പിതാവില്‍ നിന്നും പീഡനം പെണ്‍കുട്ടികള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നു

Posted on: July 19, 2013 9:00 pm | Last updated: July 19, 2013 at 9:24 pm

അജ്മാന്‍:ജയില്‍ വാര്‍ഡനും ജോര്‍ദാന്‍ സ്വദേശിയുമായ പിതാവില്‍ നിന്നും അതിക്രൂരമായ പീഢനത്തിനിരയായ കുട്ടികള്‍ വിദ്യാലയത്തില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നു. 10 മുതല്‍ 16 വരെ വയസ്സുള്ള അഞ്ച് പെണ്‍കുട്ടികളെയാണ് 35 കാരനായ പിതാവ് രണ്ട് സഹോദരിമാരുടെ സഹായത്തോടെ പീഡിപ്പിച്ചത്.

മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, ഷാര്‍ജ പോലീസില്‍ ജയില്‍ വാര്‍ഡനായി ജോലിനോക്കുന്ന ഇയാളെ ആഴ്ചകള്‍ക്ക് മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് പിതാവില്‍ നിന്നും ഏറ്റ നിഷ്ഠൂരമായ പീഡന കഥ പുറം ലോകം അറിഞ്ഞത്. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ മാതാവ് വിവാഹ മോചനം നേടി നാട്ടിലേക്ക് മടങ്ങിയതോടെയാണ് ഒരു മാസക്കാലം പിതാവ് പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്.
നിരന്തരമായ പീഡനമായിരുന്നു മാതാവിനെ വിവാഹമോചനത്തിലേക്ക് നയിച്ചത്. കുട്ടികളുടെ തല മതിലിലും തറയിലും ഇടിച്ച് മുറിവേല്‍പ്പിക്കുക, സിഗരറ്റ് കുറ്റി ഉപയോഗിച്ച് ദേഹത്ത് പൊള്ളലേല്‍പ്പിക്കുക, മൂക്കിന് ഇടിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുക തുടങ്ങിയ പീഡനമുറകളാണ് ഇയാള്‍ 10, 11, 14, 15, 16 വസയുള്ള കുട്ടികളോട് ചെയ്തിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കുട്ടികളുടെ മാതാവാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ വീണ്ടും വിദ്യാലയത്തിലേക്ക് അയക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. കുട്ടികളുടെ പഠനത്തിനും സാധാരണ ജീവിതം തുടരാനും ആവശ്യമായ സാഹചര്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. വിവിധ മാധ്യമങ്ങളില്‍ സംഭവത്തെക്കുറിച്ച് വാര്‍ത്ത വന്നതോടെ പലരും ഈ കുടുംബത്തെ ഓര്‍ത്തു സഹതപിച്ചിരുന്നു. സുമനസ്സുകളുടെ സഹായം കൂടി ലഭിച്ചാല്‍ കുട്ടികളുടെ പഠനം എളുപ്പമാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. മുമ്പ് ജോലി നോക്കിയിരുന്നെങ്കിലും ആ പണവും കൂടി മുന്‍ ഭര്‍ത്താവ് ദൂര്‍ത്തടിക്കുകയായിരുന്നുവെന്നും കുട്ടികളെ പഠിപ്പിക്കാന്‍ സാമ്പത്തികമായി സാധിക്കാത്ത സാഹചര്യം വന്നതോടെയാണ് പഠനം നിലച്ചതെന്നും 15ാം വയസ്സില്‍ വിവാഹിതയും 33ാം വയസ്സില്‍ വിവാഹ മോചിതയുമായ മാതാവ് വ്യക്തമാക്കി.
ഭര്‍ത്താവില്‍ നിന്ന് കുട്ടികള്‍ക്കും തനിക്കും ഏറ്റ പീഡനങ്ങള്‍ക്ക് ശരിയായ ചികിത്സ ലഭ്യമാക്കാനും ഇവര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. പഴയത് പോലെ വല്ല ജോലിയിലും ഏര്‍പ്പെടാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഈ ഹതഭാഗ്യമായ സ്ത്രീ പങ്കുവെക്കുന്നു.
നഗ്നരാക്കി നിര്‍ത്തിയശേഷം സിഗരറ്റ് കുറ്റി ഉപയോഗിച്ച് ദേഹത്ത് പൊള്ളിച്ച് നിലത്തുകൂടെ നിരക്കുക, കട്ടികൂടിയ കയറും വടിയും ഉപയോഗിച്ച് അടിക്കുക, ദേഹത്ത് സൂചി കുത്തിക്കയറ്റുക, കുനിച്ച് നിര്‍ത്തി ഭാരമുള്ള പെട്ടി പുറത്ത് വക്കുക തുടങ്ങിയ മനുഷ്യത്വരഹിതമായ പീഡനമുറകളും ഇയാള്‍ നടത്തിയതായി അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷനും വെളിപ്പെടുത്തിയിരുന്നു.
പിതാവിന്റെ പീഡനമുറകളെക്കുറിച്ച് ഇയാളില്‍ നിന്നും വിവാഹമോചനം നേടിയ മാതാവിനോട് കുട്ടികള്‍ മൊബൈല്‍ സന്ദേശത്തിലൂടെ അറിയിച്ചതോടെയാണ് മാതാവ് ജോര്‍ദാനില്‍ നിന്നും കുട്ടികളെ കാണാന്‍ എത്തിയതും പോലീസില്‍ പരാതിപ്പെട്ടതും. ആണ്‍കുട്ടിയെ പ്രസവിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ജയില്‍ വാര്‍ഡന്‍ ഭാര്യയെയും കുട്ടികളെയും നിരന്തരം പീഡിപ്പിച്ചത്.