അഞ്ചു പെണ്‍കുട്ടികളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Posted on: July 14, 2013 11:07 pm | Last updated: July 14, 2013 at 11:07 pm

അജ്മാന്‍: 10 മുതല്‍ 16 വരെ വയസ്സുള്ള അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച ജോര്‍ദാനിയായ പിതാവ് അറസ്റ്റില്‍. 35 കാരനായ പിതാവാണ് രണ്ട് സഹോദരിമാരുടെ സഹായത്തോടെ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.
പെണ്‍കുട്ടികളുടെ തല മതിലിലും തറയിലും ഇടിച്ച് മുറിവേല്‍പ്പിക്കുക, സിഗരറ്റ് കുറ്റി ഉപയോഗിച്ച് ദേഹത്ത് പൊള്ളിക്കുക, മൂക്കിന് ഇടിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുക തുടങ്ങിയ പീഡനമുറകളാണ് ഇയാള്‍ 10, 11, 14, 15, 16 വസയുള്ള കുട്ടികളോട് ചെയ്തിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നഗ്നരാക്കി നിര്‍ത്തിയശേഷം സിഗരറ്റ് കുറ്റി ഉപയോഗിച്ച് ദേഹത്ത് പൊള്ളിച്ച് നിലത്തുകൂടെ നിരക്കുക, കട്ടികൂടിയ കയറും വടിയും ഉപയോഗിച്ച് അടിക്കുക, ദേഹത്ത് സൂചി കുത്തിക്കയറ്റുക തുടങ്ങിയ മനുഷ്യത്വരഹിതമായ പീഡനമുറകളും ഇയാള്‍ നടത്തിയതായി അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷനും വെളിപ്പെടുത്തി.
പിതാവിന്റെ പീഡനമുറകളെക്കുറിച്ച് ഇയാളില്‍ നിന്നും വിവാഹമോചനം നേടിയ മാതാവിനോട് കുട്ടികള്‍ മൊബൈല്‍ സന്ദേശത്തിലൂടെ അറിയിക്കുകയും കുട്ടികളെ കാണാന്‍ മാതാവ് വരികയും ചെയ്തതോടെയാണ് പരിഷ്‌കൃത സമൂഹത്തെ നാണിപ്പിക്കുന്ന പീഡനമുറകള്‍ പുറംലോകം അറിഞ്ഞത്.
പിതാവിനൊപ്പം അദ്ദേഹത്തിന്റെ സഹോദരിമാരും രാപകല്‍ ഭേദമില്ലാതെ കുട്ടികളെ പലവിധ പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. പോലീസിന്റെ ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനകളില്‍ കുട്ടികളുടെ ദേഹത്ത് വിവിധ തരത്തിലുള്ള പീഡനത്തിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഷാര്‍ജ പോലീസില്‍ ജയില്‍ വാര്‍ഡനായി കഴിഞ്ഞ 12 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ് പ്രതിയായ പിതാവ്. പിതാവിനൊപ്പം സഹോദരിമാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
18 വര്‍ഷം ഒന്നിച്ച് ജീവിച്ചെങ്കിലും ഭര്‍ത്താവ് തടവ് പുള്ളികളോട് പെരുമാറുന്ന രീതിയാണ് വീട്ടിലും സ്വീകരിച്ചിരുന്നതെന്നും സഹികെട്ട് ഏതാനും മാസം മുമ്പ് അജ്മാന്‍ കോടതിയില്‍ നിന്നും വിവാഹമോചനം നേടുകയായിരുന്നുവെന്നും മാതാവ് വ്യക്തമാക്കി.
ആണ്‍കുട്ടി പിറക്കാത്തതായിരുന്നു പീഡനത്തിന് അടിസ്ഥാനം. പീഡനത്തില്‍ പല്ലുകള്‍ പൂര്‍ണമായും കൊഴിയും വരെ ഡോക്ടറെ കാണാന്‍ അനുവദിച്ചില്ല. മുട്ടു കുത്തി നിര്‍ത്തി മണിക്കൂറുകളോളം ഭാരമുള്ള സ്യൂട്ട് കെയ്‌സ് കയറ്റിവെക്കുന്നതും പീഡനത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ഇവര്‍ പറഞ്ഞു.