രം 900 കോടിയിലേറെ രൂപ മലയാളികള്‍ പണത്തിനോടുള്ള ദുരാഗ്രഹം മൂലം തുലച്ചുകളഞ്ഞു. ഇതും പ്രാഥമിക കണക്കുകള്‍ മാത്രം. സോളാര്‍ തട്ടിപ്പ് കേസിലെ നഷ്ടം എത്രയാണെന്ന് ഇതുവരെയും നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല.
തട്ടിപ്പുകള്‍ക്ക് നിരന്തരം ഇരകളായിട്ടും വ്യാജ പണമിടപാട് സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കാതിരിക്കാന്‍ മലയാളിയുടെ വിവേകം വളര്‍ന്നിട്ടില്ലെന്ന് വേണം കരുതാന്‍. കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ അംഗീകൃത നിക്ഷേപക സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും വ്യാജ ലാഭത്തിന്റെ മായാക്കണക്കില്‍ തലച്ചോറ് പണയം വെക്കുന്ന മലയാളികള്‍ക്ക് ഇതൊന്നും പാഠമാകുന്നേയില്ല. പുതിയ കാലത്തിനനുസരിച്ച് രൂപവും ഭാവവും വ്യത്യാസം വരുത്തി മലയാളികളെ തട്ടിപ്പിനിരയാക്കുന്നത് തുടരുകയാണ്. തട്ടിപ്പിനിരയായവര്‍ തുടക്കത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെങ്കിലും പോലീസിന്റെയും നിയമ സംവിധാനങ്ങളുടെയും കാര്യമായ ഇടപെടല്‍ ഇല്ലാത്തത് മൂലം കേസ് പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. തട്ടിപ്പ് നടത്തിയവര്‍ പോലീസ് വലയിലായിട്ടും ഇരകള്‍ക്ക് എത്ര പണം തിരിച്ചുകിട്ടിയെന്ന ചോദ്യം ഇപ്പോഴും ബാക്കികിടക്കുകയാണ്. വ്യക്തമായ മാനദണ്ഡങ്ങള്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് വരെ തട്ടിപ്പ് വാര്‍ത്തകള്‍ തുടര്‍ന്നു കൊണ്ടിരിക്കും. സര്‍ക്കാറോ പോലീസോ ഇത്തരം സ്ഥാപനങ്ങളെ കുറിച്ച് മുന്‍കൂട്ടി അന്വേഷണം നടത്തുകയും ഇവരെ നിരീക്ഷിക്കുകയും ചെയ്യണം. അനധികൃതമാണെന്ന് ബോധ്യപ്പെടുന്ന പക്ഷം ശക്തമായ നിയമ നടപടികളിലൂടെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടണം. ഭരണരംഗത്തുള്ളവര്‍ തന്നെ അറിഞ്ഞോ അറിയാതെയോ ഇത്തരം തട്ടിപ്പുകള്‍ക്ക് അരുനിന്നുകൊടുക്കുമ്പോള്‍ നിയമം മൂലം ഇത്തരം വ്യാജസംരംഭങ്ങളെ ഇല്ലായ്മ ചെയ്യുക മാത്രമാണ് അവസാന പരിഹാരം.