തൃത്താലയില്‍ ‘സ്‌മൈല്‍’ പദ്ധതി ആരംഭിക്കുന്നു

Posted on: July 11, 2013 12:59 am | Last updated: July 11, 2013 at 12:59 am

തൃത്താല: സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തൃത്താല നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്ന ‘സ്‌മൈല്‍’ പദ്ധതി ആരംഭിക്കുന്നു.
പദ്ധതിയുടെ നടത്തിപ്പിനായി തൃത്താല റസ്റ്റ്ഹൗസില്‍ നടന്ന കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ഇതിനുവേണ്ട നടപടികള്‍ ബി എസ് എന്‍ എല്ലുമായി ആലോചിച്ച് നടപ്പാക്കുമെന്ന് വി ടി ബല്‍റാം എം എല്‍ എ യോഗത്തെ അറിയിച്ചു. ഫോണ്‍ കണക്ഷനില്ലാത്ത വിദ്യാലയങ്ങള്‍ ഉടന്‍ തന്നെ കണക്ഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സ്‌മൈല്‍ തൃത്താലയുടെ ഔപചാരികമായ ഉദ്ഘാടനം ഈ മാസം തന്നെ നടത്തും. ഓരോ വിദ്യാലയങ്ങളും തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ സ്വീകരിക്കുന്നതിനും സ്‌കൂള്‍ തല പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനുമായി ജൂണ്‍ മാസം മുതല്‍ എം എല്‍ എയും വിദ്യാഭ്യാസ പ്രവര്‍ത്തകരും എല്ലാ വിദ്യാലയങ്ങളും സന്ദര്‍ശിക്കും.
ഇതിന് മുന്നോടിയായി എല്ലാ വിദ്യാലയങ്ങളിലും പൂര്‍വ വിദ്യാര്‍ഥികളുടെ വിപുലമായ യോഗം ചേര്‍ന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്യണം. യോഗത്തില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ സി ബാബു, ഐ ടി@സ്‌കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് പ്രിയ, ഡയറ്റ് ഫാക്കല്‍റ്റി കെ രാമചന്ദ്രന്‍, ബി പി ഒ എം ആര്‍ സുകുമാരന്‍, എ സെയ്ത് മൊയ്തീന്‍ ഷാ, ദാസ് പടിക്കല്‍, കെ സി അലി ഇക്ബാല്‍, യു വിജയകൃഷ്ണന്‍, പി പി ഷാജു, പി കെ ഹരി നാരായണന്‍, എം എന്‍ നൗഷാദ്, എം വി ജയശ്രീ, ഒ എന്‍ സിന്ധു സംബന്ധിച്ചു.