Connect with us

Ongoing News

കാനന മഖ്ബറയുടെ കാവല്‍ക്കാരന്‍

Published

|

Last Updated

Ramzan Story Photo (Nadukani Haidru)

നാടുകാണി ചുരത്തിലെ ശൈഖ് മുഹമ്മദ് സ്വാലിഹ് (റ) ന്റെ മഖ്ബറക്കരികെ ചെങ്ങരായി ഹൈദ്രു

ഇടതൂര്‍ന്ന വനം, ഇരുവശങ്ങളിലും കാട്ടാനകളുടെ നടപ്പാത, കോരിച്ചൊരിയുന്ന മഴയില്‍ നട്ടുച്ചക്കും ഇരുട്ട് പരന്ന അന്തരീക്ഷം. ഇവിടെ ചെറിയൊരു പ്ലാസ്റ്റിക്ക് പായ വലിച്ചു കെട്ടിയ കൂടാരം. ഇതിനകത്ത് നിന്ന് ഖുര്‍ആനിന്റെയും ദിക്‌റിന്റെയും ശബ്ദ മാധുര്യം ഉയര്‍ന്നു കേള്‍ക്കുന്നു. കോഴിക്കോട് ഊട്ടി സംസ്ഥാന പാതയിലെ നാടുകാണി ചുരത്തിലാണ് യാത്രക്കാര്‍ക്ക് ഈ കാഴ്ച കാണാനാകുക. യമനില്‍ നിന്ന് അറുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാമിക പ്രബോധനത്തിനായി ഇന്ത്യയിലെത്തിയ സംഘം. കോഴിക്കോട് നിന്ന് മലമ്പാത വഴി ബംഗളൂരുവിലേക്കുള്ള വഴിയില്‍ നാല് പേര്‍ നിലമ്പൂരിനടുത്ത നാടുകാണിയില്‍ വെച്ച് നിര്യാതരായെന്നാണ് ചരിത്രം. മരണം, അസുഖം വന്നത്മൂലമാണെന്നും കാട്ടാനയുടെ ആക്രമണത്തിലാണെന്നും ശത്രുക്കളുമായുള്ള ഏറ്റുമുട്ടലിനിടയിലാണെന്നും പഴമക്കാര്‍ പറയുന്നുണ്ട്. ഇതില്‍ ശൈഖ് മുഹമ്മദ് സ്വാലിഹ് (റ) ന്റെ മഖ്ബറയാണ് പാതയോരത്തായി സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന ജലധാരക്കരികെ വനത്തിനുള്ളില്‍ ഒരു ആശ്രയ കേന്ദ്രം.

വഴിക്കടവ് നിന്ന് ഊട്ടിയിലേക്കും തിരിച്ച് ഊട്ടിയില്‍ നിന്ന് വഴിക്കടവിലേക്കുമുള്ള യാത്രക്കിടയില്‍ പ്രാര്‍ഥനക്കായി നിരവധി പേര്‍ വാഹനങ്ങള്‍ ഇവിടെ ഒതുക്കി നിര്‍ത്തുന്നു. പ്രാര്‍ഥിച്ച് മടങ്ങുമ്പോള്‍ നേര്‍ച്ചപ്പെട്ടിയില്‍ നാണയത്തുട്ടുകള്‍ നിക്ഷേപിക്കുന്നു. നീലഗിരി കുന്നുകള്‍ക്കിടയിലൂടെയുള്ള ഈ വനപാതയിലെ സ്ഥിരം കാഴ്ചയാണിത്.
ഇവിടെ ഈ മഖ്ബറയുടെ പരിചാരകനായി ഒരാളുണ്ട്. വഴിക്കടവ് ചെങ്ങരായി ഹൈദ്രു. കഴിഞ്ഞ 13 വര്‍ഷമായി വനത്തിനുള്ളിലെ വെയിലും മഴയും മഞ്ഞും തന്റെ നിസ്വാര്‍ഥ സേവനത്തിന് ഹൈദ്രുവിനൊരു തടസ്സമല്ല. 10 കിലോമീറ്റല്‍ അകലെയുള്ള വഴിക്കടവിലെ തന്റെ വീട്ടില്‍ നിന്ന് അതിരാവിലെ തന്നെ ഹൈദ്രു ഇവിടെയെത്തും. അന്തിമയങ്ങിയാല്‍ ചുരമിറങ്ങും. 2000 മുതലുള്ള പതിവ് കാഴ്ചയാണിത്.
40 വര്‍ഷത്തോളം ശൈഖ് മുഹമ്മദ് സ്വാലിഹ് (റ) ന്റെ മഖ്ബറയില്‍ പരിചാരകനായിരുന്ന പിതാവ് മുഹമ്മദ് മൊല്ലയുടെ മരണശേഷമാണ് ഹൈദ്രു പിന്‍ഗാമിയായെത്തിയത്. റമസാനിന്റെ ആദ്യ രണ്ട് ദിനങ്ങളില്‍ നേരത്തെ തന്നെ ഹൈദ്രു വീട്ടിലെത്തി. പിന്നെ ഈ മഖ്ബറക്കടുത്ത് ചുരം വളവില്‍ തന്നെയാണ് ഹൈദ്രുവിന്റെ നോമ്പ്തുറ. കാരക്കയും പച്ചവെള്ളവും പിന്നെ ആരെങ്കിലും ഇവിടെ എത്തിക്കുന്ന പഴങ്ങളും, ഇതാണ് ഹൈദ്രുവിന്റെ ഇഫ്താര്‍ വിഭവങ്ങള്‍. രാത്രി വീട്ടിലെത്തിയാണ് പിന്നെയുള്ള ഭക്ഷണം. നോമ്പു തുറക്കാനും പ്രാര്‍ഥനക്കും യാത്രക്കാരും ചിലപ്പോഴൊക്കെ കൂട്ടിനുണ്ടാകും. കാട്ടാനകളെ കൂട്ടമായും ഒറ്റക്കും പലപ്പോഴും കണ്‍മുന്നില്‍ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ മഖ്ബറക്കടുത്തേക്ക് അവര്‍ ശല്യക്കാരായി എത്തിയിട്ടില്ലെന്നതാണ് ഹൈദ്രുവിന്റെ അനുഭവം.
നോമ്പ് തുറക്കാന്‍ പലരും വീടുകളിലേക്ക് ക്ഷണിക്കാറുണ്ടെങ്കിലും മഹാന്‍മാരുടെ ആത്മീയസാന്നിധ്യം പകരുന്ന അനുഭൂതിയാണ് ഹൈദ്രുവിന് മറ്റെന്തിനേക്കാളും വലുത്. ആനമറി മഹല്ലു കമ്മറ്റിയുടെ കീഴിലാണ് നിലവില്‍ മഖ്ബറ സംരക്ഷിച്ച് പോരുന്നത്. പാതയോരത്തെ ശൈഖ് മുഹമ്മദ് സ്വാലിഹ് (റ) ന്റെ മഖ്ബറക്കു പുറമെ മറ്റു മൂന്ന് മഹാന്‍മാരുടെ മഖ്ബറകള്‍ വനത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. ശഅ്ബാന്‍ ഒന്നിന് ഇവിടെ നേര്‍ച്ചയും പ്രത്യേക പ്രാര്‍ഥനകളും നടക്കാറുണ്ട്.
നാടുകാണി ചുരത്തിലെ ശൈഖ് മുഹമ്മദ് സ്വാലിഹ് (റ) ന്റെ മഖ്ബറക്കരികെ ചെങ്ങരായി ഹൈദ്രു

 

 

Latest