അനാഥരായ കുട്ടികള്‍ക്ക് വീടൊരുക്കാന്‍ എം എല്‍ എ രംഗത്ത്

Posted on: July 20, 2013 12:26 am | Last updated: July 20, 2013 at 12:26 am

എടപ്പാള്‍: അമ്മയുടെ മരണത്തെ തുടര്‍ന്ന് അനാഥരായ മക്കള്‍ക്ക് തല ചായ്ക്കുന്നതിന് വീടൊരുക്കാന്‍ എം എല്‍ എ രംഗത്ത്. കിഡ്‌നി രോഗബാധയെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വട്ടംകുളം കാന്തള്ളൂര്‍ കൊട്ടഞ്ചേരി സജിനിയുടെ അനാഥരായ മക്കളായ ഹരിത, ശ്രുതി എന്നിവര്‍ക്കാണ് എം എല്‍ എ ഡോ. കെ ടി ജലീലിന്റെ നേതൃത്വത്തില്‍ വീട് നിര്‍മിച്ച് നല്‍കുന്നത്. മരണ വിവരമറിഞ്ഞ് വെള്ളിയാഴ്ച എം എല്‍ എ സജിനിയുടെ വീട്ടിലെത്തിയിരുന്നു. സജിനിയുടെ നരക തുല്യമായ രോഗ ജീവിതവും കുടുംബത്തിന്റെ ദുരിതങ്ങളും മനസിലാക്കിയ എം എല്‍ എ അനാഥരായ സജിനിയുടെ മക്കള്‍ക്ക് തല ചായ്ക്കാനൊരിടം നിര്‍മിച്ച് നല്‍കാന്‍ സന്നദ്ധനാവുകയായിരുന്നു. രണ്ട് ലക്ഷം രൂപ സഹൃദയരില്‍ നിന്നും സമാഹരിച്ച് ജനകീയ പങ്കാളിത്തത്തോടെ ആറ് മാസത്തിനകം ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് എം എല്‍ എ അറിയിച്ചു. സജിനിക്ക് തറവാട് വകയായി ലഭിച്ച രണ്ട് സെന്റ് സ്ഥലത്താണ് വീട് നിര്‍മിക്കുക.