Connect with us

Sports

അര്‍ബുദം വിടുന്നില്ല; വിലനോവ ബാഴ്‌സലോണ പരിശീലക സ്ഥാനമൊഴിഞ്ഞു

Published

|

Last Updated

മാഡ്രിഡ്: അര്‍ബുദ ബാധിതനായ ടിറ്റോ വിലനോവ ബാഴ്‌സലോണയുടെ പരിശീലക സ്ഥാനമൊഴിഞ്ഞു. രോഗം മൂര്‍ച്ഛിച്ചതിനാലാണിത്. വിദഗ്ധ പരിചരണത്തിനായി ദീര്‍ഘകാലം വിട്ടുനില്‍ക്കേണ്ടതുള്ളതിനാല്‍ വിലനോവക്ക് പരിശീലക സ്ഥാനത്ത് തുടരുക പ്രയാസകരമാണെന്ന് ക്ലബ്ബ് പ്രസിഡന്റ് സാന്‍ഡ്രൊ റസല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലോകഫുട്‌ബോളര്‍ ലയണല്‍ മെസിയുള്‍പ്പടെയുള്ള താരങ്ങള്‍ റസലിനൊപ്പം ഈ ദുഖകരമായ വാര്‍ത്ത അറിയിക്കാനെത്തിയിരുന്നു. ഏവരുടെയും മുഖം മ്ലാനമായിരുന്നു. വിലനോവക്കും കുടുംബത്തിനുമൊപ്പം ബാഴ്‌സലോണയുണ്ടാകുമെന്നും പോളണ്ടില്‍ ഇന്ന് നടക്കാനിരുന്ന സൗഹൃദ മത്സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും സാന്‍ഡ്രോ റസല്‍ അറിയിച്ചു.ഇത്തരം തിരിച്ചടികള്‍ മറികന്ന ചരിത്രമുള്ള ക്ലബ്ബാണ് ബാഴ്‌സയെന്നും സാന്‍ഡ്രൊ റസല്‍ കൂട്ടിച്ചേര്‍ത്തു.
അടുത്താഴ്ച ബയേണ്‍ മ്യൂണിക്കിനെതിരെ സൗഹൃദ മത്സരമുള്ള ബാഴ്‌സ ഈ മാസം പതിനേഴിന് ലാ ലിഗയില്‍ ലെവന്റെയെ നേരിടണം. 21ന് സ്പാനിഷ് സൂപ്പര്‍ കപ്പില്‍ അത്‌ലറ്റികോ മാഡ്രിഡുമായി മത്സരം. സീസണിന്റെ തിരക്കിലേക്ക് പ്രവേശിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വിലനോവയുടെ പിന്‍മാറ്റം. കഴിഞ്ഞ സീസണില്‍ അര്‍ബുദ ചികിത്സക്കായി വിലനോവക്ക് ഏതാനും മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ബാഴ്‌സയെ സൂപ്പര്‍ നിരയാക്കി മാറ്റിയ പെപ് ഗോര്‍ഡിയോളയുടെ പിന്‍ഗാമിയായി 2011-12 സീസണിലാണ് വിലനോവ ചുമതലയേല്‍ക്കുന്നത്. സ്‌പെയിനില്‍ ലാ ലിഗ കിരീടം തിരിച്ചുപിടിച്ചതാണ് വിലനോവയുടെ നേട്ടം.
പുതിയ കോച്ചിനെ തേടിയുള്ള അന്വേഷണം ബാഴ്‌സ ആരംഭിച്ചിരിക്കുന്നു. ക്ലബ്ബിന്റെ മുന്‍താര നിര തന്നെയുണ്ട് പരിശീലരായി. സ്വാന്‍സിയയുടെ ഡാനിഷ് കോച്ച് മൈക്കല്‍ ലൗഡ്രുപ്, സെല്‍റ്റവിഗോയുടെ സ്പാനിഷ് കോച്ച് ലൂയിസ് എന്റികെ, അയാക്‌സിന്റെ ഡച്ച് കോച്ച് ഫ്രാങ്ക് ഡി ബൂയര്‍ എന്നിവര്‍. എന്നാല്‍, ബയേണിന് കഴിഞ്ഞ സീസണില്‍ ട്രിപ്പിള്‍ നേടിക്കൊടുത്ത ജുപ് ഹെയിന്‍കസാണ് ഫേവറിറ്റ്. റയലിലേക്കില്ലെന്ന് വ്യക്തമാക്കിയ ഹെയിന്‍കസിന്റെ മനംമാറ്റാന്‍ ബാഴ്‌സ ശ്രമിക്കും. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ കേളീശൈലിയെ പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ച ഹെയിന്‍കസ് ബയേണിന് ഏഴ് എതിരില്ലാ ഗോള്‍ ജയം സമ്മാനിച്ചിരുന്നു. 1998ല്‍ റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത ജര്‍മന്‍ കോച്ചിലാണ് ബാഴ്‌സയുടെ നോട്ടം.