മോഷണം നടത്തിയ ബസില്‍ മൊബൈല്‍ മറന്നു; മോഷ്ടാവ് കുടുങ്ങി

Posted on: July 18, 2013 1:10 am | Last updated: July 18, 2013 at 1:10 am

വേങ്ങര: മോഷണം നടത്തിയ ബസില്‍ മോഷ്ടാവ് മൊബൈല്‍ മറന്ന് വെച്ചു. കളഞ്ഞ് കിട്ടിയെന്ന് കരുതിയ മൊബൈലിനെ പിന്തുടര്‍ന്നപ്പോള്‍ മോഷ്ടാവ് വലയിലുമായി.

കുന്നുംപുറം തോട്ടശ്ശേരിയറയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വള്ളിക്കുന്ന വാടേരി രജ്ഞിത്കുമാര്‍(35)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പകല്‍ തോട്ടശ്ശേരിയറയില്‍ നിര്‍ത്തിയിട്ടി ബസിന്റ് ഡാഷ് കുത്തി തുറന്ന് കണ്ടക്ടറുടെ ബാഗിലെ പണം സഹിതം മോഷ്ടിക്കുകയായിരുന്നു. ബസ് നിര്‍ത്തിയിട്ട ശേഷം ജീവനക്കാര്‍ പള്ളിയില്‍ നമസ്‌കാരത്തിനായി പോയി തിരിച്ച് വന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബസില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ ബസ് ജീവനക്കാര്‍ക്ക് ലഭിച്ചത്. ഫോണിലേക്ക് തസ്‌ക്കരന്റെ അമ്മ മകനെ അന്വേഷിച്ച് വിളിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വേങ്ങര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബാഗിലുണ്ടായിരുന്ന 6800 രൂപയാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്.