Connect with us

International

പ്രക്ഷോഭം ശക്തമാക്കി ബ്രദര്‍ഹുഡ്; മന്ത്രിസഭ രൂപവത്കരണം പ്രതിസന്ധിയില്‍

Published

|

Last Updated

കൈറോ: പ്രക്ഷോഭം ശക്തമാക്കുമെന്ന നിലപാട് മുസ്‌ലിം ബ്രദര്‍ഹുഡ് വ്യക്തമാക്കിയതോടെ ഈജിപ്തില്‍ താത്കാലിക മന്ത്രിസഭ രൂപവത്കരിക്കാനുള്ള ശ്രമങ്ങള്‍ പ്രതിസന്ധിയില്‍. മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പിന്തുണച്ച് പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ ബ്രദര്‍ഹുഡ് നേതാവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

ഇടക്കാല മന്ത്രിസഭ ഞായറാഴ്ച രൂപവത്കരിക്കുമെന്ന് ഇടക്കാല പ്രധാനമന്ത്രി ഹസീം അല്‍ ബബ്‌ലാവി അറിയിച്ചു. മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളും മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന സൂചനയാണ് ബബ്‌ലാവി നല്‍കിയത്. എന്നാല്‍, മന്ത്രിസഭയില്‍ ചേരാനുള്ള ബബ്‌ലാവിയുടെ ക്ഷണം നിരസിച്ച ബ്രദര്‍ഹുഡ് “സൈനിക അട്ടിമറി”ക്കെതിരെ ഇന്ന് വന്‍ റാലി സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സൈനിക ഭരണം മാറുന്നതിനായി എത്രയും പെട്ടെന്ന് മന്ത്രിസഭ രൂപവത്കരിക്കുന്നതിന് സമ്മര്‍ദം ശക്തമായിട്ടുണ്ട്.അതേസമയം, മുര്‍സി വിരുദ്ധ പ്രക്ഷോഭകര്‍ക്ക് അമേരിക്ക സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന വാര്‍ത്ത അല്‍ ജസീറ പുറത്തുവിട്ടു.
അതിനിടെ, ബ്രദര്‍ഹുഡ് നേതാവ് ബദിഇക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കൈറോയില്‍ സംഘിടിപ്പിച്ച പ്രക്ഷോഭത്തിനിടെ ആക്രമണം അഴിച്ചുവിടാന്‍ പ്രേരിപ്പിച്ച കുറ്റത്തിനാണ് ബദിഇക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബദിഇ ഉള്‍പ്പെടെയുള്ള ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് തിങ്കളാഴ്ച സൈന്യത്തിന് നേരെ നടത്തിയ അക്രമങ്ങളില്‍ പങ്കുണ്ടെന്നാണ് ആരോപണം. അമ്പത്തിമൂന്ന് പേരാണ് അന്ന് സംഘര്‍ഷത്തില്‍ മരിച്ചത്.
അതിനിടെ. മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി സുരക്ഷിതമായ താവളത്തിലാണെന്ന് വിദേശകാര്യ വക്താവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുര്‍സിക്കെതിരെ ഇതുവരെ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. മുര്‍സിക്കെതിരെയും കുറ്റങ്ങള്‍ ചുമത്തിയേക്കാമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, രാഷ്ട്രീയ അസ്ഥിരതിയിലായ ഈജിപ്തില്‍ ഭക്ഷ്യ സംഭരണം ക്ഷയിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് മാസം കൂടി വിതരണം ചെയ്യാനുള്ള ഗോതമ്പ് മാത്രമേ രാജ്യത്ത് ശേഷിക്കുന്നുള്ളൂവെന്ന് മുഹമ്മദ് മുര്‍സിയുടെ സര്‍ക്കാറിലെ മന്ത്രി അറിയിച്ചു.