അപകട ഭീഷണിയുയര്‍ത്തി കല്‍പ്പറ്റ ടൗണിലെ ഫുട്പാത്ത്

Posted on: July 16, 2013 7:39 am | Last updated: July 16, 2013 at 7:39 am

കല്‍പറ്റ: പൊതു ജനങ്ങള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും, കച്ചവടക്കാര്‍ക്കും, ഉപകാരപ്രദമാകേണ്ട ഫൂട്ട്പാത്ത് ഗുരുതരമായ അപകട ഭീഷണിയിലായി.
കല്‍പറ്റ ടൗണിലെ ഓടയുടെ മുകളിലെ ഇരുഭാഗങ്ങളിലുമായുള്ള ഫൂട്ട്പാത്തിലെ സിമന്റ് സ്ലാബുകള്‍ അശാസ്ത്രീയമായി പാകിയതിനാല്‍ വൃദ്ധന്‍മാരും, സ്ത്രീകളും, കുട്ടികളും ഇതില്‍ തട്ടി തടഞ്ഞ് വീഴുന്നത് പതിവ് കാഴ്ചയാണ്. ഇതിന്റെ കൂടെ മഴക്കാലത്ത് ഓടയിലൂടെ നിറഞ്ഞ് കവിഞ്ഞ് വരുന്ന മഴവെള്ളവും മാലിന്യങ്ങളും കുത്തിയൊഴുകുമ്പോള്‍ ഓടയേത്, സ്ലാബ് ഏത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
മുകളിലുള്ള സിമന്റ് സ്ലാബുകളിലെ ഭയങ്കരമായ ഗര്‍ത്തങ്ങളുടേയും അപക്വമായ സിമന്റ് സ്ലാബുകളുടേയും പ്രാധാന്യം മനസ്സിലാക്കേണ്ടത് പൊതു ജനങ്ങളേയും, വിദ്യാര്‍ഥികളേയും, കച്ചവടക്കാരേയും ഒരുപോലെ ബാധിക്കുന്ന അടിയന്തിര വിഷയമായതിനാല്‍ ബന്ധപ്പെട്ട അധികാരികള്‍ എത്രയും വേഗം വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കല്‍പ്പറ്റ യൂണിറ്റ് ആവശ്യപ്പെട്ടു.
അധികാരികളുടെ ഭാഗത്ത് നിന്നുള്ള ഇത്തരം നിസ്സംഗതയും, കെടുകാര്യസ്ഥതയും പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കെ വി ശ്വനാഥന്‍, സാജി കല്ലടാസ്, സാലിഹ്. പി കെ, അജിത് പി വി , ഷൈജല്‍.സി എച്ച് , നിഖില്‍ രാജ്, അബ്ദുല്‍ഖാദര്‍, സലിം. കെ ടി, ഹിഷാം, അനീഷ് വി എന്നിവര്‍ സംസാരിച്ചു.