Connect with us

National

തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍: ഇലക്ഷന്‍ കമ്മീഷന്‍ കക്ഷികളുടെ യോഗം വിളിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ സൗജന്യ വാഗ്ദാനങ്ങളെ സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ അഭിപ്രായ സ്വരൂപണം നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത മാസം രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സംബന്ധിച്ച് വ്യക്തമായ നയം രൂപവത്കരിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.
പ്രകടനപത്രികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സൗജന്യ വാഗ്ദാനങ്ങളെ നിര്‍വചിക്കുക ബുദ്ധിമുട്ടായിരിക്കും. ഒരു സംസ്ഥാനത്ത് സൗജന്യമായി കണക്കാക്കുന്ന വാഗ്ദാനം മറ്റൊരു സംസ്ഥാനത്ത് അങ്ങനെയായിരിക്കില്ല. ദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഇതെന്നും ചിലപ്പോള്‍ വാദഗതികള്‍ ഉയര്‍ന്നേക്കാം.
പ്രകടനപത്രികയില്‍ ഇത്തരം അതിര്‍വരമ്പുകള്‍ വെച്ചാല്‍, ദരിദ്രരുടെ ക്ഷേമം ലക്ഷ്യമിട്ട് സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്ന സൗജന്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടാത്ത സ്ഥിതിയുണ്ടാക്കും. ഉദാഹരണത്തിന് ദരിദ്ര വിദ്യാര്‍ഥിക്ക് നല്‍കുന്ന ലാപ്‌ടോപ് ആധുനിക സാങ്കേതികതയെ തൊട്ടറിയാനുള്ള അവസരമായാണ് കാണാനാകുക. അതുവഴി വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാക്കാനും സാധിക്കും. എന്നാല്‍ ഡല്‍ഹി പോലെയുള്ള സമ്പന്ന സംസ്ഥാനങ്ങളില്‍ ലാപ്‌ടോപ് നല്‍കുന്നത് സൗജന്യമായാണ് കാണാനാകുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അഭിപ്രായ രൂപവത്കരണത്തിന് സുപ്രീം കോടതിയുടെ വിധിയുടെ പകര്‍പ്പ് എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ലോക രാഷ്ട്രങ്ങളിലെ കീഴ്‌വഴക്കം പരിശോധിക്കാനും അവയുടെ അഭിപ്രായം ആരായാനും കമ്മീഷന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ വാഗ്ദാനങ്ങളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് കഴിഞ്ഞ അഞ്ചാം തീയതി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. പ്രകടനപത്രികകളില്‍ പ്രഖ്യാപിക്കുന്ന സൗജന്യ വാഗ്ദാനങ്ങളെ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് വിധിപ്രഖ്യാപനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു.