നെല്ലിയാമ്പതി ഭൂമി കൈമാറ്റം അനധികൃതമെന്ന് വിജിലന്‍സ്

Posted on: July 19, 2013 11:08 am | Last updated: July 19, 2013 at 11:09 am

nelliyampathyതിരുവനന്തപുരം: നെല്ലിയാമ്പതിയിലെ തോട്ടഭൂമി കൈമാറ്റം പാട്ടക്കരാര്‍ ലംഘിച്ചായിരുന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അറിയാതെയാണ് ഭൂമി കൈമാറിയതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചെറുനെല്ലി എസ്‌റ്റേറ്റിന്റേതടക്കം അഞ്ച് എസ്‌റ്റേറ്റുകളുടെ കൈമാറ്റമാണ് വിജിലന്‍സ് അനധികൃതമെന്ന് കണ്ടെത്തിയത്. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി കൈമാറുമ്പോള്‍ ഇതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി വേണമെന്ന നിയമം ലംഘിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, ചെറുനെല്ലി എസ്‌റ്റേറ്റ് കൈമാറ്റവുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് കെ എം മാണിയും പണം വാങ്ങിയിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിര്‍ദേശാനുസരണമാണ് വിജിലന്‍സ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.