വി.എസിനും പിണറായിക്കുമെതിരെ വിജിലന്‍സ് അന്വേഷണം

Posted on: July 11, 2013 12:05 pm | Last updated: July 11, 2013 at 9:31 pm

VS PINARAYIതിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ഹൈക്കോടതിയില്‍ നിലനിന്ന കേസുകളില്‍ പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവന്ന് വാദിച്ചതില്‍ സര്‍ക്കാരിന് മൂന്നു കോടിയിലധികം രൂപ നഷ്ടമുണ്ടായെന്ന പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വി.എസിനെയും പിണറായിയെയും കൂടാതെ മുന്‍മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം.വിജയകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒക്‌ടോബര്‍ 22 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായ രാജു പുഴങ്കരയുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
2006-2011 കാലയളവില്‍ ഐസ്‌ക്രീം, ലോട്ടറി, ലാവ്‌ലിന്‍ കേസുകളില്‍ സുപ്രീംകോടതിയില്‍ നിന്നുള്ള അഭിഭാഷകരെ ഉള്‍പ്പെടെ കൊണ്ടുവന്നതിനെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.