എട്ടാം ക്ലാസുകാരന്റെ ഹ്രസ്വചിത്രം ‘ദി വൂണ്ട്’ പ്രദര്‍ശനത്തിന്‌

Posted on: July 13, 2013 1:40 am | Last updated: July 13, 2013 at 1:40 am

കോഴിക്കോട്: എട്ടാം ക്ലാസുകാരനായ ആദിത്യദേവിന്റെ ഹ്രസ്വചിത്രം ‘ദി വൂണ്ട്’ പ്രദര്‍ശനത്തിനൊരുങ്ങി. ആദ്യപ്രദര്‍ശനം ഇന്ന് വൈകീട്ട് നാലിന് ഹോട്ടല്‍ വെസ്റ്റ്‌വേയില്‍ നടക്കും.
മുന്‍ ജില്ലാ കലക്ടറും റൂറല്‍ ഡെവലപ്‌മെന്റ് കമ്മീഷണറുമായ കെ വി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സിറ്റി പോലീസ് കമീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. സില്‍വര്‍ഹില്‍സ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആദിത്യദേവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും സംവിധാനം നിര്‍വഹിച്ചതും.
പ്രശസ്ത ഛായാഗ്രാഹകന്‍ വേണുഗോപാലിന്റെയും പ്രീതിയുടെയും മകനായ ആദിത്യദേവ് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എഡിറ്റിംഗും ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗ്രാഫിക്‌സും പഠിച്ചു. ഏഴാം ക്ലാസില്‍ എത്തിയപ്പോള്‍ കൂട്ടൂകാരുമൊത്ത് ഹ്രസ്വചിത്രം നിര്‍മിച്ചു. ഈ അനുഭവ പാഠത്തില്‍ നിന്നാണ് ‘ദി വൂണ്ട്’ എന്ന ചിത്രത്തിന്റെ പിറവി. അനൂപ് നമ്പ്യാരും രത്തന്‍ജിത്തും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ വിജയന്‍ ഇല്ലത്ത്, സതീഷ്‌കൂമാര്‍, അനൂപ് നമ്പ്യാര്‍, വിനോദ്, മുരളി മഠത്തില്‍, അമ്പിളി തുടങ്ങിയ പുതുമുഖങ്ങളാണ് വിവിധ വേഷങ്ങളില്‍ എത്തുന്നത്.
ബിജിത്ത് ബാല എഡിറ്റിംഗും ശശികൃഷ്ണ പശ്ചാത്തല സംഗീതവും വിനോദ് കങ്ങഴ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.