തീവണ്ടി വരുന്നതിനിടെ പാളത്തില്‍ ബൈക്ക് കുടുങ്ങി; യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു

Posted on: July 11, 2013 1:09 am | Last updated: July 11, 2013 at 1:09 am

വണ്ടൂര്‍: തീവണ്ടി വരുന്ന നേരം ബൈക്കുമായി റെയില്‍വേ പാളം മുറിച്ച് കടക്കാന്‍ ശ്രമിച്ച യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടിന് വാണിയമ്പലം കാരാടാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ തീവണ്ടിയുടെ മുന്‍ഭാഗത്തെ സുരക്ഷാ കവചത്തിന്റെ മധ്യഭാഗം ഭാഗീഗമായും തീവണ്ടിക്കടിയില്‍പ്പെട്ട ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

വേഗത കുറഞ്ഞതും തീവണ്ടി നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതിനാലും വന്‍ദുരന്തമാണ് ഒഴിവായത്. നിലമ്പൂരില്‍ നിന്നും ഷൊര്‍ണൂരിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ബൈക്ക് യാത്രികനായ കാരാട് സ്വദേശി പൊന്നേന്‍ വീട്ടില്‍ ഭയദേവ് (18)നെ വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
കാരാട് സ്‌കൂള്‍പ്പടി ഭാഗത്ത് നിന്നും വെള്ളാമ്പുറം ഭാഗത്തേക്ക് ബൈക്കില്‍ പോകുകയായിരുന്നു ഭയദേവ്. പാളംമുറിച്ച് കടക്കാന്‍ റോഡില്ലാത്ത ഇവിടെ ബൈക്ക് പാളത്തിലൂടെ കടത്തുന്നതിനിടെ മധ്യഭാഗത്തെത്തിയപ്പോഴാണ് നിലമ്പൂര്‍ ഭാഗത്ത് നിന്നും തീവണ്ടി വരുന്നത് കണ്ടത്. പ്രദേശത്ത് കൊടും വളവ് ആയതിനാല്‍ തീവണ്ടി അടുത്തെത്തിയപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. യുവാവിനെ കണ്ട എന്‍ജിന്‍ ഡ്രൈവര്‍ ഉടനെ ഹോണ്‍ മുഴക്കുകയും ബ്രേക്കിടുകയും ചെയ്തു. എന്നിട്ടും ബൈക്കുമായി പാളം മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നത് കണ്ടതോടെ നാട്ടുകാര്‍ ശബ്ദമുണ്ടാക്കി. തുടര്‍ന്ന് യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടാന്‍ ശ്രമിച്ചു. ഇതിനിടെ പാളത്തില്‍ വീണതോടെ നാട്ടുകാരും നിലവിളിച്ചു. തീവണ്ടിയെത്തും മുമ്പ് തലനാരിഴക്കാണ് യുവാവ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഉടനെ യുവാവ് പ്രദേശത്ത് നിന്നും ഓടിയകന്നു.
തീവണ്ടി 50 മീറ്ററോളം ബൈക്കിനെ നിരക്കി നീക്കിയ ശേഷമാണ് നിന്നത്. നിലമ്പൂരില്‍ നിന്നും രണ്ടര കിലോമീറ്റര്‍ ദുരത്തുള്ള പ്രദേശമായതിനാല്‍ സമാന്യം വേഗതയിലാണ് തീവണ്ടി ഈ ഭാഗങ്ങളിലൂടെ കടന്നുപോകാറെന്നും ഇന്നലെ വേഗത കുറവായിരുന്നുവെന്നും എന്‍ജിന്‍ ഡ്രൈവര്‍ പറഞ്ഞു. പെട്ടെന്ന് ബ്രേക്കിട്ടതോടെ തീവണ്ടി ആടിയുലയുന്നത് കണ്ട യാത്രികരും പരിഭ്രാന്തരായി.
നാട്ടുകാരും, വണ്ടൂര്‍, നിലമ്പൂര്‍ പോലീസ് സേറ്റഷനുകളിലെ പോലീസുകാരും ചേര്‍ന്ന് ബൈക്കെടുത്തുമാറ്റിയ ശേഷം ഒരു മണിക്കൂറോളം വൈകിയാണ് യാത്ര പുനരാരംഭിച്ചത്. സംഭവത്തില്‍ വണ്ടൂര്‍ സി ഐ മൂസ വള്ളിക്കാടന്‍ കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.