Connect with us

Malappuram

മൊബൈല്‍ ഇന്‍സിനേറ്റര്‍ നഗരസഭക്ക് ബാധ്യതയാകുന്നു

Published

|

Last Updated

കോട്ടക്കല്‍: മൈലാടിയിലെ മാലിന്യം സംസ്‌കരിക്കാന്‍ എത്തിച്ച മൊബൈല്‍ ഇന്‍സിനേറ്റര്‍ നഗരസഭക്ക് ബാധ്യതയാകുന്നു. രണ്ട് ദിവസം പ്രവര്‍ത്തിച്ചപ്പോള്‍ തന്നെ വന്‍തുക ചെലവായതിന് പുറമെ ഉദ്ദേശിച്ച ഫലവും കാണാതെ വരുന്നതാണ് നഗരസഭയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. തിരുവനന്തപുരം നഗരസഭ കൈയൊഴിഞ്ഞ ഇന്‍സിനേറ്ററാണ് ഒരു മാസത്തേക്ക് നഗരസഭ കൊണ്ടുവന്നത്. 
കഴിഞ്ഞയാഴ്ച എത്തിയെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ പിന്നേയും ദിവസമെടുത്തു. വ്യാഴാഴ്ച്ചയാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. പ്ലാന്റിലെ അഴുകിയ മാലിന്യങ്ങളാണ് കത്തിക്കാനെടുത്തത്. ഇതാവട്ടെ മഴ നനഞ്ഞതിനാല്‍ വേണ്ടപോലെ കത്തുന്നില്ല. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂര്‍ പ്രവര്‍ത്തിച്ചപ്പോള്‍ തന്നെ 270ലിറ്റര്‍ ഡീസല്‍ ചെലവു വന്നു. ഒരു മാസത്തക്കാണ് നഗരസഭ ഇത് വാടകക്കെടുത്തിരിക്കുന്നത്. ഇത്രയും ദിവസത്തെ പ്രവര്‍ത്തിക്ക് വന്‍ തുകയാവും ചെലവ് വരിക. നിശ്ചിത ദിവസത്തിനകം പ്ലാന്റിനകത്തെ മാലിന്യങ്ങള്‍ മുഴുവന്‍ കത്തിക്കാനാകുമൊ എന്നതും പ്രശ്‌നമാണ്. മൈലാടി പ്ലാന്റിനെതിരെ ജനങ്ങള്‍ സംഘടിച്ചതിനെ തുടര്‍ന്നാണ് മാലിന്യ നീക്കം തടസ്സമായതും താത്കാലിക പരിഹാരമായി മൊബൈല്‍ ഇന്‍സിനേറ്റര്‍ എത്തിച്ചതും.
തിരുവനന്തപുരത്തെ അതിരൂക്ഷമായിരുന്ന മാലിന്യ പ്രശ്‌നത്തിന് പരിഹാരമായാണ് അവിടെ മൊബൈല്‍ ഇന്‍സിനേറ്റര്‍ വിലക്കെടുത്തത്. പക്ഷേ വന്‍തുക ചെലവ് വരുത്തുന്ന ഇതിനോട് പൊരുത്തപ്പടാന്‍ നഗരസഭക്കായില്ല. ഇതെ തുടര്‍ന്ന് ഇവര്‍ ഉപേക്ഷിച്ച് വഴിയില്‍ കിടന്ന ഇന്‍സിനേറ്ററാണ് കോട്ടക്കല്‍ നഗരസഭ കൊണ്ടുവന്നത്.
പകുതി ചെലവ് ശുചിത്വ മിഷന്‍ വഹിക്കുമെങ്കിലും ഭാരം അമിതമായിരിക്കും. 2.19കോടി ചെലവില്‍ ഗുജ്‌റാത്തിലെ ചിന്തന്‍സെയില്‍ കമ്പനിയില്‍ നിന്ന് സിഡ്‌കോ മുഖേനയാണ് ശുചിത്വ മിഷന്‍ ഇന്‍സിനേറ്റര്‍ സ്വന്തമാക്കിയത്. കരാര്‍ പ്രകാരം 23ലക്ഷം രൂപ കമ്പനിക്ക് ഇനിയും നല്‍കാനുണ്ട്. തിരുവനന്തപുരം നഗരസഭ കൈയൊഴിഞ്ഞതോടെ തുരുമ്പെടുക്കാന്‍ തുടങ്ങിയ യന്ത്രത്തെ രക്ഷിക്കാനാണ് ആവശ്യക്കാര്‍ക്ക് 50ശതമാനം ഇളവില്‍ യന്ത്രം നല്‍കാന്‍ ശുചിത്വമിഷന്‍ തീരുമാനിച്ചത്.
കോട്ടക്കല്‍ നഗസഭയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ അങ്ങനെയാണ് യന്ത്രം ഇവിടെ എത്തുന്നത്. യന്ത്രം പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ തന്നെ നെഞ്ചിടിപ്പ് തുടങ്ങിയ സാഹചര്യത്തില്‍ ആശങ്കയും അധികൃതര്‍തരെ പിടികുടിയിട്ടിണ്ട്. വെള്ളിയാഴ്ച്ചത്തോടെ നിര്‍ത്തി വെച്ച പ്രവര്‍ത്തനം നാളെ പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അതെ സമയം സംഭവത്തെ കുറിച്ച് വ്യക്തമായ വിവരം നല്‍കാനും ജീവനക്കാര്‍ തയ്യാറാകുന്നില്ല.