സിസ്റ്റര്‍ അഭയയുടെത് മുങ്ങിമരണമെന്ന് മുന്‍ ഫോറന്‍സിക് മേധാവിയുടെ മൊഴി

Posted on: July 20, 2013 12:40 am | Last updated: July 20, 2013 at 12:40 am

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെത് മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്റെ മൊഴി. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് കോട്ടയം മെഡിക്കല്‍ കോളജിലെ മുന്‍ ഫോറന്‍സിക് മേധാവി ഡോ. സി രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്. അഭയയുടെ ആന്തരാവയവ പരിശോധനാ ഫലത്തില്‍ തിരുത്തല്‍ നടത്തിയെന്ന കേസിന്റെ വിചാരണക്കിടെയാണ് ഡോക്ടറുടെ മൊഴിയെടുത്തത്. അഭയയുടെത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് കണ്ടെത്തേണ്ടത് അന്വേഷണ സംഘമാണെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ അബോധാവസ്ഥയിലുള്ളപ്പോള്‍ ആമാശയത്തില്‍ വെള്ളം കയറില്ല. അഭയയുടെ ആമാശയത്തില്‍ കണ്ടെത്തിയ വെള്ളവും കിണറ്റിലെ വെള്ളവും ഒന്നാണോ എന്ന് പരിശോധിച്ചിട്ടില്ല. ആന്തരിക അവയവങ്ങള്‍ പരിശോധനക്ക് അയച്ചത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയാനാണെന്നും രാധാകൃഷ്ണന്‍ മൊഴി നല്‍കി. ആഗസ്റ്റ് 23ന് വീണ്ടും കേസ് പരിഗണിക്കും.
1992 മാര്‍ച്ചിലാണ് സിസ്റ്റര്‍ അഭയയെ കോട്ടയം ക്‌നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാ. തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അഭയ കേസിലെ പ്രാധാന പ്രതികളായി സി ബി ഐ കണ്ടെത്തിയിരുന്നു.
അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്ത് നിന്നും സി ബി ഐ സംഘം കസ്റ്റഡിയിലെടുത്ത സഞ്ജു പി മാത്യു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ 2008 നവംബര്‍ 19ന് കോടതിയില്‍ ഹാജരാക്കുകയും കോടതി ജാമ്യം നിഷേധിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിനായി സി ബി ഐ കസ്റ്റഡിയില്‍ വിട്ടു കൊടുക്കുകയും ചെയ്തു. എന്നാല്‍ പ്രതികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജസ്റ്റിസ് ഹേമ ജാമ്യം അനുവദിച്ചു.
ഇതിനെ ചോദ്യം ചെയ്ത് സി ബി ഐ, ഹൈക്കോടതി ജസ്റ്റിസ് ബസന്തിന്റെ സിംഗിള്‍ ബഞ്ചിനെ സമീപിച്ചു. തനിക്ക് മാത്രമാണ് അഭയ കേസ് പരിഗണിക്കാന്‍ അധികാരമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ബസന്ത് ജാമ്യാപേക്ഷ തള്ളിക്കളഞ്ഞു. ഇത് ഹൈക്കോടതി ജഡ്ജിമാര്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തിന് കാരണമായിരുന്നു.
2012ല്‍ ബി സി എം കോളജിലെ മുന്‍ പ്രൊഫസറായിരുന്ന ത്രേസ്യമ്മയുടെ വെളിപ്പെടുത്തല്‍ പ്രകാരം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന കുര്യാക്കോസ് കുന്നശ്ശേരിക്ക് പങ്കുണ്ടെന്ന് കോടതിയില്‍ സി ബി ഐ സത്യവാങ്മൂലം നല്‍കി. ഇതിന് പിന്നാലെയാണ് മുന്‍ ഫോറന്‍സിക് സര്‍ജന്റെ വെളിപ്പെടുത്തല്‍.