Connect with us

Malappuram

ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് അക്രമം

Published

|

Last Updated

മലപ്പുറം: ഇടത് എം എല്‍ എമാര്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിച്ചതില്‍ പ്രതിഷേധിച്ചും മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാനത്ത് വ്യാപകമായി എല്‍ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. കെ എസ് ആര്‍ ടി സി ബസുകളും സ്വകാര്യ ബസുകളും പൂര്‍ണമായും പണിമുടക്കി. ഹര്‍ത്താല്‍ അനുകൂലികള്‍ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ പ്രകടനം നടത്തി.

ജില്ലയുടെ ചില ഭാഗങ്ങളില്‍ ചെറിയ തോതില്‍ അക്രമ സംഭവങ്ങളുണ്ടായി. ജില്ലയിലെ മിക്ക ടൗണുകളിലും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. കമ്പോളങ്ങളെല്ലാം അടഞ്ഞ് കിന്നിരുന്നെങ്കിലും അവശ്യ സാധനങ്ങളുടെ കടകള്‍ മിക്ക സ്ഥലങ്ങളിലും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു.
നിലമ്പൂര്‍: ഇടതുപക്ഷ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. ടാക്‌സി വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണ അവധിയിലായിരുന്നു. സ്വകാര്യ ബസുകളും കെ എസ് ആര്‍ ടി സി യും സര്‍വീസ് നടത്തിയില്ല. അന്തര്‍ സംസ്ഥാന ബസുടമകളും സര്‍വീസ് മുടക്കി. രാവിലെ ഏഴ് മുതല്‍ സമരാനുകൂലികള്‍ സി എന്‍ ജി റോഡ് ഉപരോധിച്ചു. പല ഭാഗങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞെങ്കിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചില്ല. ചുങ്കത്തറയില്‍ സമരാനുകൂലികള്‍ മര്‍ദിച്ചുവെന്നാരോപിച്ച് സ്‌കൂള്‍ ജീവനക്കാരന നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ സന്തോഷ് വര്‍ഗീസിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചുങ്കത്തറ ടൗണില്‍ ഹൈവേ പോലീസിന്റെ വാഹനം തടഞ്ഞതും വാക്കു തര്‍ക്കത്തിനിടയാക്കി. എടക്കര ഭാഗത്ത് നിന്ന് വന്ന വാഹനം രാവിലെ 10.45 ഓടെയാണ് ടൗണില്‍ തടഞ്ഞിട്ടത്. ഈ സമയം ഏഴ് പോലീസുകാര്‍ മാത്രമാണ് ടൗണിലുണ്ടായിരുന്നത്. 10 മിനിട്ടിന് ശേഷം നേതാക്കള്‍ എത്തിയാണ് വാഹനം കടത്തി വിട്ടത്. നിലമ്പൂര്‍ ടൗണില്‍ രാവിലെ ആറ് മുതല്‍ തന്നെ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞ് കടകളടപ്പിച്ചു. എടവണ്ണയില്‍ കെ എസ് ഇ ബി ഓഫീസിലെത്തി ഫര്‍ണിച്ചറുകളും ഫയലുകളും സമരാനുകൂലികള്‍ വലിച്ചിട്ടു. മമ്പാട്, കരുളായി, എടക്കര, വഴിക്കടവ്, പൂക്കോട്ടുംപാടം, പോത്തുകല്ല് ടൗണുകളിലും സമരാനുകൂലികള്‍ കടകള്‍ അടപ്പിച്ചു. വാഹനങ്ങല്‍ തടഞ്ഞു നാടുകാണി ചുരം വഴി വന്ന ചരക്ക് ലോറികള്‍ രാവിലെ ഏഴരയോടെ വഴിക്കടവ് ടൗണില്‍ തടഞ്ഞു. ഹര്‍ത്താലിനെ തുടര്‍ന്ന് ചുരത്തിലൂടെയുള്ള ചരക്ക് ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചു.
മേലാറ്റൂര്‍: മേലാറ്റൂരിലും എടപ്പറ്റയിലും കടകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനായി ഹര്‍ത്താല്‍ അനുകൂലികള്‍ മേലാറ്റൂര്‍, പെരിന്തല്‍മണ്ണ, കോഴിക്കോട് റോഡുകളില്‍ കല്ലുകളും മറ്റും നിരത്തി.
മേലാറ്റൂരിലും പരിസരങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രകടനത്തിന് എടപ്പറ്റ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ എം ഷാനവാസ്, ക സുരേഷ് കുമാര്‍, പി കെ അബൂബക്കര്‍ സിദ്ദീഖ്, പി മുഹമ്മദ്, ഷഫീഖ് നേതൃത്വം നല്‍കി.
തിരൂരങ്ങാടി: എല്‍ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചെറുകിട വാഹനങ്ങള്‍ ഒഴിച്ച് ഒന്നും സര്‍വീസ് നടത്തിയില്ല. പ്രധാന ടൗണുകളിലെ കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ടൗണുകള്‍ കേന്ദ്രീകരിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി.
പുകയൂര്‍ വലിയപറമ്പില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞത് സംഘര്‍ഷം സൃഷ്ടിച്ചു. നാല് പേരെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരൂര്‍: തിരൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടയിലേക്ക് യുവാവ് കയറിയത് സംഘര്‍ഷത്തിനിടയാക്കി. നേരിയ തോതില്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞത് വാക്കേറ്റത്തില്‍ കലാശിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനങ്ങള്‍ ഭൂരിഭാഗവും നിരത്തിലിറങ്ങിയില്ല.
രാവിലെ സിറ്റി ജംഗ്ഷനിലാണ് പ്രകടനത്തിനിടെ അനിഷ്ട സംഭവങ്ങളുണ്ടായത്. ഹര്‍ത്താലിന് പിന്തുണയര്‍പ്പിച്ച് ഇടതുപക്ഷ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിലേക്ക് യുവാവ് കയറുകയായിരുന്നു. എതിര്‍ ചേരിയിലെ പ്രവര്‍ത്തകനാണെന്ന പ്രചരണം വ്യാപിച്ചതോടെ പ്രവര്‍ത്തകര്‍ ഇയാളെ കൈകാര്യം ചെയ്തു. പ്രശ്‌നം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

 

Latest