Connect with us

Malappuram

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്: മുസ്‌ലിം പെണ്‍കുട്ടികള്‍ക്കുള്ള അപേക്ഷ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് മടി

Published

|

Last Updated

കാളികാവ്: പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് മുസ്‌ലിം പെണ്‍കുട്ടികള്‍ക്കുള്ള അപേക്ഷ സ്വീകരിക്കാന്‍ അധികൃതര്‍ മടിക്കുന്നു. ഇരട്ട സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രയാസം കണക്കിലെടുത്താണ് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ മുസ്‌ലിം പെണ്‍കുട്ടികളില്‍ നിന്ന് സ്വീകരിക്കാന്‍ പ്രധാനാധ്യാപകരും എ ഇ ഒ മാരും തയ്യാറാകാത്തതെന്നാണ് ആരോപണം.

മുസ്‌ലിം പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കുന്നവര്‍ക്കെല്ലാം ലഭിക്കുന്നുണ്ട്. എന്നാല്‍ പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് എല്ലാവര്‍ക്കും ലഭിക്കാറുമില്ല. യു പി വിഭാഗം മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് 125 രൂപയും, ഹൈസ്‌കൂള്‍ വിഭാഗത്തിന് 150 രൂപയുമാണ് മുസ്‌ലിം ഗേള്‍സ് സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നത്. എന്നാല്‍ പ്രിമെട്രിക്ക് സ്‌കോളര്‍ഷിപ്പ് 1000 രൂപയാണ് നല്‍കിവരുന്നത്. ഒരു കുട്ടി രണ്ട് സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ലെന്ന ഉത്തരവാണ് പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് മുസ്‌ലിം പെണ്‍കുട്ടികളെ നിരുല്‍സാഹപ്പെടുത്താന്‍ കാരണം. രണ്ട് സ്‌കോളര്‍ഷിപ്പും ഒരു കുട്ടിക്ക് ലഭിച്ചാല്‍ തിരിച്ചടക്കേണ്ട ഉത്തരവാദിത്വം പ്രധാനാധ്യാപകര്‍ക്കാണ്. ആദ്യം കിട്ടുന്ന സ്‌കോളര്‍ഷിപ്പ് തുക നിലനിര്‍ത്തി രണ്ടാമത്തേത് തിരിച്ചടക്കാന്‍ നിര്‍ദ്ദേശം വന്നതോടെയാണ് പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ മുസ്‌ലിം പെണ്‍കുട്ടികളില്‍ നിന്ന് സ്വീകരിക്കാന്‍ അധകൃതര്‍ മടിക്കുന്നത്.
മുസ്‌ലിം പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുകയാണ് ആദ്യം ലഭിക്കുന്നത് എന്നതിനാല്‍ ഇതാണ് നിലനിര്‍ത്തണ്ടന്നാണ് നിര്‍ദ്ദേശം. കുട്ടികളുടെ എക്കൗണ്ടിലേക്ക് തുക നേരിട്ട് അയക്കാനുള്ള നീക്കം കൂടുതല്‍ പ്രയാസങ്ങളുണ്ടാക്കുന്നുണ്ടെന്നും പ്രധാനാധ്യാപകര്‍ പറയുന്നു. ഇരട്ട സ്‌കോളര്‍ഷിപ്പ് കൈപറ്റെരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും രണ്ട് സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കരുതെന്ന് നിര്‍ദ്ദേശമില്ല. മുസ്‌ലിം പെണ്‍കുട്ടികള്‍കുള്ള സ്‌കോളര്‍ഷിപ്പ് അപേക്ഷിച്ചവര്‍ക്കെല്ലാം ലഭിക്കുമെന്നതിനാല്‍ പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട എന്ന് പറയുന്ന വിദ്യാലയങ്ങള്‍ പോലുമുണ്ടെന്നാണ് അറിയുന്നത്.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് ഇപ്പോള്‍ പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് തടസ്സമായിമാറുന്ന സാഹചര്യം ഒഴിവാക്കണെമെന്ന് രക്ഷിതാക്കള്‍ പറയുന്നു. രണ്ട് സ്‌കോളര്‍ഷിപ്പുകളും രണ്ട് ഉദ്ദേശത്തോടെയാണ് കൊണ്ട് വന്നതാണെന്നും അതിനാല്‍ തന്നെ ഒരു സ്‌കോളര്‍ഷിപ്പ് കിട്ടി എന്നതിന്റെ പേരില്‍ മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ തടസ്സപ്പെടുത്താന്‍ പാടില്ലെന്നും ആവശ്യം ഉയര്‍ന്നു.
രണ്ട് സ്‌കോളര്‍ഷിപ്പുകള്‍ കൈപറ്റാന്‍ പാടില്ലെന്ന നിര്‍ദ്ദേശം സ്‌കോഷര്‍ഷിപ്പുകളുടെ ഉദ്ദേശത്തെ തന്നെ തകിടം മറിക്കുമെന്നും ഇത് മുസ്‌ലിം പെണ്‍കുട്ടികളോടുള്ള ക്രൂരതയാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. പ്രായോഗികമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണ് എന്ന് മേനി നടക്കുന്നവര്‍ മുസ്ലിം പെണ്‍കുട്ടികളുടെ സ്‌കോളര്‍ഷിപ്പിന്‍ മേല്‍ കാണിക്കുന്ന നിയന്ത്രണം മാറ്റണെമെന്നും രണ്ട് സ്‌കോളര്‍ഷിപ്പുകളും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ നടപടി എടുക്കണമെന്നും ആവശ്യമുയര്‍ന്നു.

---- facebook comment plugin here -----

Latest