Connect with us

National

കോപ്റ്റര്‍ ഇടപാട്: ബംഗാള്‍, ഗോവ ഗവര്‍ണര്‍മാരെ ചോദ്യം ചെയ്‌തേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാട് കേസില്‍ പശ്ചിമ ബംഗാള്‍, ഗോവ ഗവര്‍ണര്‍മാരെ സി ബി ഐ ചോദ്യം ചെയ്‌തേക്കും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍, ഗോവ ഗവര്‍ണര്‍ ബി വി വാന്‍ചൂ എന്നിവരെ ചോദ്യം ചെയ്യുന്നത് സി ബി ഐയുടെ സജീവ പരിഗണനയിലാണ്. വ്യോമ സേനാ മുന്‍ മേധാവി എസ് പി ത്യാഗിയെയും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കളെയും മറ്റ് ഒമ്പത് പേരെയും എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹെലികോപ്റ്റര്‍ ഇടപാടിനായി കമ്പനി ഇടനിലക്കാര്‍ക്ക് 362 കോടി രൂപ നല്‍കിയതായാണ് ആരോപണം. കേസില്‍ അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് എക്‌സിക്യൂട്ടീവുമാരുടെയും മാതൃ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെയും വിചാരണാ നടപടികള്‍ ഇറ്റലിയില്‍ പുരോഗമിക്കുകയാണ്.
കോപ്റ്റര്‍ ഇടപാട് കാലത്ത് ദേശീയ സുരക്ഷാ ഉപദേശകനായിരുന്നു എം കെ നാരായണന്‍. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് മേധാവിയായി പ്രവര്‍ത്തിക്കുകയായിരുന്നു ബി വി വാന്‍ചൂ. ഇരുവരും പങ്കെടുത്ത യോഗത്തിലാണ് കോപ്റ്ററുകളുടെ ഉയര പരിധി കുറക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. ആറായിരം മീറ്റര്‍ വേണ്ട ഉയര പരിധി നാലായിരം മീറ്ററായി കുറച്ചത് കേസില്‍ നിര്‍ണായകമാണ്. ഈ തീരുമാനം എടുക്കുന്നതില്‍ ദുരുദ്ദേശ്യമുണ്ടായിരുന്നോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും.

Latest