എം ടിക്ക് ജന്മദിനാശംസയുമായി നിരവധി പേര്‍ ‘സിതാര’യിലെത്തി

Posted on: July 16, 2013 7:43 am | Last updated: July 16, 2013 at 7:43 am

കോഴിക്കോട്: എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ജ്ഞാനപീഠം ജേതാവ് എം ടി വാസുദേവന്‍ നായര്‍ക്ക് അനുമോദനവുമായി ഇന്നലെയും നിരവധി പേര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി. രാഷ്ട്രീയ- സാംസ്‌കാരിക മേഖലയില്‍െപ്പട്ടവരും എഴുത്തുകാരുമടക്കം നിരവധി പേരാണ് കൊട്ടാരം റോഡിലെ എം ടിയുടെ വസതിയായ ‘സിതാര’യിലെത്തി ജന്‍മദിനാശംസകള്‍ നേര്‍ന്നത്.

കലക്ടര്‍ സി എ ലത എ ഡി എം. കെ പി രമാദേവിക്കൊപ്പം എം ടിയുടെ വീട്ടിലെത്തി പൂച്ചെണ്ട് കൈമാറി. എം ടിക്ക് ആയുരാരോഗ്യസൗഖ്യം ആശംസിച്ചാണ് കലക്ടര്‍ മടങ്ങിയത്.
സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, സി പി ഐ നേതാവ് ബിനോയ് വിശ്വം, എ ഐ സി സി അംഗം പി വി ഗംഗാധരന്‍, എ പ്രദീപ്കുമാര്‍ എം എല്‍ എ, ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് അഡ്വ. എം രാജന്‍, പി വി ചന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. പിറന്നാളിനോടനുബന്ധിച്ച് നിരവധി മാധ്യമപ്രവര്‍ത്തകരും ‘സിതാര’യിലെത്തി.