കൂടംകുളം: പ്രക്ഷോഭം ശക്തമാക്കുമെന്ന് സമരസമിതി

Posted on: July 15, 2013 7:39 am | Last updated: July 15, 2013 at 1:08 pm

koodamkulamചെന്നൈ: കൂടംകുളം ആണവ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് നിലയത്തിന്റെ ആദ്യ യൂനിറ്റില്‍ നിന്നുള്ള ആദ്യഘട്ട വൈദ്യുതി ഉത്പാദനത്തിന് തുടക്കമിട്ടത്. വിതരണത്തിനാവശ്യമായ വൈദ്യുതി 40 ദിവസത്തിനകം ഉത്പാദിപ്പിക്കാന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ നിലയത്തിന്റെ ആകെ ശേഷിയുടെ 50 ശതമാനവും രണ്ടാം ഘട്ടത്തില്‍ 70 ശതമാനവും മൂന്നാം ഘട്ടത്തില്‍ 90 ശതമാനവും വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. ഇത് പൂര്‍ണ തോതില്‍ നടപ്പിലായാല്‍ 5,780 മെഗാ വാട്ടിന്റെ സംഭരണ ശേഷിയുണ്ടാകുമെന്ന് സൈറ്റ് ഡയറക്ടര്‍ ആര്‍ എസ് സുന്ദര്‍ അറിയിച്ചു.
നിലയത്തിന്റെ മുഴുവന്‍ സുരക്ഷയും ഉറപ്പാക്കിയ ശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയതെന്ന് ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ എസ് കെ സിന്‍ഹ പറഞ്ഞു. വൈദ്യുതി ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങള്‍ വളരെ സുരക്ഷിതവും ശാസ്ത്രീയവുമായി പൂര്‍ത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
കൂടംകുളം നിലയത്തിന്റെ നിര്‍മാണം മുതല്‍ കമ്മീഷന്‍ ചെയ്യുന്നതുവരെയുള്ള ഓരോ ഘട്ടവും അങ്ങേയറ്റം സൂക്ഷ്മവും കൃത്യവുമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടന്നതെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്(എന്‍ പി സി ഐ എല്‍) ചെയര്‍മാന്‍ കെ സി പുരോഹിത് പറഞ്ഞു. എന്‍ പി സി ഐ എല്‍, ആറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ്(എ ഇ ആര്‍ ബി) എന്നിവയില്‍ നിന്നുള്ള വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ആയിരം മെഗാവാട്ട് ഉത്പാദന ശേഷിയുള്ള നിലയത്തിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. 17,000 കോടി രൂപയാണ് പദ്ധതി ചെലവ്. 11ാം തീയതി എ ഇ ആര്‍ ബിയുടെ അനുമതി ലഭിച്ചതോടെയാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയുടെ 21ാമത്തെ ന്യൂക്ലിയര്‍ റിയാക്ടറാണ് കൂടംകുളത്തേത്.
അതിനിടെ, ആണവ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് സമിതി സുപ്രീം കോടതിയെ സമീപിക്കും. ശനിയാഴ്ച അര്‍ധരാത്രിയോടെ വൈദ്യുതി ഉത്പാദന പ്രക്രിയക്ക് തുടക്കം കുറിച്ചിരിക്കെ സമരം ശക്തമാക്കുന്നതിനും പ്രക്ഷോഭ രീതികളെ കുറിച്ച് ആലോചിക്കുന്നതിനും കൂടംകുളം ആണവ വിരുദ്ധ സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. ആണവ നിലയം പ്രവര്‍ത്തനം തുടങ്ങുന്ന സാഹചര്യത്തില്‍ മരണം വരെ പോരാടാനാണ് സമര സമിതിയുടെ തീരുമാനം. നിലയത്തിനെതിരെ സമരം തുടങ്ങിയതിന്റെ 700ാം ദിവസമായ ഇന്ന് വൈകീട്ട് പ്രതീകാത്മക മരണ സമരം നടത്തും. നാട്ടുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രകൃതി സ്‌നേഹികളും സാംസ്‌കാരിക നായകരും പങ്കെടുക്കും. സമരത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളില്‍ ഇന്ന് കരിദിനം ആചരിക്കുമെന്നും സമരസമിതി അറിയിച്ചു.
ആണവനിലയം പ്രവര്‍ത്തന സജ്ജമായതോടെയാണ് സമരസമിതി അടുത്തഘട്ട സമരത്തിലേക്ക് നീങ്ങുന്നത്. പ്രക്ഷോഭങ്ങളുടെ വെളിച്ചത്തില്‍ കൂടംകുളത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.