Connect with us

Malappuram

'ഏറ്റം- ഏറനാടിന്‍ മുന്നേറ്റം' പദ്ധതി: രണ്ടാം ഘട്ടം തുടങ്ങി

Published

|

Last Updated

അരീക്കോട് : “ഏറ്റം- ഏറനാടിന്‍ മുന്നേറ്റം” പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സീമാറ്റ് കേരള തയ്യാറാക്കിയ കരട് പദ്ധതിയെ അടിസ്ഥാനമാക്കി കഴിഞ്ഞ ദിവസം പ്രധാനാധ്യാപകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഇതിനായി മണ്ഡലത്തിലെ മുഴുവന്‍ ഉപജില്ലകളിലും പ്രധാനാധ്യാപകരുടെ പ്രത്യേക യോഗം ചേര്‍ന്നു.
പ്രധാനാധ്യാപകര്‍ സമര്‍പ്പിച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ക്രോഡീകരിച്ച് പദ്ധതിക്ക് അന്തിമരൂപം നല്‍കും. ആദ്യഘട്ടത്തില്‍ അടിയന്തിര പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നാല് കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കും.സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട മുപ്പത് മണ്ഡലങ്ങളിലാണ് നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ ഒന്നാണ് ഏറനാട്.
വിവധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നത്.പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ കൂടുതലുള്ള മലയോര മേഖലയുള്‍പ്പെട്ട ഔപചാരിക വിദ്യാഭ്യാസത്തിന്റെ പൂര്‍ണ്ണത കൈവരിച്ചിട്ടില്ലാത്ത ഏറനാട് മണ്ഡലത്തില്‍ പദ്ധതി നടപ്പിലാകുന്നതോടെ വന്‍ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. കെട്ടിട സൗകര്യങ്ങളൊഴിച്ച് മറ്റ് എല്ലാ പദ്ധതികളും എയ്ഡഡ് സ്‌കൂളുകളിലും ലഭ്യമാകുമെന്നത് പദ്ധതിയുടെ സവിശേഷതയാണ്. അടിസ്ഥാന സൗകര്യ വികസനത്തിനു പുറമെ ശിശു സൗഹൃദ-പരിസ്ഥിതി സൗഹൃദ വിദ്യാലയം, ആരോഗ്യ പോഷകാഹാര പരിപാടി, ഐസിടി സൗകര്യങ്ങള്‍, എജുക്കേഷന്‍ ടെക്‌നോളജി ലാബുകള്‍ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
പുതിയ ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതിന് എം എല്‍ എ, എംപി, എസ് എസ ്എ തുടങ്ങി വിവിധ ഏജന്‍സികളുടെ ഏകോപനത്തിലൂടെ ഈ വര്‍ഷം തന്നെ 1.68 കോടി രൂപ കണ്ടെത്തും. മുഴുവന്‍ സ്‌കൂളുകള്‍ക്കും ആധുനിക സൗകര്യത്തോടെയുള്ള പാചകപ്പുരയും സ്റ്റോര്‍ മുറിയും ഈ വര്‍ഷംതന്നെ നടപ്പിലാക്കും. നാലു വര്‍ഷംകൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുക.

Latest