Connect with us

Kasargod

ഫാറൂഖ് നഈമിയുടെ പ്രഭാഷണം ഇന്ന് തുടങ്ങും

Published

|

Last Updated

കാഞ്ഞങ്ങാട്: ഖുര്‍ആന്‍ വിളിക്കുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തിവരുന്ന റമസാന്‍ കാമ്പയിന്‍ ഭാഗമായി സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണങ്ങള്‍ക്ക് ഇന്ന് തുടക്കമാവും.
കാമ്പയിന്‍ ഭാഗമായി എസ് വൈ എസ് ജില്ലാ കമ്മിറ്റിക്കു കീഴില്‍ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടുമായി നടക്കുന്ന പ്രഭാഷണങ്ങള്‍ക്ക് ഇന്ന് കാഞ്ഞങ്ങാട്ട് തുടക്കമാവും. എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ പ്രഭാഷകനുമായ മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം നടത്തും.
നോര്‍ത്ത് കോട്ടച്ചേരിയിലെ റയ്യാന്‍ നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ശാഫി ഹാജി അറഫ പതാക ഉയര്‍ത്തിയതോടെ നഗരി സജീവമായി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ട്രഷറര്‍ സി അബ്ദുല്ല ഹാജി, സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ തങ്ങള്‍, മടിക്കൈ അബ്ദുല്ല ഹാജി, സി എ ഹമീദ് മൗലവി, ബശീര്‍ മങ്കയം, സിദ്ദീഖ് മൗലവി, മഹ്മൂദ് അംജദി, പാറപ്പള്ളി അബ്ദുല്‍ ഖാദിര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. മൂന്നു ദിവസങ്ങളിലായി കാഞ്ഞങ്ങാട്ട് നടക്കുന്ന പ്രഭാഷണവേദിയില്‍ പണ്ഡിതര്‍ക്കു പുറമെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
ഇന്നു രാവിലെ ഒമ്പതു മണിക്ക് ജില്ലാ എസ് വൈ എസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ പരിപാടി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ദഅ്‌വാ സെല്‍ പുറത്തിറക്കുന്ന റമസാന്‍ സന്ദേശ സി ഡി, കെ കുഞ്ഞിരാമന്‍ എം എല്‍ എ പ്രകാശനം ചെയ്യും. സയ്യിദ് കെ പി എസ് ജമലുല്ലൈലി പ്രാര്‍ഥന നടത്തും. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, പി പി കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, എ ഹമീദ് ഹാജി, എം ഹസൈനാര്‍, ഇ കെ കെ പടന്നക്കാട് തുടങ്ങിയവര്‍ സംബന്ധിക്കും.

Latest