Connect with us

International

രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ്: ബുഡാപെസ്റ്റില്‍ ആളുകളെ ഒഴിപ്പിച്ചു

Published

|

Last Updated

ബുഡാപെസ്റ്റ്: രണ്ടാം ലോകയുദ്ധത്തില്‍ വര്‍ഷിച്ച 50 കിലോ ഭാരമുള്ളതും സ്‌ഫോടനസാധ്യതയുള്ളതുമായ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബുഡാപെസ്റ്റിലെ പലാ സ്ട്രീറ്റില്‍ നിന്ന് 1500ലേറെ പേരെ ഒഴിപ്പിച്ചു. കെട്ടിട നിര്‍മാണത്തിന് സ്ഥലം ഒരുക്കുന്നതിനിടയിലാണ് ബുദ കാസിലിന് സമീപം ബോംബ് കണ്ടെത്തിയത്.

പ്രദേശത്തു നിന്ന് ആളുകളെ മുഴുവന്‍ മാറ്റിക്കഴിഞ്ഞാല്‍ സൈനികര്‍ സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ബോംബ് നിര്‍വീര്യമാക്കുമെന്ന് ഹംഗേറിയന്‍ സൈനിക വക്താവ് മെലിന്‍ഡ വര്‍കോണി പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രം കൂടിയായ ഇവിടെ ധാരാളം അപ്പാര്‍ട്ടുമെന്റുകള്‍ക്ക് പുറമെ രണ്ട് പ്രമുഖ ഹോട്ടലുകളും ഒരു ഫ്രഞ്ച് സാംസ്‌കാരിക ഇന്‍സ്റ്റിറ്റിയൂട്ടും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കെട്ടിടങ്ങളും ഒഴിയാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രണ്ടാം ലോക യുദ്ധത്തില്‍ ഹംഗറി, നാസി ജര്‍മനിയുടെ പക്ഷത്തായിരുന്നു. ഐക്യ സേനയുടെ ഭാഗമായിരുന്ന യു എസ്, ബ്രിട്ടീഷ്, സോവിയറ്റ് സേനകള്‍ 37 അവസരങ്ങളില്‍ ബുഡാപെസ്റ്റില്‍ ബോംബ് വര്‍ഷം നടത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പൊട്ടാതെ കിടന്ന ബോംബുകള്‍ പലപ്പോഴും ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്നും കണ്ടെടുത്ത് നിര്‍വീര്യമാക്കിയിട്ടുണ്ട്. 2008ന് ശേഷം ഇതുവരെ 13 തവണ ബോംബുകള്‍ അപകടം കൂടാതെ നിര്‍വീര്യമാക്കിയിട്ടുണ്ട്.

Latest