ചെക്ക്‌പോസ്റ്റ്: ചീഫ് സെക്രട്ടറി നാളെ വാളയാറില്‍

Posted on: July 14, 2013 8:35 am | Last updated: July 14, 2013 at 8:35 am

പാലക്കാട്: നിര്‍ദിഷ്ട സംയോജിത ചെക്ക്‌പോസ്റ്റ് സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നാളെ വാളയാറിലെത്തും.

മന്ത്രിതല യോഗത്തിന്റെ നിര്‍ദേശാനുസരണമാണ് ഈ സന്ദര്‍ശനം. ചീഫ് സെക്രട്ടറിക്കുപുറമെ നികുതി, മോട്ടോര്‍വാഹനം, എക്‌സൈസ്‌വകുപ്പ് തലവന്മാരും സംഘത്തിലുണ്ടാകും.
ചീഫ് സെക്രട്ടറി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സംയോജിത ചെക്ക്‌പോസ്റ്റ് സംബന്ധിച്ച തീരുമാനം.
നേരത്തെ മെയ് 31ന് സംയോജിത ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തനം തുടങ്ങാനായിരുന്നു തീരുമാനം. വാണിജ്യനികുതി വകുപ്പിന്റെ സമുച്ചയത്തിലേക്ക് മോട്ടോര്‍വാഹനവകുപ്പിന്റെയും എക്‌സൈസിന്റെയും കൗണ്ടറുകള്‍കൂടി കൊണ്ടുവന്ന് ഏകീകൃത ചെക്ക്‌പോസ്റ്റ് തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടത്.—എന്നാല്‍, മതിയായ സൗകര്യങ്ങളൊരുക്കാതെ തിരക്കിട്ട് സംയോജിത ചെക്‌പോസ്റ്റ് ആരംഭിക്കുന്നത് വിപരീത ഫലമാണ് ഉണ്ടാക്കുകയെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രണ്ടിടത്തായി രണ്ട് കൗണ്ടറുകള്‍ അനുവദിക്കുന്നതും വാഹനങ്ങള്‍ നേരിട്ട് കാണാതെ പരിശോധിക്കേണ്ടിവരുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും മോട്ടോര്‍വാഹനവകുപ്പ് പറഞ്ഞിരുന്നു.
തങ്ങളുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും രേഖാമൂലം സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു.—
ഇതേത്തുടര്‍ന്ന് ജില്ലാതലത്തിലും ഉദ്യോഗസ്ഥതലത്തിലും ചര്‍ച്ചകളുണ്ടായി. മോട്ടോര്‍വാഹനവകുപ്പ് കമ്മീഷണറും നികുതിവകുപ്പ് സെക്രട്ടറിയും വാളയാറിലെത്തി പരിശോധന നടത്തുകയും ചെയ്തു.
ഇതിനുശേഷമാണ് ഇക്കഴിഞ്ഞ മൂന്നിന് ധനമന്ത്രി കെ എം മാണിയുടെ അധ്യക്ഷതയില്‍ മന്ത്രിതല ചര്‍ച്ച നടന്നത്.—