ഈജിപ്തിന് ആയുധങ്ങളുമായി യു എസ്

Posted on: July 12, 2013 12:25 am | Last updated: July 12, 2013 at 12:25 am

വാഷിംഗ്ടണ്‍: ആഭ്യന്തര പ്രക്ഷോഭം ശക്തമായ ഈജിപ്തില്‍ ആയുധങ്ങള്‍ വില്‍ക്കാന്‍ യു എസ്. രാഷ്ട്രീയമായി അസ്ഥിരാവസ്ഥയിലുള്ള ഈജിപ്തിന് എഫ്- 16 വിഭാഗത്തില്‍പ്പെട്ട നാല് യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന് യു എസ് അറിയിച്ചു. പ്രക്ഷോഭത്തിനൊടുവില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മുഹമ്മദ് മുര്‍സിയെ സൈന്യം അട്ടിമറിച്ചുവെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയ സാഹചര്യത്തിലാണ് യു എസിന്റെ ആയുധ വില്‍പ്പന. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നും നേരത്തെയുണ്ടായിരുന്ന കരാര്‍ പ്രകാരം മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും യു എസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. 2010ല്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് യുദ്ധ വിമാനങ്ങള്‍ ഈജിപ്തിന് നല്‍കുന്നതെന്നാണ് അമേരിക്കയുടെ വാദം.

ഇരുപത് എഫ്- 16 യുദ്ധ വിമാനങ്ങളും എം1എ1 ടാങ്കറുകളുടെ ഉപകരണങ്ങളും ഈജിപ്തിന് നല്‍കുന്നതാണ് കരാര്‍. 130 കോടി യു എസ് ഡോളറിനാണ് കരാര്‍ ഉറപ്പിച്ചത്. എട്ട് എഫ്- 16 യുദ്ധ വിമാനങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ നല്‍കിയിരുന്നു. നാലെണ്ണം വരുന്ന ആഴ്ചകള്‍ക്കുള്ളില്‍ ഈജിപ്തിന് കൈമാറാനാണ് നീക്കം. ശേഷിക്കുന്ന എട്ടെണ്ണം ഈ വര്‍ഷം അവസാനത്തോടെ കൈമാറും.
എന്നാല്‍, ഈജിപ്ത് വിഷയത്തില്‍ ഇടപെടാന്‍ യു എസിന് ആഗ്രഹമില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ആവര്‍ത്തിച്ചു. സായുധ സൈന്യം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെ കാര്‍ണെ വ്യക്തമാക്കി.