മെഡിക്കല്‍ സ്ഥാപനത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ്‌

Posted on: July 15, 2013 1:56 am | Last updated: July 15, 2013 at 1:56 am

തലശ്ശേരി: മെഡിക്കല്‍ സ്ഥാപനത്തിന്റെ മറവില്‍ തലശ്ശേരിയില്‍ കോടികളുടെ തട്ടിപ്പ്. ഡോക്ടര്‍മാര്‍ മുതല്‍ പ്രവാസികള്‍ വരെയുള്ളവര്‍ വഞ്ചിതരായി. ആരോപണവിധേയനായ മലപ്പുറം സ്വദേശി ഒളിവില്‍ പോയി. തലശ്ശേരിക്കടുത്ത മഞ്ഞോടി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നില്‍ സ്‌പെഷ്യാലിറ്റി ഹോര്‍മോണ്‍ ലാബ് നടത്തിയ മലപ്പുറം മങ്കട വെള്ളില സ്വദേശി വലിയ പീടികക്കല്‍ അബ്ദുല്‍ ജലീലിനെതിരെ തട്ടിപ്പിനിരയായവര്‍ നിയമനടപടിക്കൊരുങ്ങുകയാണിപ്പോള്‍. കൂത്തുപറമ്പ് നരവൂര്‍ റോഡ് സി കെ ഹൗസില്‍ ഇടപ്പിലകത്ത് തറാല് ഇബ്‌റാഹിം ഇതിനകം പെരിന്തല്‍മണ്ണ, തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞു.
വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജോലി ചെയ്തിട്ടും കാര്യമായൊന്നും സമ്പാദിക്കാനാകാതെ നാട്ടില്‍ തിരിച്ചെത്തിയ ഗൃഹനാഥനാണ് ഇബ്‌റാഹിം. ഒരു പ്രമുഖ മലയാള പത്രത്തില്‍ പ്രത്യക്ഷപ്പെട്ട പരസ്യം കണ്ടാണ് ആകെയുണ്ടായിരുന്ന അഞ്ചര സെന്റ് സ്ഥലം വിറ്റ് കിട്ടിയതുള്‍പ്പെടെ എട്ട് ലക്ഷം രൂപ മധ്യസ്ഥര്‍ മുഖേന അബദുല്‍ ജലീലിന് നല്‍കിയത്. സ്ലീപ്പിംഗ് പാര്‍ട്ണര്‍ ആക്കാമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. അത് പ്രകാരം പ്രതിമാസം 25,000 രൂപ ലാഭവിഹിതമായും കിട്ടുമെന്ന ആശ്വാസത്തിലാണ് പണം നല്‍കിയത്. ഉറപ്പിനായി ധനലക്ഷ്മി ബേങ്കിന്റെ ചെക്കും ലഭിച്ചിരുന്നു. സ്ഥാപനം ആരംഭിച്ച് നാല് മാസത്തോളം കൃത്യമായി ലാഭവിഹിതം കിട്ടിയിരുന്നുവെന്ന് ഇബ്‌റാഹിം പറയുന്നു.
പിന്നീട് ഒരു ദിവസം നേരത്തെ നല്‍കിയ ചെക്ക് ജലീല്‍ തിരിച്ചുവാങ്ങി. പകരം പഞ്ചാബ് നാഷനല്‍ ബേങ്കിന്റെതായി എട്ട് ലക്ഷത്തിന്റെ ചെക്ക് നല്‍കി. ലാഭവിഹിതമായി 2,40,000 രൂപയുടെ മറ്റൊരു ചെക്കും നല്‍കി. രണ്ടും വണ്ടിച്ചെക്കുകളായിരുന്നുവത്രെ. വ്യവസ്ഥകള്‍ പാലിക്കാതായതോടെ ജലീലീനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ സംസാരിക്കാനും കഴിയാതായി.
ഇതിനിടെ മഞ്ഞോടിയിലെ സ്ഥാപനം രഹസ്യമായി മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. കൂത്തുപറമ്പ് പുറക്കളം സ്വദേശിയായ ഡോക്ടര്‍ക്കാണ് കൈമാറിയത്. ഇയാളില്‍ നിന്ന് ജലീല്‍ നേരത്തെ മുക്കാല്‍ കോടിയോളം രൂപ പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥയില്‍ കൈപ്പറ്റിയിരുന്നുവെന്നും സൂചനയുണ്ട്. സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പേരിന് മാത്രമാണെന്നാണ് വിവരം. തലശ്ശേരി കൂത്തുപറമ്പ് വടകര ഭാഗങ്ങളിലെ പതിനാറോളം പേര്‍ക്ക് ജലീലിന്റെ പാര്‍ട്ണര്‍ഷിപ്പ് കെണിയില്‍ വീണ് പണം നഷ്ടപ്പെട്ടതായി അറിയുന്നു.