Connect with us

Wayanad

സ്വയംസന്നദ്ധ പുരധിവാസ പദ്ധതിയില്‍ രണ്ടാം ഘട്ട സഹായം ഇനിയും എത്തിയില്ല

Published

|

Last Updated

കല്‍പറ്റ: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് വന്യജീവി സങ്കേതത്തിലെ ജനവാസകേന്ദ്രങ്ങളിലുള്ള കുടുംബങ്ങളെ കാടിനു പുറത്തേക്ക് മാറ്റുന്നതിനായി ആവിഷ്‌കരിച്ച സ്വയംസന്നദ്ധ പുനഃരധിവാസ പദ്ധതിയില്‍ രണ്ടാം ഘട്ട സഹായം ഇനിയും എത്തിയില്ല.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്‍പതിനായിരുന്നു അദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി മൂന്ന് വനമധ്യ ഗ്രാമങ്ങളിലെ കര്‍ഷകരെ ഇവിടെ നിന്ന് മാറ്റിയത്. ഇതില്‍ തന്നെ കൊട്ടങ്കരയിലെ കൈവശക്കാരെ ഒഴിപ്പിച്ചത് നഷ്ടപരിഹാരം കൊടുക്കാതെയായിരുന്നു. വനാന്തര്‍ ഗ്രാമത്തില്‍ നിന്ന് പുറത്തേക്ക് പോയ കൊട്ടങ്കര നിവാസികള്‍, സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതിനാല്‍ വെട്ടിലാവുകയും ചെയ്തു.മറ്റ്‌രണ്ട് ഗ്രാമങ്ങളില്‍നിന്ന്ഒഴിഞ്ഞവരും ഒന്നും രണ്ടുംഏക്കര്‍ഭൂമി സ്വന്തമായുണ്ടായിരുന്നവരുമായവര്‍ക്ക് പോലും ഇതേ തോതില്‍ ഭൂമീ വാങ്ങാനിയില്ല. വനഭൂമി ഒഴിഞ്ഞുപോകുന്നവര്‍ക്കു നല്‍കുന്ന നഷ്ടപരിഹാരം വേറേ സ്ഥലം വാങ്ങി വീട് വയ്ക്കാനും കൃഷിയിറക്കാനും തികയില്ലെന്നതാണ് പദ്ധതിയിലെ പ്രധാന ന്യൂനത. പദ്ധതിയില്‍ ഉള്‍പ്പെട്ട ഓരോ യോഗ്യതാകുടുംബത്തിനും 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ഈ തുക വയനാട്ടിലെ ഇടത്തരം അങ്ങാടികള്‍ക്കടുത്ത് അര ഏക്കര്‍ സ്ഥലം വാങ്ങുന്നതിനു പോലും പര്യാപ്തമല്ല. ഈ സാഹചര്യത്തില്‍ സ്വയം സന്നദ്ധ പുനഃരധിവാസ പദ്ധതി പ്രായോഗികത ഉള്‍ക്കൊള്ളുന്നതാവണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
വയനാട് വന്യജീവി സങ്കേതത്തില്‍ 110 ജനവാസ കേന്ദ്രങ്ങളിലായി 2700 കുടുംബങ്ങളുണ്ട്. ഇതില്‍ 14 ജനവാസകേന്ദ്രങ്ങളിലുളള 800 കുടുംബങ്ങളുടെ പുനഃരധിവാസത്തിന് 80 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇതില്‍ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അഞ്ചര കോടി രൂപ അനുവദിച്ചത്. ഈ തുക വിനിയോഗിച്ച് പദ്ധതിയുടെ പ്രഥമഘട്ടത്തില്‍ ഗോളൂര്‍, അമ്മവയല്‍ ഗ്രാമങ്ങളാണ് വനം-വന്യജീവി വകുപ്പ് ഒഴിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് ഗ്രാമീണര്‍ വനഭൂമി ഒഴിഞ്ഞത്.
പിന്നീട് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു പൈസ പോലും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ലഭിച്ചിട്ടില്ല. കോമ്പന്‍സേറ്ററി അഫോറസ്റ്റേഷന്‍ പദ്ധതിയില്‍ കേന്ദ്രത്തില്‍ 1000 കോടി രൂപയുണ്ട്. ഈ ഫണ്ടില്‍ നിന്ന് വയനാട്ടിലെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിക്കായി ഫണ്ട് അനുവദിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കാര്യമായ സമ്മര്‍ദ്ദങ്ങളൊന്നും നടക്കുന്നില്ല.
വന്യജീവി ശല്യം മൂലം കൃഷി ചെയ്ത് ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് വനാന്തര്‍ ഗ്രമങ്ങളിലെ താമസക്കാരില്‍ മഹാഭൂരിപക്ഷവും. മക്കളുടെ വിദ്യാഭ്യാസം അടക്കം ഇവര്‍ക്ക് മുന്‍പില്‍ വലിയ ചോദ്യചിഹ്നമാണ്. പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങിയതിനാല്‍ പുനരധിവാസം ഉടന്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് ഗ്രാമവാസികള്‍ ജീവിതം തള്ളിനീക്കുകയാണ്. കുറിച്യാട് പോലുള്ള ഉള്‍വനങ്ങള്‍ക്ക് നടുവിലെ പ്രദേശത്തുള്ളവരുടെ ജീവിതാവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധം ദുസഹമാണ്.
2006ലാണ് സ്വയം സന്നദ്ധ പുനഃരധിവാസത്തിന് സംസ്ഥാന വനം-വന്യജീവി വകുപ്പ് പദ്ധതി തയാറാക്കിയത്. അക്കാലത്ത് വയനാട്ടില്‍ ഒരേക്കര്‍ ഭൂമിക്ക് മൂന്നു ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെയായിരുന്നു ശരാശരി വില. എന്നാല്‍ 2009നു ശേഷം വയനാട്ടില്‍ ഭൂമി വില കുതിച്ചുകയറി. വയനാട്ടിലെ ടുറിസം സാധ്യതകളും മറ്റും മുന്നില്‍ക്കണ്ടവര്‍ കുഗ്രാമങ്ങളില്‍ പോലും വന്‍വിലയ്ക്ക് ഭൂമി വാങ്ങാന്‍ തുടങ്ങിയതോടെയായിരുന്നു ഇത്. 2006ല്‍ മൂന്ന് ലക്ഷം രൂപ വില മതിച്ചിരുന്ന ഭൂമി ഇപ്പോള്‍ 30 ലക്ഷത്തിനും കിട്ടില്ലെന്നതാണ് അവസ്ഥ.
ജില്ലയില്‍ ഭൂവില ഗണ്യമായി വര്‍ധിച്ചതിനുശേഷമാണ് പുനഃരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട ഗോളൂര്‍, അമ്മവയല്‍ ഗ്രാമക്കാര്‍ക്ക് യോഗ്യതാകുടുംബങ്ങളുടെ എണ്ണം കണക്കാക്കി നഷ്ടപരിഹാരം ലഭിച്ചത്.
ഓരോ വീട്ടിലെയും 18 വയസ് കഴിഞ്ഞ പുരുഷന്മാര്‍, 18 വയസ് കഴിഞ്ഞ അവിവാഹിതകള്‍, ശരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവരെയാണ് യോഗ്യതാ കുടുംബങ്ങളായി കണക്കാക്കുന്നത്. മൂന്ന് യോഗ്യതാകടുംബങ്ങളടങ്ങുന്ന ഒരു കടുംബത്തിന് 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി കിട്ടുക.
ഈ തുക വനത്തിനു പുറത്ത് 10 സെന്റ് ഭൂമി വാങ്ങാനും ചെറിയ വീട് വയ്ക്കാനുമാണ് കഷ്ടിച്ചു തികയുക. കൃഷിയിറക്കാനുള്ള ഭൂമി വാങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജീവിക്കാന്‍ സാഹസപ്പെടുകയാണ് വനത്തിനു പുറത്തേക്ക് താമസം മാറ്റിയവര്‍. പുനഃരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് കാലാനുസൃതമായ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തയാറാവണമെന്ന ആവശ്യം ശക്തമാണ്. പുനഃരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ടെ എല്ലാ കുടുംബങ്ങള്‍ക്കും പകരം ഭൂമിയും അതില്‍ വീട് വയ്ക്കാനും കൃഷിയിറക്കാനും പണവും അനുവദിക്കുന്നതാണ് അഭികാമ്യം. വയനാട് വന്യജീവി സങ്കേതത്തില്‍ ദേശീയപാത 212നോട് ചേര്‍ന്നുകിടക്കുന്നതും തേക്കുതോട്ടമാക്കി മാറ്റിയതുമായ 850 ഏക്കറോളം വനഭൂമി പുനഃരധിവാസ പദ്ധതിയില്‍പ്പെട്ടവര്‍ക്ക് പകരം ഭൂമിയായി നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുമ്പോഴെങ്കിലും ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് കാട് ഒഴിഞ്ഞുപോവുന്ന കുടുംബങ്ങളുടെ പക്ഷം.

Latest