കാലിക്കറ്റില്‍ കൂടുതല്‍ ഗവേഷണ പ്രൊജക്ടുകള്‍ക്ക് തുക അനുവദിക്കും

Posted on: July 16, 2013 1:17 am | Last updated: July 16, 2013 at 1:17 am

കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കു കീഴില്‍ വിവിധ ഗവേഷണ പ്രൊജക്ടുകള്‍ക്ക് യു ജി സി കൂടുതല്‍ തുക അനുവദിക്കുമെന്ന് യു ജി സിയുടെ മേജര്‍ ഗവേഷണ പദ്ധതികളുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി ഡോ.ഊര്‍മ്മിള ദേവി അറിയിച്ചു. രാഷ്ട്ര വികസനത്തിന് അനുയോജ്യമായ ഗവേഷണ പദ്ധതികള്‍ക്ക് ഗണ്യമായ ഫണ്ട് യു ജി സി വകയിരുത്തിയിട്ടുണ്ട്. മികച്ച ഗവേഷകരെയാണ് ആവശ്യമെന്നും പ്രയോജനകരവും നൂതനവുമായ പദ്ധതികള്‍ തയ്യാറാക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.
സര്‍വകലാശാലാ കാമ്പസ് പഠനവകുപ്പുകളിലെയും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും ഗവേഷണ ഗൈഡുമാര്‍ക്കായി നടത്തിയ ഏകദിന ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ.ഊര്‍മ്മിള ദേവി. യു ജി സിക്ക് പുറമെ കേന്ദ്ര ബയോടെക്‌നോളജി വകുപ്പ്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് തുടങ്ങിയവക്ക് കീഴിലും പ്രൊജക്ടുകള്‍ അനുവദിക്കുന്നുണ്ടെന്ന് അവര്‍ അറിയിച്ചു.
സര്‍വകലാശാലയിലെ ഓരോ അംഗീകൃത ഗവേഷണ ഗൈഡുമാര്‍ക്കും ഒരു വര്‍ഷത്തിനകം ഒരു മേജര്‍ റിസര്‍ച്ച് പ്രൊജക്ട് എങ്കിലും ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബൃഹത ്പദ്ധതിയുടെ പ്രയോജനം സമൂഹത്തിന് മൊത്തത്തില്‍ ലഭിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുസ്സലാം പറഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഏറെ പേര്‍ പ്രൊജക്ടുകളുടെ ധനസഹായത്തിനായി ശ്രമം നടത്തുന്നുണ്ട്.
നമ്മുടെ ഗവേഷണ ഗൈഡുമാരും മികച്ച പ്രൊജക്ടുകള്‍ തയ്യാറാക്കി ധനസഹായ ഏജന്‍സികള്‍ക്കു മുമ്പില്‍ അവതരിപ്പിക്കണം. ഗവേഷണത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷം കലാശാലയില്‍ ഉണ്ടെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. നവീന ആശയങ്ങള്‍ക്കാണ് കുടുതല്‍ പ്രോത്സാഹനം ലഭിക്കുക. വിദ്യാഭ്യാസം, ഗവേഷണം, സേവനം എന്നീ മേഖലകളില്‍ അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.
അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും എണ്ണത്തിന് അനുപാതികമായി ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ.കെ രവീന്ദ്രനാഥ് പറഞ്ഞു.
സര്‍വകലാശാലയിലെ റിസര്‍ച്ച് ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുസ്സലാം നിര്‍വഹിച്ചു. സര്‍വകലാശാല നല്‍കിയ പി എച്ച് ഡി തീസീസുകളുടെ വിശദവിവരങ്ങള്‍ ഉള്‍കൊള്ളുന്ന ഡയറക്ടറിയുടെ പ്രകാശനം സിന്‍ഡിക്കേറ്റംഗം പ്രൊഫ.കെ എ സിറാജ് നിര്‍വഹിച്ചു. രജിസ്ട്രാര്‍ ഡോ.ഐ പി അബ്ദുല്‍ റസാഖ് പങ്കെടുത്തു. സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ പ്രൊഫ. എം വി ജോസഫ് ടെക്‌നിക്കല്‍ സെഷന്‍ മോഡറേറ്ററായിരുന്നു. സംസ്ഥാനത്തെ ധനസഹായ ഏജന്‍സികളെ കുറിച്ച് കെ എസ് സി എസ് ടി യിലെ ഡോ.ആര്‍ പ്രകാശ്കുമാര്‍ പ്രഭാഷണം നടത്തി. ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഓഫീസര്‍ പി എ വിനോദ്, ഫണ്ടിന്റെ അക്കൗണ്ടിംഗ് സംബന്ധിച്ച് പ്രഭാഷണം നടത്തി.