അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ നടപടിയുമായി നഗരസഭ

Posted on: July 14, 2013 8:42 am | Last updated: July 14, 2013 at 8:42 am

കണ്ണൂര്‍: നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ നഗരസഭ നടപടിക്കൊരുങ്ങുന്നു.

കഴിഞ്ഞ ദിവസം ചെയര്‍പേഴ്‌സന്‍ റോഷ്‌നി ഖാലിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭാ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തു. കന്നുകാലികള്‍ നഗരത്തിലെ റോഡിലൂടെയും മറ്റും അലഞ്ഞ് തിരിയുന്നത് ദുരിതമായി മാറിയ സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശമുണ്ടായത്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ വ്യാപക പരാതികളുയര്‍ന്ന് വന്നിരുന്നു. എന്നാല്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. മഴ ശക്തമാവുക കൂടി ചെയ്തതോടെ കന്നുകാലി ശല്യം രൂക്ഷമായിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡിലും ഷെല്‍ട്ടറിലുമടക്കം കന്നുകാലികളുടെ പരാക്രമം യാത്രക്കാര്‍ക്ക് ഭീഷണിയായി തീര്‍ന്നിട്ടുണ്ട്. കാല്‍നടയാത്രക്കാരെ കുത്തിപ്പരുക്കേല്‍പ്പിച്ച പരാതിയും നിരവധിയുണ്ട്. ഈ സാഹചര്യത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ഉടമസ്ഥര്‍ക്ക് പിഴയീടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ ക്ഷീര കര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കും. പത്രമാധ്യമങ്ങള്‍ വഴി അറിയിപ്പും നല്‍കും. ഇതിനുശേഷവും റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ കണ്ടാല്‍ നഗരസഭയുടെ പൗണ്ടില്‍ പിടിച്ചുകെട്ടും. തുടര്‍ന്ന് പിഴയീടാക്കി കന്നുകാലികളെ ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കും.
നഗരസഭയുടെ കീഴില്‍ രണ്ട് പൗണ്ടുകളുണ്ടായിരുന്നുവെങ്കിലും ഇത് രണ്ടും നിലവില്ലാത്ത അവസ്ഥയിലാണ്. പൗണ്ട് കീപ്പര്‍ റിട്ടയര്‍ ചെയ്തതിനെ തുടര്‍ന്ന് നിലവില്‍ ആളില്ലാത്ത അവസ്ഥയാണ്. അലഞ്ഞുതിരിയുന്ന പശുക്കളെ കെട്ടിയിടണമെങ്കില്‍ പൗണ്ട് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്.