നെല്ലിയാമ്പതിയില്‍ കടുവയുടെ ജഡം കണ്ടെത്തി

Posted on: July 18, 2013 1:06 am | Last updated: July 18, 2013 at 1:06 am

നെന്മാറ: നെല്ലിയാമ്പതി റെയ്ഞ്ച് പരിധിയിലെ കാരപ്പാറ എസ്‌റ്റേറ്റ് എ ഡിവിഷനിലുള്ള വനപ്രദേശത്ത് കടുവയുടെ ജഡം കണ്ടെത്തി. ഒരാഴ്ചയോളം പഴക്കമുള്ള ജഡം ജീര്‍ണിച്ച നിലയിലാണ്. മൂന്ന് വയസ്സ് പ്രായമുള്ള ആണ്‍ കടുവയുടേതാണ് ജഡമെന്ന് കരുതുന്നു. ചൊവ്വാഴ്ച വൈകീട്ട് എസ്‌റ്റേറ്റ് ജീവനക്കാരാണ് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചത്.
കേരളത്തിലെ രണ്ടാമത്തെ കടുവാ സംരക്ഷണ കേന്ദ്രമായ പറമ്പിക്കുളം വനമേഖലയോട് ചേര്‍ന്നാണ് കാരപ്പാറ എസ്‌റ്റേറ്റ് സ്ഥിതിചെയ്യുന്നത്.
നെന്മാറ ഡി എഫ് ഒ രാജു ഫ്രാന്‍സിസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കടുവയുടേതാണ് ജഡമെന്ന് സ്ഥിരീകരിച്ചു. നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മേല്‍നോട്ടത്തിലുള്ള കമ്മിറ്റി അംഗങ്ങളായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറസ്ട്രി കോളജിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ പി എ നമീര്‍, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ മെമ്പര്‍ രത്‌നകുമാര്‍, വെറ്ററിനറി ഡോക്ടര്‍മാരായ ശശീന്ദ്രദേവ്, സുധീര്‍ ബാബു എന്നിവര്‍ സ്ഥലത്തെത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തി.
കടുവയുടെ തലയോട്ടിയുടെ മുന്‍ഭാഗത്ത് മുറിവേറ്റിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായതായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. വിശദ പരിശോധനക്കായി തലയോട്ടി, ഉടല്‍, പല്ല്, നഖം എന്നിവ ശേഖരിച്ച് തൃശൂര്‍ വെറ്ററിനറി കോളജ്, കാക്കനാട് റീജ്യനല്‍ ലബോറട്ടറി എന്നിവിടങ്ങളിലേക്കയച്ചു.
മൂന്നാഴ്ച മുമ്പ് കാരപ്പാറ എസ്‌റ്റേറ്റ് തൊഴിലാളിയെ കടുവ ആക്രമിച്ചിരുന്നു. ഈ കടുവ തന്നെയാണോ ചത്തതെന്നും ഇതിനെ ആരെങ്കിലും കൊന്നതാണോ എന്നും അറിയാന്‍ വനംവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു.
കടുവയെ കൊന്നതാണെന്ന് സംശയമുണ്ടെന്നും ഇതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തണമെന്നും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ കോ -ഓര്‍ഡിനേറ്റര്‍ എസ് ഗുരുവായൂരപ്പന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് കത്തയച്ചിട്ടുണ്ട്.