മലപ്പുറം നഗരസഭയിലെ കുടിവെള്ള പ്രശ്‌ന പരിഹാരത്തിന് ഇന്ന് അടിയന്തര യോഗം

Posted on: July 17, 2013 8:51 am | Last updated: July 17, 2013 at 8:51 am

മലപ്പുറം: നിലക്കാതെ മഴ പെയ്തിട്ടും മലപ്പുറം നഗരസഭയിലെ മുണ്ടുപറമ്പ്, കാവുങ്ങല്‍, കോല്‍മണ്ണ, മുതുവത്ത് പറമ്പ്, മൈലപ്പുറം, കാളമ്പാടി, ചീനിത്തോട്, ചെമ്മങ്കടവ് പ്രദേശങ്ങളില്‍ കുടിവെള്ളമില്ല. വാട്ടര്‍ അതോറിറ്റി വഴിയുള്ള കുടിവെള്ളം നിലച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. ഇതേ തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ കെ പി മുസ്തഫയുടെ നേതൃത്വത്തില്‍ ഇന്ന് മൂന്ന് മണിക്ക് അടിയന്തിര യോഗം ചേരാന്‍ കൗണ്‍സില്‍ തീരുമാനം.
നഗരസഭാ കൗണ്‍സിലര്‍മാര്‍ പല തവണ വാട്ടര്‍ അതോറിറ്റിയില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇന്ന് യോഗം ചേരുന്നത്. അതോറിറ്റിയിലെ നിലവിലെ ഉദ്യോഗസ്ഥര്‍ സ്ഥലം മാറിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഇതിനാല്‍ ഇപ്പോഴത്തെ ഉദ്യോഗസ്ഥരെ കൂടി യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.മൂന്നാംപടി, കൂട്ടിലങ്ങാടി പാലം, നൂറടിപ്പാലം എന്നിവിടങ്ങളില്‍ സിഗ്‌നല്‍ ലൈറ്റുകള്‍, കുന്നുമ്മല്‍ , എം എസ് പി ബസ് ബേ , കോട്ടപ്പടി, കിഴക്കേത്തല, പാസ് പോര്‍ട്ട് സേവാ കേന്ദ്രം എന്നിവിടങ്ങളില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും കുന്നുമ്മല്‍, കോട്ടപ്പടി എന്നിവിടങ്ങളിലെ നടപ്പാതകളില്‍ ലൈറ്റുകളും കോട്ടപ്പടി, തിരൂര്‍ റോഡിലെ ജീപ്പ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ സെന്‍ട്രല്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ചും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.
തൃശൂരിലെ സ്വകാര്യ കമ്പനിയാണ് നഗരസഭയെ ഇതിനായി സമീപിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റി. നടപടിക്രമങ്ങളെ കുറിച്ച് പരാമര്‍ശമില്ലാത്തതിനാലും അധികമായി വരുന്ന വൈദ്യുതി ബില്ലും നഗരസഭക്ക് ബാധ്യതയാകുമെന്ന് പ്രതിപക്ഷ നേതാവ് പാലോളി കുഞ്ഞിമുഹമ്മദ് പറഞ്ഞു.
കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പ് ഒഴിയുന്നതുമായി ബന്ധപ്പട്ട് കരാറുകാരനായ ജോബി വി ചുങ്കത്ത് ജൂണില്‍ ഒഴിയുകയാണെന്ന് ആവശ്യപ്പെട്ട് നഗരസഭക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. മൂന്ന് മാസത്തെ അഡ്വാന്‍സ് തുക വാങ്ങി കരാര്‍ ഒഴിപ്പിക്കാനും പിന്നീട് പുതിയ ടെന്‍ഡര്‍ വിളിക്കാനും തീരുമാനമായി. പൊതുമാരമത്ത് പ്രവൃത്തികളിലുണ്ടാകുന്ന അപാകതകള്‍ ഇല്ലാതാക്കാന്‍ കൗണ്‍സിലര്‍മാരും വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും ശ്രദ്ധിക്കണമെന്ന പൊതുനിര്‍ദേശവും ഉയര്‍ന്നുവന്നു.