നായ്ക്കട്ടി പാലം പുതുക്കി നിര്‍മിക്കാന്‍ നടപടിയില്ല

Posted on: July 11, 2013 1:04 am | Last updated: July 11, 2013 at 1:04 am

മാനന്തവാടി: തോല്‍പ്പെട്ടി-മാനന്തവാടി റൂട്ടില്‍ അപകടാവസ്ഥയിലുള്ള നായ്ക്കട്ടി പാലം പുതുക്കി നിര്‍മിക്കാന്‍ നടപടിയില്ല.

നാല് വര്‍ഷത്തോളമായി കേരള-കര്‍ണാടക അന്തര്‍ സംസ്ഥാന റൂട്ടിലെ വാഹനങ്ങളെല്ലാം കടന്നുപോവുന്ന പാലമെന്ന പരിഗണന പോലും അധികൃതര്‍ നല്‍കുന്നില്ല.
പതിറ്റാണ്ടുകള്‍ മുന്‍പ് നിര്‍മിച്ചതാണീ പാലം. സൈഡെല്ലാം കരിങ്കല്‍കെട്ടാണ്. പാലത്തിനായി ഉപയോഗിച്ചിട്ടുള്ള കമ്പികള്‍ ദ്രവിച്ചിട്ടുണ്ട്. മുന്‍പ് അതിശക്തമായ കാലവര്‍ഷത്തില്‍ വെള്ളത്തിന്റെ തള്ളുണ്ടായപ്പോള്‍ പാലം ചെരിഞ്ഞിരുന്നു.
ഇതിന് പരിഹാരമായി ഇതുമ്പുപാത്തികള്‍ കൊണ്ട് സൈഡില്‍ തൂണ്‍ കൊടുത്ത് ഉറപ്പിച്ചിരിക്കുകയാണ്. പുഴയില്‍ ഒഴുകിവന്ന മുളങ്കുട്ടങ്ങള്‍ പാലത്തിന് അടിയില്‍ ഒരുഭാഗത്ത് തങ്ങിക്കിടക്കുന്നു. പാലത്തിനോട് ചേര്‍ന്ന് നിന്നിരുന്ന മുളങ്കൂട്ടം ഉണങ്ങി ഒടിഞ്ഞുവീണിട്ടുള്ളത് പാലത്തിലേക്കാണ്. വഴി പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ വന്നാല്‍ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണിവിടെ. എന്നിട്ടും പൊതുമരാമത്ത് വകുപ്പ് അപായ സൂചന നല്‍കുന്ന ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല. പ്രദേശവാസികളും പഞ്ചായത്തും ഈ പാലം പുതുക്കി നിര്‍മിക്കണമെന്ന് പലവട്ടം സര്‍ക്കാറിനോട് ആവശ്യപ്പെട്ടതാണ്. എന്നിട്ടും പക്ഷെ നടപടിയില്ല.ദേശീയ പാത 212ല്‍ മുത്തങ്ങ-ഗുണ്ടല്‍പേട്ട റൂട്ടില്‍ രാത്രി യാത്രാ നിരോധനം നിലവില്‍ വന്ന 2009 സെപ്തംബര്‍ രണ്ടു മുതല്‍ ബസ് അടക്കമുള്ള വാഹനങ്ങളെല്ലാം തോല്‍പ്പെട്ടി വഴിയാണ് രാത്രി കടന്നുപോവുന്നത്. നേരത്തെ ഇതുവഴിയുണ്ടായിരുന്ന വാഹനങ്ങളുടെ പത്തിരട്ടിയോളം വര്‍ധനവുണ്ടായിട്ടും പാലത്തിന്റെ അപകടാവസ്ഥ അധികൃതര്‍ പരിഗണിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.