Connect with us

Editorial

പാലില്‍ മായം ചേര്‍ക്കലിനെതിരെ

Published

|

Last Updated

മില്‍മ പാല്‍പാക്കറ്റില്‍ രേഖപ്പെടുത്തിയ “ഫ്രഷ് ആന്‍ഡ് പ്യൂവര്‍” എന്ന പദം ഒഴിവാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കയാണ്. പാല്‍പ്പൊടി ചേര്‍ത്ത് നിര്‍മിച്ച പാലെങ്ങനെയാണ് പരിശുദ്ധമാകുന്നതെന്ന് ചോദിച്ച കോടതി മായം ചേര്‍ക്കല്‍ നിയമ പ്രകാരം നടപടിയെടുക്കുമെന്ന മുന്നറിയിപ്പും മില്‍മക്ക് നല്‍കിയിട്ടുണ്ട്. പാല്‍പ്പൊടി ചേര്‍ത്ത് കൃത്രിമമായി നിര്‍മിച്ച പാലാണ് ശുദ്ധമായ പാലെന്ന പേരില്‍ വിറ്റഴിച്ചു മില്‍മ ഉപഭോക്താക്കളെ വഞ്ചിക്കുന്നത്. ഇതുസംബന്ധിച്ചു കോടതി വിശദീകരണം തേടിയപ്പോള്‍ തങ്ങള്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലെ പാല്‍ കമ്പനികളും ഇങ്ങനെ ചെയ്യുന്നുണ്ടെന്നായിരുന്നു മില്‍മ മാര്‍ക്കറ്റിംഗ് മാനേജര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. മറ്റു ള്ളവര്‍ തെറ്റ് പ്രവര്‍ത്തിക്കുന്നത് കേരളത്തില്‍ അത് ചെയ്യാനുള്ള ന്യായീകരണമല്ലെന്ന് കോടതി ഇതിന് മറുപടിയും നല്‍കി.

മില്‍മയടക്കം ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന പാലുകളെക്കുറിച്ചു വ്യാപകമായ പരാതികളുണ്ട്. പാല്‍പ്പൊടി ചേര്‍ക്കുന്നുവെന്നതിലപ്പുറം ഉത്പന്നം കേടുവരാതിരിക്കാന്‍ രാസവസ്തുക്കളും കൊഴുപ്പേകാന്‍ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളും ചേര്‍ക്കുന്നതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി നേരത്തെ രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ പാലില്‍ ഡിറ്റര്‍ജന്റ്, കൊഴുപ്പ്, പാല്‍പ്പൊടി തുടങ്ങിയവ ചേര്‍ക്കുന്നുണ്ടെന്നും 70 ശതമാനം പാലുകളും മായം കലര്‍ന്നതാണെന്നും കണ്ടെത്തിയിരുന്നു. ജമ്മുകാശ്മീരില്‍ 89 ശതമാനവും പഞ്ചാബില്‍ 81 ശതമാനവും രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ 70 ശതമാനവും മഹാരാഷ്ട്രയില്‍ 65 ശതമാനവും ഗുണനിലവാരം കുറഞ്ഞ പാലാണ് വിതരണം ചെയ്യുന്നതെന്നാണ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിലുള്ളത്.
ഉത്തരാഖണ്ഡിലെ സ്വാമി അച്യുതാനന്ദ് തീര്‍ഥിന്റെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ മായം കലര്‍ന്ന പാലിന്റെ വിതരണം തടയാന്‍ സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മാലിന്യപൂരിതവും മായം കലര്‍ന്നതുമായ പാലുത്പന്നങ്ങളുടെ വില്‍പ്പന തടയാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാന്‍ ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും, ചന്ദ്രഗോസെയും അടങ്ങുന്ന സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് മറ്റു സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി പൊതുതാത്പര്യ ഹരജിയുടെ പരിധി വര്‍ധിപ്പിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. പാലിലും പാല്‍ ഉത്പന്നങ്ങളിലും യൂറിയ, കാസ്റ്റിക് സോഡ, വെള്ള പെയിന്റ്, സോപ്പ് പൊടി തുടങ്ങിയ ഭക്ഷ്യയോഗ്യമല്ലാത്ത മാരക വസ്തുക്കള്‍ കലര്‍ത്തുന്നുവെന്ന് കാണിച്ചായിരുന്നു പൊതുതാത്പര്യ ഹരജി. ഇത്തരം വസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരവും ഗുരുതര രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതുമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാല്‍ ആഭ്യന്തര ഉപയോഗത്തിന് തികയാത്ത സാഹചര്യത്തില്‍ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മില്‍മ പാല്‍ സംഭരിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങുന്ന പാല്‍ തീരേ ഗുണനിലവാരം കുറഞ്ഞതാണെന്ന് പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പാലില്‍ 3.5 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളുമാണ് വേണ്ടത്. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന പാലില്‍ കൊഴുപ്പിന്റെ അളവ് കൂടുതലും ഇതര ഖരപദാര്‍ഥങ്ങളുടെ അളവ് കുറവുമായാണ് കണ്ടത്. പാലിന്റെ കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിനും കേടുവരാതിരിക്കാനും രാസവസ്തുക്കള്‍ ചേര്‍ത്തതായും പരിശോധനയില്‍ കണ്ടെത്തി. ശവശരീരം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ പോലും ചേര്‍ക്കുന്നതായി പറയപ്പെടുന്നുണ്ട്. ഇതടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പാല്‍ സംഭരണം നിര്‍ത്തി വെക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും സംഭരണം ഇപ്പോഴും തുടരുകയാണ്.
രാജ്യത്തെ പാല്‍ കമ്പനികള്‍ ഉപഭോക്താക്കളെ വഞ്ചിക്കുകയാണ്. ശുദ്ധമായ പാലെന്ന വ്യാജേന മാരക വിഷ വസ്തുക്കളും മായവും ചേര്‍ന്ന ഉത്പന്നങ്ങളാണ് ഇവര്‍ വിതരണം ചെയ്യുന്നത്. “കേരളം കണികണ്ടുണരുന്ന നന്മ”യും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. മുളകുപൊടിയും മല്ലിപ്പൊടിയും വില്‍ക്കുന്ന നിരപരാധിയായ ചെറുകിട വ്യാപാരിയെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യുന്ന നിയമം പാല്‍ കമ്പനികളുടെ തട്ടിപ്പ് കാണാതെ പോകുന്നതെന്ത് കൊണ്ടാണ്? മായം കലര്‍ന്ന പാലിന്റെയു ം പാലുത്പന്നങ്ങളുടെയും വില്‍പ്പന തടയാന്‍ സംസ്ഥാന സര്‍ക്കാറുകളോടുള്ള സുപ്രീം കോടതിയുടെ നിര്‍ദേശം ബന്ധപ്പെട്ടവര്‍ അവഗണിക്കുകയും ചെയ്യുന്നു. ഇത്തരം ഗുരുതര പ്രശ്‌നങ്ങളില്‍ ചിലപ്പോഴെങ്കിലും ജനതാത്പര്യം മാനിച്ചുള്ള ഉത്തരവുകളും നിര്‍ദേശങ്ങളും ഉണ്ടാകുന്നത് കോടതികളില്‍ നിന്നാണ്.

Latest