വിമാനക്കമ്പനി നല്‍കിയ തുക ഒളിമ്പ്യന്‍ ദിജു ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കി

Posted on: July 14, 2013 8:57 am | Last updated: July 14, 2013 at 8:57 am

രാമനാട്ടുകര: ലഗേജ് നല്‍കാതെ ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം ഒളിമ്പ്യന്‍ ദിജുവിനെ വട്ടം കറക്കിയ വിമാന കമ്പനി നഷ്ടപരിഹാരമായി നല്‍കിയ 35,000 രൂപ അദ്ദേഹം ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. എറണാകുളത്തെ ഡോ. ഗംഗാധരന്റെ ലേക്ക്‌ഷോര്‍ ആശുപ ത്രിക്കാണ് തുക കൈമാറിയത്.

ജൂണ്‍ 10നാണ് സംഭവങ്ങളുടെ തുടക്കം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ദുബൈയിലേക്ക് യു എ ഇ ഓപ്പണ്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ പോയ ഒളിമ്പ്യന്‍ ദിജുവിനെ ലഗേജ് നല്‍കാതെ വട്ടം കറക്കിയ സ്‌പൈസ് ജെറ്റ് വിമാന കമ്പനിയാണ് നഷ്ടപരിഹാരം നല്‍കിയത്.
മാലിദ്വീപില്‍ കളിച്ചതിനു ശേഷം നെടുമ്പാശ്ശേരിയില്‍ നിന്ന് ദുബായിലേക്ക് വിമാനം കയറിയ ദിജുവിന്റെ ബാറ്റ്, ഷൂ, മറ്റു സാധനങ്ങള്‍ എന്നിവയടങ്ങിയ ബാഗ് ദുബൈയിലെത്തിയപ്പോള്‍ ആവശ്യപ്പെട്ടെങ്കിലും വൈകുന്നേരം റൂമില്‍ എത്തിക്കാമെന്നാണ് വിമാന കമ്പനിക്കാര്‍ പറഞ്ഞത്. വൈകീട്ട് ബാഗ് എത്താതായതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ഫോണ്‍ എടുക്കാതെ ദിജുവിനെ വട്ടം കറക്കുകയായിരുന്നു.
വേറെ കളി ഉപകരണങ്ങള്‍ വാങ്ങിയാണ് ദുബൈയില്‍ ദിജു കളിച്ചത്. ഈ കളിയില്‍ ദിജു വിജയിക്കുകയും ചെയ്തു. കളി കഴിഞ്ഞ ശേഷം ഓഫീസില്‍ എത്തിയ ദിജുവിനോട് ലഗേജ് എറണാകുളത്തെ ഓഫീസില്‍ നിന്ന് വാങ്ങാന്‍ വിമാനക്കമ്പനി പറഞ്ഞു. 16ന് കേരളത്തിലെത്തിയ ദിജു എറണാകുളത്തെ ഓഫീസില്‍ പരാതി നല്‍കാന്‍ ചെന്നെങ്കിലും പരാതി സ്വീകരിക്കാന്‍ കമ്പനി തയ്യാറായില്ല. വിമാന കമ്പനിയുടെ നിരുത്തരവാദപരമായ പെരുമാറ്റം കാരണം ഉണ്ടായ നഷ്ടപരിഹാരമായാണ് ദിജു വിന് തുക നല്‍കിയത്.