മോഡിയുടെ പ്രസംഗം കേള്‍ക്കണമെങ്കില്‍ അഞ്ച് രൂപ മുടക്കണം

Posted on: July 15, 2013 9:36 pm | Last updated: July 15, 2013 at 9:36 pm

modi_350_071513040917ഹൈദരാബാദ്: മോഡിയുടെ പ്രസംഗം വിറ്റ് പണമാക്കി മാറ്റാന്‍ ആന്ധ്രപ്രദേശിലെ ബിജെപിയുടെ നീക്കം. ഓഗസ്റ്റ് 15ന് ഹൈദറാബാദില്‍ മോഡി പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അഞ്ചു രൂപ പ്രവേശന ഫീസ് ഈടാക്കാനാണ് പാര്‍ട്ടിയുടെ നീക്കം. ഹൈദറാബാദിലെ ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തോളം പേര്‍ പ്രസംഗം കേള്‍ക്കാന്‍ എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്്.ഐടി പ്രൊഫഷണലുകളെയും കോളജ് വിദ്യാര്‍ഥികളെയുമാണ് ബിജെപി ലക്ഷ്യമിടുന്നത്. 40,000 പേര്‍ ഇതിനോടകം പ്രസംഗം കേള്‍ക്കാന്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. കുറഞ്ഞത് 70,000 പേര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. മോഡിയുടെ ജനസമ്മതിയുടെ ഉദാഹരണമാണിതെന്നും ആന്ധ്ര ബിജെപി വക്താവ് എന്‍. രാമചന്ദ്രറാവും പറഞ്ഞു. ഇത്തരത്തില്‍ ശേഖരിക്കുന്ന പണം ഉത്തരാഖണ്ഡിലെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും പാര്‍ട്ടി അറിയിച്ചു.ഓണ്‍ലൈനിലൂടെയാണ് രജിസ്‌ട്രേഷന്‍ നടത്തുക. ഓഗസ്റ്റ് 10 വരെ രജിസ്‌ട്രേഷന്‍ ഉണ്ടാകും.