Connect with us

Gulf

ശൈഖ് മുഹമ്മദിന്റെ സഹായഹസ്തം ഇന്ത്യയിലേക്കും

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സഹായഹസ്തം ഇന്ത്യയിലേക്കും. ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്കാണു പദ്ധതിയിലൂടെ വസ്ത്രം എത്തിക്കുക. ലോകത്തെങ്ങുമുള്ള പത്തു ലക്ഷം കുട്ടികള്‍ക്കു വസ്ത്രമെത്തിക്കുന്ന പദ്ധതിയില്‍ പുതിയ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
അല്‍ബേനിയ, ലബനാന്‍, തന്‍സാനിയ, ഇന്ത്യ എന്നിവയാണു പുതുതായി പട്ടികയിലെത്തിയ രാജ്യങ്ങള്‍. അല്‍ബേനിയയിലെ 28 പ്രവിശ്യകളിലെ കുട്ടികള്‍ക്കാണു വസ്ത്രമെത്തിക്കുക. തന്‍സാനിയയിലെ നാലു നഗരങ്ങളിലെ കുട്ടികള്‍ക്കും വസ്ത്രം നല്‍കും. ലബനന്‍, സിറിയ, പലസ്തീന്‍ രാജ്യങ്ങളിലെ വിവിധ മേഖലകളിലെ കുട്ടികള്‍ക്കും ലബനാന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്കും പദ്ധതിയിലൂടെ വസ്ത്രം നല്‍കും.
ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളില്‍ വസ്ത്രം നല്‍കുന്നുണ്ടെങ്കിലും ഈ സംസ്ഥാനങ്ങള്‍ ഏതാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ലോകത്തിന്റെ നാനാഭാഗത്തുമുള്ള ഏഴ് ലക്ഷത്തിലധികം കുട്ടികളുടെ മുഖത്തു പുഞ്ചിരി വിടര്‍ത്താന്‍ കഴിയുന്ന വിധത്തില്‍ ഇതുവരെ വസ്ത്രശേഖരണം പുരോഗമിച്ചിട്ടുണ്ട്. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി ഇതുവരെ 2.8 കോടിയിലധികം ദിര്‍ഹമാണു ശൈഖ് മുഹമ്മദിന്റെ കിസ്‌വ (വസ്ത്രം) എന്ന് പേരിട്ട ക്യാമ്പയിനിലൂടെ സമാഹരിച്ചത്. അശരണരും അര്‍ഹരുമായ കുട്ടികളെ കണ്ടെത്തിയാണു വസ്ത്രവിതരണമെന്ന് റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അതീഖ് അല്‍ഫലാഹി പറഞ്ഞു. ദേശ, ഭാഷാ, വര്‍ണ, മത ഭേദമില്ലാതെയാണു പദ്ധതി പൂര്‍ത്തിയാക്കുക. കൂടുതല്‍ കുട്ടികള്‍ക്കും രാജ്യങ്ങള്‍ക്കും സഹായമെത്തിക്കുകയാണു ലക്ഷ്യം. യുദ്ധക്കെടുതിയും പ്രകൃതി ക്ഷോഭങ്ങളും ദുരന്തം വിതച്ച ദരിദ്രദേശങ്ങളിലെ കുഞ്ഞുങ്ങള്‍ക്കാണു കിസ്‌വ മുഖ്യ പരിഗണന നല്‍കുന്നത്.
അതാതു രാജ്യങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളുമായി സഹകരിച്ചാണു വസ്ത്രവിതരണം. അര്‍ഹരായവര്‍ക്കു സഹായം ലഭിക്കുന്നുണ്ടോ എന്ന് റെഡ്ക്രസന്റ് ഉറപ്പാക്കും.

Latest